ചേർത്തല: അശാസ്ത്രീയമായി നിർമിച്ച കെട്ടിടങ്ങൾകൊണ്ട് വീർപ്പുമുട്ടുകയാണ് ചേർത്തല താലൂക്ക് ആശുപത്രി. ഓരോ ജനപ്രതിനിധിയും ഫണ്ട് കൊടുക്കുമ്പോൾ കെട്ടിടം നിർമിക്കണമെന്ന് ശഠിച്ചതോടെയാണ് ആശുപത്രി വളപ്പിൽ തലങ്ങും വിലങ്ങും മന്ദിരങ്ങളായത്. എന്നാൽ, പ്രാഥമിക ആവശ്യങ്ങൾക്ക് മൂത്രപ്പുരയോ കംഫർട്ട് സ്റ്റേഷനോയില്ല. 1907ൽ ദേശീയ പാതക്ക് സമീപം മിനി സിവിൽ സ്റ്റേഷന് തെക്ക് 3.44 ഏക്കറിൽ 251 കിടക്കകളോടെയാണ് പ്രവർത്തനം തുടങ്ങുന്നത്.
നിലവിൽ വികസനത്തിന് 61 കോടി രൂപ കിഫ്ബിയിൽ ഉൾപ്പെടുത്തി ബഹുനില കെട്ടിട നിർമാണ പ്രവർത്തനത്തിന് മുഖ്യമന്ത്രി ആറ് മാസം മുമ്പ് ഉദ്ഘാടനം നിർവഹിച്ചിരുന്നു. നിരവധി കെട്ടിടങ്ങൾ പൊളിച്ചാണ് ബഹുനില കെട്ടിടം നിർമിക്കുന്നത്. ഇതിൽ ഓപറേഷൻ തിയറ്ററുകളും വാർഡുകളും ഡോക്ടർമാർക്കും വിശ്രമമുറികളും വരെയുണ്ട്.
ഒ.പിയിൽ 300 മുതൽ 500 വരെ രോഗികൾ പ്രതിദിനമെത്തുന്നുണ്ടെന്നാണ് കണക്ക്. വിവിധ വിഭാഗങ്ങളിലായി 26 ഡോക്ടർമാരുണ്ട്. ഫിസിയോ തെറാപ്പിസ്റ്റിനെ കൂടാതെ സൈക്കാട്രിസ്റ്റിെൻറ സേവനവും വേണമെന്ന ആവശ്യവുമുയരുന്നുണ്ട്.
റഫർ ചെയ്യലിൽ കുപ്രസിദ്ധി
ദേശീയപാതയിൽ അരൂർ മുതൽ കലവൂർ വരെ ഭാഗങ്ങളിൽ അപകടം നടന്നാൽ ചേർത്തല താലൂക്കാശുപത്രിയിൽ എത്തിക്കുകയാണ് പതിവ്. ഇവിടെയാകട്ടെ പ്രാഥമിക ചികിത്സ മാത്രം നൽകി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കോ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കോ അയക്കും.
ഇതിനാൽ 'റഫറൻസ്' ആശുപത്രിയാണെന്ന കുപ്രസിദ്ധി താലൂക്ക് ആശുപത്രിക്കുണ്ട്. മരുന്നുലഭ്യതയും കുറവാണ്. പേപ്പട്ടി വിഷബാധയ്ക്കുള്ള കുത്തിവെപ്പുകളൊന്നും ഇവിടെയില്ല. അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ കുറവ് മൂലം രോഗികളും ആശുപത്രി ജീവനക്കാരും തമ്മിലെ ബഹളവും പതിവാണ്. പൊലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും പൊലീസ് ഉണ്ടാകാറില്ല.
പിടിവാശി ആശുപത്രിയെ തകർത്തു
1953 ജനുവരി ഒന്നിന് ചേർത്തല നഗരസഭ രൂപംകൊണ്ടതോടെ ആശുപത്രി ഭരണവും നഗരസഭയുടെതായി. ചെയർപേഴ്സൻ അധ്യക്ഷനായ മാനേജിങ് കമ്മിറ്റിയും ഇതോടെ നിലവിൽവന്നു.
