ചാരുംമൂട്: പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽ മലയിടിച്ച് മണ്ണെടുക്കുന്നതിനെതിരെ ജനപ്രതിധികൾ ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പ്രതികൂല വിധിയുണ്ടായാൽ സുപ്രീംകോടതിയെ സമീപിക്കാനും സമരം തുടരാനുമാണ് തീരുമാനം. ഡിസംബർ എട്ടിന് ഹൈകോടതി ഡിവിഷൻ ബെഞ്ച് മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു.
മണ്ണെടുപ്പിനെതിരെ പാലമേൽ പഞ്ചായത്തിന്റെ അപ്പീലും കലക്ടർ ജോൺ വി. സാമുവലിന്റെ പഠനറിപ്പോർട്ടും പരിഗണിച്ചായിരുന്നു നടപടി. നടപടിക്രമങ്ങൾ പാലിക്കാതെയും ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ റിപ്പോർട്ട് പഠിക്കാതെയുമാണ് മണ്ണെടുക്കാൻ ജിയോളജി വകുപ്പ് അനുമതി നൽകിയതെന്ന് കലക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പാലമേൽ, നൂറനാട്, താമരക്കുളം പഞ്ചായത്തുകൾ പരിസ്ഥിതി ലോലപ്രദേശങ്ങളാണെന്നും യന്ത്രവത്കൃത ഖനനം പാടില്ലെന്നും 2009ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ടെന്നും കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് കേസ് പരിഗണിക്കുന്നത് ജനുവരി നാലിലേക്കു മാറ്റുകയായിരുന്നു.
മണ്ണെടുപ്പിലൂടെ ഉണ്ടാകാവുന്ന പാരിസ്ഥിതിക ആഘാതത്തെപ്പറ്റി കമ്മിറ്റി രൂപവത്കരിച്ച് ശാസ്ത്രീയപഠനം നടത്തി അടിയന്തര റിപ്പോർട്ട് നൽകാൻ വ്യവസായ വകുപ്പ് സെക്രട്ടറിയോടു കോടതി നിർദേശിക്കുകയും ചെയ്തു. കേന്ദ്ര വനം-പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും പാലിച്ചാണോ മണ്ണെടുപ്പിന് അനുമതി നൽകിയതെന്നു പരിശോധിക്കാൻ ഭൗമശാസ്ത്ര പഠനകേന്ദ്ര(സെസ്)ത്തോടും നിർദേശിച്ചു.
മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ ഹരിത വി. കുമാറും സെസ് വിഭാഗത്തിലെ ഉദ്യോഗസ്ഥ സംഘവും സ്ഥലവും കുടിവെള്ളസംഭരണിയും സന്ദർശിച്ചിരുന്നു. നടപടിക്രമങ്ങളും സെസ് റിപ്പോർട്ടും മറികടന്നാണ് മലയിടിക്കാൻ ശ്രമംനടന്നതെന്ന് ജനപ്രതിനിധികളും സമരസമിതി നേതാക്കളും ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. പഞ്ചായത്തിന്റെ നിവേദനവും റിപ്പോർട്ടുകളും ഹരിത വി. കുമാറിന് പ്രസിഡന്റ് ബി. വിനോദ് കൈമാറിയിരുന്നു.
ഒക്ടോബർ 26നായിരുന്നു ആദ്യ സമരം തുടങ്ങിയത്. നവംബർ 12ന് പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും എം.എൽ.എയടക്കമുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് 16ന് മന്ത്രി പി. പ്രസാദ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ കലക്ടർ സ്ഥലം സന്ദർശിച്ച് സർക്കാറിന് റിപ്പോർട്ടു നൽകാൻ തീരുമാനമെടുത്തു. എന്നാൽ, 27ന് പുലർച്ച മണ്ണെടുപ്പ് വീണ്ടും തുടങ്ങിയതോടെ സമരസമിതി പ്രവർത്തകർ മണ്ണുകയറ്റിയ ലോറികൾ തടഞ്ഞിട്ടു. തുടർന്ന് മലയുടെ അടിവാരത്ത് പന്തൽകെട്ടി സമരം തുടരുകയായിരുന്നു.
പിന്നീട് ഒരു ഗ്രാമത്തിന്റെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമാണ് നവംബർ 27 മുതൽ 12 ദിവസം മറ്റപ്പള്ളിയിൽ കണ്ടത്. രാപ്പകൽ സമരത്തിൽ സ്ത്രീകളടക്കം അഞ്ഞൂറിലധികം പേരാണ് പങ്കെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.