ആലപ്പുഴ: സി.പി.എം പ്രവർത്തകർ കൂട്ടത്തോടെ പാർട്ടിവിട്ട് സി.പി.ഐയിൽ ചേർന്ന കുട്ടനാട്ടിൽ ഇരുപാർട്ടിയുടെയും ശക്തിപ്രകടനമായി കാൽനടജാഥകൾ തുടങ്ങി. പാർട്ടി വിട്ടവർക്കെതിരെ രൂക്ഷവിമർശനമാണ് സി.പി.എം നേതാക്കൾ ജാഥകളിൽ ഉന്നയിക്കുന്നത്. സി.പി.എം വിട്ട് എത്തിയവരെ പരമാവധി പങ്കെടുപ്പിച്ച് ശക്തിതെളിയിക്കും വിധമാണ് സി.പി.ഐ ജാഥകൾ സംഘടിപ്പിക്കുന്നത്.
ഇരുപാർട്ടികളും പരസ്പരം സംഘടനാപരമായ കടുത്ത വിമർശനങ്ങൾ ജാഥകളിൽ ഉന്നയിക്കുന്നുമില്ല. സി.പി.ഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ മുന്നോടിയായി ജില്ലയിൽ എല്ലാ മേഖലയിലും ജാഥ നടത്തിവരുകയാണ്. അതിന്റെ ഭാഗമായാണ് കുട്ടനാട്ടിൽ ജാഥ നടത്തുന്നത്. പാർട്ടി വിട്ടവരെ തിരികെയെത്തിക്കുന്നതിനും കൂടുതൽ പേർ പാർട്ടിവിടുന്നതിന് തടയിടാനുമാണ് സി.പി.എം ജാഥകൾ സംഘടിപ്പിക്കുന്നത്. കുട്ടനാട് ഏരിയ കമ്മിറ്റിക്ക് കീഴിൽനിന്ന് 222 പേരാണ് സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നത്. ഇതോടെ സി.പി.എം അനുഭാവികളായ നിരവധിപേരും ഇവരോടൊപ്പം കൂടിയിരിക്കുകയാണ്. തകഴി ഏരിയ കമ്മിറ്റിയിൽനിന്ന് പാർട്ടിവിടാൻ നിരവധിപേർ തയാറെടുക്കുന്നു എന്ന അഭ്യൂഹം ഉള്ളതിനാലാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ജാഥകൾ സംഘടിപ്പിച്ചിട്ടുള്ളത്.
സി.പി.എം വിട്ടവർക്കെതിരെ രൂക്ഷവിമർശനമാണ് സി.പി.എം ജില്ല നേതാക്കൾ ജാഥകളിലൂടെ ഉന്നയിക്കുന്നത്. ജാഥയുടെ ഭാഗമായി ഞായറാഴ്ച നടന്ന പൊതുയോഗങ്ങളിൽ വിമതർക്കെതിരെ ജില്ല സെക്രട്ടറി ആർ. നാസർ പേരുപറഞ്ഞ് ആരോപണങ്ങൾ ഉന്നയിച്ചു. കുട്ടനാട്ടിലെ സി.പി.എം വിമതർക്കെതിരെ ആദ്യമായാണ് സി.പി.എം നേതാക്കളുടെ പരസ്യ പ്രതികരണം. സി.പി.ഐ ജാഥയിൽ സി.പി.എമ്മിനെയോ അവരുടെ നേതാക്കളെയോ കുറിച്ച് ഒന്നും പറയുന്നില്ല. പുതുതായി എത്തിയവരെക്കൂടി അണിനിരത്തി മുൻകാലങ്ങളിൽ നടത്തുന്നതിനെക്കാൾ വലിയ ജാഥകളാണ് സി.പി.ഐ നടത്തുന്നത്.
