ചെന്നിത്തല: കൃഷിനാശവും കടക്കെണിയും മൂലം നേന്ത്രവേലി പാടശേഖര സമിതി നെൽകൃഷി ഉപേക്ഷിക്കാൻ തീരുമാനിച്ചു. അപ്പർ കുട്ടനാടൻ കാർഷിക മേഖലയിൽ ഒരിപ്പു കൃഷിയെ മാത്രം ആശ്രയിക്കുന്നവരാണ് ഈ കർഷകർ. ചെന്നിത്തല പതിനാലാം ബ്ലോക്കിൽ കഴിഞ്ഞ ദിവസം കൂടിയ പൊതുയോഗത്തിലാണ് തീരുമാനമെടുത്തത്.
കഴിഞ്ഞ രണ്ടുവർഷങ്ങളിലും മടവീഴ്ചയിൽ കൊയ്യാറായ നെല്ല് വെള്ളം കയറി നശിച്ചിരുന്നു. പുറംബണ്ട് ദുർബലമായതിനാൽ അച്ചൻകോവിലാറ്റിൽനിന്ന് പാടശേഖരങ്ങളിലേക്ക് തള്ളുന്ന വെള്ളം യഥാസമയം പമ്പിങ് നടത്തി ഒഴിവാക്കാത്തതാണ് നേന്ത്രവേലി പാടത്ത് വെള്ളക്കെട്ടിന് വഴിയൊരുക്കുന്നത്. മുൻകാലങ്ങളിൽ രണ്ട് മോട്ടോർ പുരകളിലായിരുന്നു പമ്പിങ്. അതിലൊന്ന് പിൻവലിച്ചതോടെ കൃഷിനാശവും തുടങ്ങി.
പിൻവലിച്ച മോട്ടോർ ചാലിൽ നിന്നുള്ള വെള്ളം നിലവിലെ മോട്ടോർ ചാലിലെത്തി ഇരുവശത്തെയും വരമ്പ് കവിഞ്ഞ് പാടത്തേക്ക് കയറിയാണ് കൃഷിനാശമുണ്ടാകുന്നത്. കൃഷി ഡയറക്ടറും കൃഷി ഓഫിസറും ജനപ്രതിനിധികളുമടക്കം എത്തി കൃഷിനാശം വിലയിരുത്തിയിരുന്നു.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, കൃഷി മന്ത്രി, ജില്ല കലക്ടർ, കൃഷി പ്രിൻസിപ്പൽ ഓഫിസർ, പുഞ്ച സ്പെഷൽ ഓഫിസർ, ബ്ലോക്ക് പ്രസിഡന്റ്, കൃഷി ഓഫിസർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും സഹായം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇനി കൃഷി ഇറക്കാനില്ലെന്ന തീരുമാനം.
121 ഏക്കർ വിസ്തൃതിയുള്ളതാണ് നേന്ത്ര വേലി പാടശേഖരം. കർഷകർ കൂട്ടായ്മയിലൂടെയാണ് കൃഷിയിറക്കുന്നത്. ഇപ്പോൾ 29 യുവ കർഷകരുടെ നേതൃത്വത്തിലാണ് കൃഷി. ആറു മുതൽ 15 ഏക്കർ വരെ നിലങ്ങളുള്ളവരാണ് ഓരോ കർഷകരും. മറ്റ് പാടങ്ങളിൽ 25 -30 മേനി വിളവ് ലഭിക്കുമ്പോൾ നേന്ത്രവേലിയിൽ 45 മേനി വിളവു വരെ ലഭിച്ചിരുന്നു. ചെന്നിത്തല പുഞ്ചയിൽ ഏറ്റവും കൂടുതൽ വിളവ് ലഭിക്കുന്ന പാടശേഖരമാണിത്.
നവംബറിലാണ് വിത്തിറക്കി തുടങ്ങുക. കാലവർഷം എത്തും മുമ്പ് കൊയ്ത് കയറ്റും. എത്ര വേനലായാലും കൃഷിക്കാവശ്യമായ ജലം ലഭിക്കുന്നതാണ് ഈ പാടശേഖരത്തിന്റെ പ്രത്യേകത. എന്നാൽ, രണ്ട് മോട്ടോർ പുരകളും പ്രവർത്തിപ്പിച്ചാൽ മാത്രമേ കൃഷിയിറക്കാനാകൂ. അതിന് അധികൃതർ നടപടിയെടുക്കാത്തതാണ് ഇത്ര വലിയ പാടശേഖരം തരിശിടാൻ കർഷകരെ നിർബന്ധിതരാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.