അമ്പലപ്പുഴ: ഉള്‍നാടൻ പ്രദേശവാസികള്‍ക്ക് ആശ്വാസമായി ആരംഭിച്ച ബസ് സർവിസ് നാട്ടുകാര്‍ക്ക് ആവേശമായി. ദേശീയപാതക്ക് സമാന്തരമായ ആലപ്പുഴ-അമ്പലപ്പുഴ പഴയനടക്കാവ് റോഡിലൂടെയാണ് പുതിയ സർവിസ് കെ.എസ്.ആർ.ടി.സി ആരംഭിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ആരംഭിച്ച് കൊപ്പാറക്കടവ് വഴി ആലപ്പുഴയിലേക്കുള്ള സര്‍വിസിനാണ് തുടക്കംകുറിച്ചത്. കാര്‍ഷിക മേഖലയില്‍ കഴിയുന്നവര്‍ക്ക് ആലപ്പുഴയില്‍ എത്താനുള്ള എളുപ്പമാര്‍ഗം കൂടിയാണിത്. ദിവസവും ഒരു സര്‍വിസാണ് തുടക്കമായത്. പ്രധാന ജങ്ഷനുകളില്‍ മധുരം വിതരണം ചെയ്തും ഹാരങ്ങള്‍ അര്‍പ്പിച്ചും പടക്കം പൊട്ടിച്ചും നാട്ടുകാര്‍ ബസ് സര്‍വിസിനെ വരവേറ്റു. മുൻ മന്ത്രി ജി. സുധാകരനാണ് പഴയനടക്കാവ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറക്കുന്നത്. പലരും ഇതുവഴി ബസ് ഓടിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും പ്രാവർത്തികമാക്കാനായത് ഇടത് സർക്കാറിന്റെ കാലത്താണ്. കളർകോടു മുതൽ അമ്പലപ്പുഴ വടക്കേനട വരെ ദേശീയപാതക്ക് സമാന്തരമായി കടന്നുപോകുന്നതാണ് പഴയ നടക്കാവ് റോഡ്.
ദേശീയപാതയിലെ തിരക്ക് കുറക്കാനും സുഗമമായ സഞ്ചാരം ഉറപ്പുവരുത്താനുമാണ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആലപ്പുഴയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് അമ്പലപ്പുഴ-തിരുവല്ല റോഡിൽ കയറാതെ എടത്വയിൽ എത്താനുള്ള മാർഗം കൂടിയാണിത്. വളഞ്ഞവഴി എസ്.എൻ കവലക്ക് കിഴക്ക് കൊപ്പാറക്കടവിൽനിന്നും ചമ്പക്കുളം റോഡിലൂടെ വാഹനങ്ങൾക്ക് എടത്വയിൽ പ്രവേശിക്കാനാകും. മെഡിക്കൽ കോളജ് ആശുപത്രി- ആലപ്പുഴ ബസ് സർവിസിന് പുറമെ ആലപ്പുഴയിൽനിന്ന് രാവിലെയും സർവിസ് ആരംഭിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. പുതിയ ബസ് സർവിസ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി അങ്കണത്തിൽ എച്ച്. സലാം എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.കെ. ജയമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ഹാരിസ്, പി.ജി. സൈറസ്, സജിത സതീശൻ, എ.എസ്. സുദർശനൻ, ജില്ല പഞ്ചായത്തംഗം പി. അഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ പി.എം. ദീപ, എ.പി. സരിത, കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർമാരായ ആർ. രഞ്ജിത്, സി.വി. ജോബ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ. ഓമനക്കുട്ടൻ, നസീർ സലാം, ജമാൽ പള്ളാത്തുരുത്തി, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.