കുട്ടനാട്ടിൽ പാർട്ടി വിട്ടവരെ നേരിൽ കാണുന്നതിനായി സി.പി.എം ജില്ല കമ്മിറ്റി, സെക്രട്ടേറിയറ്റ് അംഗങ്ങളെ നിയോഗിച്ചിരുന്നു. ഇത് കാര്യമായ ഫലം കണ്ടില്ല. തുടർന്നാണ് മേഖല ജാഥകളിൽ അവർക്കെതിരെ ജില്ല നേതൃത്വം രൂക്ഷ വിമർശനം നടത്തുന്നത്. അവരിൽ നിന്നുണ്ടായ വീഴ്ചകൾ വിളിച്ചുപറഞ്ഞ് അവരുടെ സ്വീകാര്യത തകർക്കുകയാണ് ലക്ഷ്യം. ജാഥകളുടെ സമാപന സംഗമത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിക്കും.
കൂറുമാറ്റ നിരോധന നിയമം നിലനിൽക്കുന്നതിനാൽ രാമങ്കരി പഞ്ചായത്തിൽ സി.പി.എം വിട്ട പ്രസിഡന്റ് അടക്കം സി.പി.ഐയിൽ ചേർന്നിട്ടില്ല. കൂറുമാറ്റ നിയമത്തിൽനിന്ന് രക്ഷപ്പെടാനാണ് ധൈര്യമുണ്ടെങ്കിൽ പുറത്താക്കൂ എന്ന് രാജേന്ദ്രകുമാർ വെല്ലുവിളിക്കുന്നത്. പുറത്താക്കാതെ വിമർശിക്കുകയെന്ന തന്ത്രപരമായ നിലപാടാണ് സി.പി.എം കൈക്കൊള്ളുന്നത്.
വിമതർക്ക് നേതൃത്വം നൽകുന്ന രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ തട്ടിപ്പുകാരനാണെന്ന് ജാഥയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു. സി.പി.എം ലോക്കൽ സെക്രട്ടറിയായിരുന്നപ്പോഴും ജനകീയാസൂത്രണത്തിലും രാജേന്ദ്രകുമാർ തട്ടിപ്പ് നടത്തി. അന്തസ്സുണ്ടെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജേന്ദ്രകുമാർ രാജിവെക്കട്ടെ. എത്തേണ്ടവർ എത്തേണ്ടിടത്തുതന്നെ എത്തിയെന്ന് സി.പി.ഐയെ പേരുപറയാതെ നാസർ പരിഹസിക്കുകയും ചെയ്തു.
രാജേന്ദ്രകുമാറിനോട് ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ വിശദീകരണം ചോദിച്ചു. അപ്പോൾ ഈ ലോക്കൽ കമ്മിറ്റിയിലേക്ക് ഞാനില്ല എന്ന് പറഞ്ഞ് പിൻവാങ്ങി. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റാണെങ്കിലും പഞ്ചായത്തിലെ ഒരു കാര്യവും പാർട്ടിയുമായി ആലോചിക്കുന്നില്ല. തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നത്. നൂറുകണക്കിനാളുകൾ സി.പി.എമ്മിൽനിന്ന് രാജിവെച്ചു എന്നു പറയുന്നത് കള്ളമാണെന്നും നാസർ പറഞ്ഞു.
നാസറിന് മറുപടിയുമായി വിമതപക്ഷ നേതാവ് രാജേന്ദ്രകുമാർ രംഗത്ത് വന്നു. രാജിവെക്കണമെന്ന് പറയാൻ നാസറിന് ധാർമിക അവകാശമില്ലെന്ന് രാജേന്ദ്രകുമാർ പറഞ്ഞു. വി.എസിന് അനുകൂല നിലപാട് എടുത്തതിനാണ് തനിക്കെതിരെ ആദ്യം പാർട്ടി നടപടിയെടുത്തത്. ധൈര്യമുണ്ടെങ്കിൽ നാസർ തനിക്കെതിരെ നടപടിയെടുക്കട്ടെയെന്ന് രാജേന്ദ്രകുമാർ വെല്ലുവിളിച്ചു. രാജിവെക്കാൻ പറയേണ്ട കാര്യമില്ലല്ലോ. ജില്ല കമ്മിറ്റി വിചാരിച്ചാൻ നടപടിയെടുത്ത് പാർട്ടിയിൽനിന്ന് പുറത്താക്കാമല്ലോ. എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല -രാജേന്ദ്രകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.