ലഹരിമരുന്ന് കേസ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടൽ; രണ്ടു കേസുകളിൽ പൊലീസ് നടപടി തുടങ്ങി

ആലപ്പുഴ: ലഹരിമരുന്ന് കേസുകളിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും മുൻകരുതലായി കാപ്പ നിയമത്തിന്റെ മാതൃകയിൽ കരുതൽ തടങ്കലിനും പൊലീസ് നടപടി തുടങ്ങി.

ഇത്തരം കുറ്റവാളികളെ ഒരുവർഷം വരെ തടവിലാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് പൊലീസ് അധികൃതർ പറഞ്ഞു. ഇതിനായി കേസുകളിൽ രേഖകൾ തയാറാക്കിത്തുടങ്ങി. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് നിയമം മുമ്പേയുണ്ടെങ്കിലും കർശനമാക്കിയിരുന്നില്ല. ലഹരിമരുന്ന് കേസുകൾ വർധിക്കുകയും ഇത് ക്രമസമാധാന പ്രശ്നമായി വളരുകയും ചെയ്ത പശ്ചാത്തലത്തിലാണ് കടുപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് കേസുകളിലാണ് നടപടിയായത്.

ലഹരിമരുന്ന് കേസിലെ പ്രതികളുടെയും അടുത്ത ബന്ധുക്കളുടെയും കൂട്ടാളികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടി ആലപ്പുഴ നോർത്ത്, മാവേലിക്കര പൊലീസ് സ്റ്റേഷനുകളിലാണ് തുടങ്ങിയത്. ആലപ്പുഴയിൽ മൂന്നുപേരുടെ സ്വത്തുക്കൾ കണ്ടുകെട്ടും. 25 കിലോഗ്രാം ക‍ഞ്ചാവുമായി പിടിയിലായവരുടെ സ്വത്തുക്കളാണിത്.

മാവേലിക്കര ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയായ മാവേലിക്കര പുന്നമ്മൂട് സ്വദേശി ലിജു ഉമ്മന്റെയും ബന്ധുക്കളുടെയും വാഹനങ്ങൾ കണ്ടുകെട്ടാനും നടപടിയായി. ലിജു ഉമ്മന്റെ പേരിലെ രണ്ട് ബൈക്കുകൾ, സഹോദരന്റെ പേരിലുള്ള ഒരു ബൈക്ക്, രണ്ട് കാർ, ഭാര്യയുടെ പേരിലുള്ള കാർ എന്നിവയാണ് കണ്ടുകെട്ടുന്നത്. ആറുവർഷത്തിനിടെ ലഹരിവിൽപനയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് നേടിയ സ്വത്തുക്കളാണ് ഇവയെന്നാണ് പൊലീസ് നിഗമനം. വിശദാംശങ്ങൾ മാവേലിക്കര പൊലീസ് ചെന്നൈ കോംപീറ്റന്റ് അതോറിറ്റിക്ക് കൈമാറി.

ആലപ്പുഴയിൽ കേസിൽ പ്രതികളായ ചെങ്ങന്നൂർ സ്വദേശികളുടെ സ്വത്തുവിവരങ്ങൾ അറിയാൻ ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫിസുകളിലും അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ ബാങ്കുകളിലും പൊലീസ് അപേക്ഷ നൽകി. വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് റിപ്പോർട്ട് തയാറാക്കി ജില്ല പൊലീസ് മേധാവിക്ക് സമർപ്പിക്കും. തുടർന്ന് ഈ റിപ്പോർട്ട് ചെന്നൈയിലെ ഇതുസംബന്ധിച്ച കോംപീറ്റന്റ് അതോറിറ്റിക്ക് കൈമാറും. എൻ.ഡി.പി.എസ് നിയമം 1985 മുതൽ ഉണ്ടെങ്കിലും അതിലെ സ്വത്തു കണ്ടുകെട്ടലും മറ്റും ഇപ്പോഴാണ് ഊർജിതമായി നടപ്പാക്കിത്തുടങ്ങിയത്.

Tags:    
News Summary - Confiscation of property of drug case accused; Police have initiated action in two cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.