എന്നാൽ, ഒന്നര പതിറ്റാണ്ടായി യു.ഡി.എഫ് നേതൃത്വത്തിലെ നഗരസഭയും എൽ.ഡി.എഫ് എം.എൽ.എയുമായതിനാൽ ആശുപത്രി വികസനം കാര്യക്ഷമമല്ല. എം.എൽ.എ കൊണ്ടുവരുന്ന പദ്ധതികൾ നഗരസഭയും നഗരസഭ കൊണ്ടുവരുന്ന പദ്ധതികൾ എം.എൽ.എയും തുരങ്കം വെക്കുന്ന സ്ഥിതിയാണെന്നാണ് നാട്ടുകാർ പറയുന്നത്.നിലവിൽ നഗരസഭ എൽ.ഡി.എഫ് പക്ഷത്തായതോടെ പ്രതീക്ഷയുമുയരുന്നു.
ഓക്സിജൻ കോൺസൻട്രേറ്റർ പ്ലാൻറ് പൂർത്തിയാകുന്നു
കേന്ദ്ര സർക്കാറിെൻറ സഹകരണത്തോടെ ഓക്സിജൻ കോൺസൻട്രേറ്റർ പ്ലാൻറ് നിർമാണം പൂർത്തിയാകുന്നതോടെ ആശുപത്രിയിലെ ഓക്സിജൻ ക്ഷാമത്തിന് പരിഹാരമാകും.
കെട്ടിട നിർമാണം പൂർത്തിയായതിനൊപ്പം ഉപകരണങ്ങളും എത്തി. അന്തരീക്ഷത്തിൽനിന്ന് നേരിട്ട് ഓക്സിജൻ ആഗിരണം ചെയ്ത് കോൺസൻട്രേറ്ററിൽ ശേഖരിച്ച് രോഗികൾക്ക് എത്തിക്കുന്ന സംവിധാനമാണിത്. നിലവിൽ സിലിണ്ടറുകളിലൂടെയാണ് കോവിഡ് രോഗികളിലടക്കം ഓക്സിജൻ വിതരണം ചെയ്യുന്നത്.
9 മീറ്റർ നീളത്തിലും ഏഴര മീറ്റർ വീതിയിലുമായി അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന് സമീപമാണ് പ്ലാൻറ്. 1.25 കോടിയോളമാണ് പദ്ധതി ചെലവ്. ഉപകരണങ്ങൾ അത്യാഹിത വിഭാഗത്തിന് മുന്നിൽ സൂക്ഷിച്ചിരിക്കുകയാണ്. താലൂക്കിൽ ആദ്യമായാണ് ഓക്സിൻ കോൺസൻട്രേറ്റർ പ്ലാൻറ് വരുന്നത്.
ഡയാലിസിസ് ദിവസവും 15 പേർക്ക്
രണ്ട് വർഷമായി ഡയാലിസിസ് കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ദിവസേന 15 പേർക്ക് ഇതിെൻറ സൗകര്യം ലഭിക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത രോഗികൾക്കാണ് ഡയാലിസിസ് നടത്തുന്നത്. ജീവനക്കാരുടെ കുറവുള്ളതിനാൽ ചില ദിവസങ്ങളിൽ ഡയാലിസിന് എത്തുന്നവർ ബുദ്ധിമുട്ടുന്നുണ്ട്. എ.കെ. ആൻറണിയുടെ എം.പി ഫണ്ടിൽനിന്ന് ഒരു കോടി മുടക്കിയാണ് കെട്ടിടവും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത്. പുതിയ മെഷീനും ആവശ്യമായ സ്റ്റാഫും അനുവദിച്ച് കിട്ടുകയാണെങ്കിൽ ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം വർധിപ്പിക്കാമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എൻ. അനിൽകുമാർ പറഞ്ഞു.
ആശുപത്രി ക്വാർട്ടേഴ്സ് അനാഥം
ഡോക്ടർമാർക്കും നഴ്സ്മാർക്കുമായി നിർമിച്ച കെട്ടിടം ഉപയോഗശൂന്യമായി നശിക്കുകയാണ്. 3.44 ഏക്കർ കൂടാതെ ആശുപത്രിക്ക് കിഴക്ക് 45 സെൻറ് സ്ഥലവും അനുബന്ധ കെട്ടിടവുമുണ്ട്. ഡോക്ടർമാർ മറ്റ് വാടക കെട്ടിടങ്ങളിലും സ്വന്തം വീടുകളിലുമാണ് താമസം. മാറി മാറി വരുന്ന ആശുപത്രി അധികൃതർക്ക് പോലും അറിയില്ല ക്വാർട്ടേഴ്സ് ഉണ്ടെന്ന കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.