ആലപ്പുഴ: ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. 18 പവന്റെ സ്വർണ ആഭരണങ്ങളും 16,000 രൂപയും കവർന്നു. ആലപ്പുഴ ബീച്ച് റോഡിൽ ശിശുവികാസ് ഭവന് എതിർവശത്തെ പരേതനായ അനന്തരാജന്റെ ക്ലബ് ഹൗസ് എന്ന വസതിയിലാണ് മോഷണം നടന്നത്. വീട്ടുകാർ രണ്ടുദിവസമായി എറണാകുളത്തായിരുന്നു. ശനിയാഴ്ച രാവിലെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവശത്തെ വാതിൽ പൊളിച്ച് അകത്തുകടന്നാണ് മോഷണം നടത്തിയത്. ഭാര്യയും മകളും കുടുംബവുമാണ് ഇവിടെ ഉണ്ടായിരുന്നത്. കുവൈത്തിലായിരുന്ന മകൾ സീത 10 ദിവസം മുമ്പാണ് വീട്ടിലെത്തിയത്. ഭാര്യ തനിച്ചാണ് സാധാരണ ഇവിടെ ഉണ്ടാകാറുള്ളത്.
കുവൈത്തിൽനിന്ന് മകൾ എത്തിയതോടെ പഠനാവശ്യത്തിനായി മലപ്പുറത്തും സംസ്ഥാനത്തിന് പുറത്തും പോയിരുന്ന രണ്ട് മക്കളും വീട്ടിലെത്തിയിരുന്നു. വ്യാഴാഴ്ചയാണ് എല്ലാവരും എറണാകുളത്തേക്ക് പോയത്. മൂന്ന് അലമാര കുത്തിപ്പൊളിച്ചാണ് സ്വർണവും പണവും കവർന്നത്. ഗോദ്റേജ് അലമാരയുടെ പ്രധാന ഡോറും ലോക്കറുകളും ഉള്ളിലെ സേഫായ ലോക്കറും തുറന്ന നിലയിലാണ്. ആമസോൺ അലക്സ അടക്കം ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചിട്ടുണ്ട്. സമീപത്തൊന്നും ആലപ്പുഴയിൽ ഉണ്ടാകാത്തത്ര വലിയ മോഷണമാണ് നടന്നത്.
ആലപ്പുഴ സൗത്ത് പൊലീസ് എത്തി തെളിവെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തിയിരുന്നു. വീട്ടിൽ സി.സി ടി.വി കാമറ ഉണ്ടായിരുന്നില്ല. സമീപത്തെ ഹോം സ്റ്റേയിലെ സി.സി ടി.വി പരിശോധിച്ചപ്പോൾ വെള്ളിയാഴ്ച രാത്രി 10.30ഓടെ മുഖംമറച്ച മൂന്നുപേർ നടന്നുപോകുന്നത് കണ്ടെത്തി. സീതയുടെ മകളുടേതിന് സമാനമായ ബാഗ് ഇവരിൽ ഒരാളുടെ പക്കലുള്ളതായും കണ്ടെത്തി. എന്തെല്ലാം മോഷണം പോയെന്ന് ഇതുവരെ പൂർണമായും തിട്ടപ്പെടുത്തിയിട്ടില്ല. മകളുടെ ബാഗ്, അതിലുണ്ടായിരുന്ന വാലറ്റിലെ 10,000 രൂപ, 25 കെ.ഡി കുവൈത്തി ദിനാർ എന്നിവയും മോഷ്ടാക്കൾ കൊണ്ടുപോയി. 10 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. തട്ടിൻപുറത്ത് വെച്ചിരുന്ന ബാഗുകളും സ്യൂട്കേസുകളും വലിച്ച് കീറിയും വെട്ടിപ്പൊളിച്ചും ഇട്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.