ആലപ്പുഴ: സംസ്ഥാനപാതയിൽ പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിക്കാൻ ഇടയായ സംഭവത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് അതോറിറ്റി നിയോഗിച്ച അന്വേഷണ കമീഷെൻറ കണ്ടെത്തൽ. തകരാർ പരിഹരിച്ച് കുഴിയടക്കുന്നത് ആലപ്പുഴ പി.എച്ച് ഡിവിഷനിലെ ഉദ്യോഗസ്ഥർ വൈകിച്ചെന്നാണ് ആലുവ എക്സി. എൻജിനീയർ പി.എസ്. പ്രദീപിെൻറ നേതൃത്വത്തിലെ അന്വേഷണ സംഘം കണ്ടെത്തിയത്. യഥാസമയം കുഴിയടച്ച് സുരക്ഷിതമാക്കുന്നതിൽ ഉത്തരവാദിത്തക്കുറവും കടുത്ത അലംഭാവവും ഉണ്ടായെന്നും റിപ്പോർട്ടിൽ പരാമർശമുള്ളതായാണ് സൂചന.
തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാറാണ് കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. പൈപ്പ് തകരാർ പരിഹരിക്കാൻ അമ്പലപ്പുഴ-തിരുവല്ല റോഡ് കുഴിക്കുന്നത് സംബന്ധിച്ച് കേരള റോഡ് ഫണ്ട് ബോർഡിന് കത്ത് നൽകുന്നതിലും ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയെന്ന് റിപ്പോർട്ട് പറയുന്നു. അടിയന്തരമായി ചോർച്ച അടക്കാൻ എക്സി. എൻജിനീയർ, അസി. എക്സി. എൻജിനീയർക്ക് മൂന്ന് തവണ കത്ത് നൽകുകയും രണ്ടുതവണ യോഗത്തിൽ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിെൻറ രേഖകൾ അന്വേഷണ കമീഷൻ കണ്ടെത്തി.
2020 ഒക്ടോബർ 30നാണ് അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം ചോർച്ചയുണ്ടായത്. 2021 ഒക്ടോബർ 27നാണ് അജയകുമാർ അപകടത്തിൽപെട്ടത്. ഈ മാസം നാലിന് മരിച്ചു. ഈ ദിവസം ഉച്ചയോടെയാണ് ചോർച്ച പരിഹരിച്ചത്. കോൺക്രീറ്റ് ചെയ്ത് കുഴിയടച്ചതാകട്ടെ പിറ്റേന്നും.
സംഭവം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്. സലാം എം.എൽ.എ മന്ത്രിക്ക് ഉൾെപ്പടെ കത്ത് നൽകുകയും വിഷയം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തു. തുടർന്നാണ് വാട്ടർ അതോറിറ്റി അന്വേഷണത്തിന് ഉത്തരവിട്ടത്. എം.എൽ.എയുടെ കത്ത് പരിഗണിച്ച് വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രഖ്യാപിച്ച അന്വേഷണവും നടക്കുന്നുണ്ട്. എക്സി. എൻജിനീയറുടെ പ്രാഥമിക റിപ്പോർട്ടിൽ ചീഫ് എൻജിനീയർ ഉത്തരവിട്ട അന്വേഷണമാണ് പൂർത്തിയായത്. വിജിലൻസ് അന്വേഷണ റിപ്പോർട്ടും ഉടൻ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.