ആലപ്പുഴ: ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ ക്രിമിനൽ നടപടിക്രമത്തിലെ ഉത്തരവ് വന്നതിന് പിന്നാലെ ആർ.ഡി.ഒക്ക് ആദ്യപരാതി നൽകി.
നായ്ക്കളെ നശിപ്പിക്കാനുള്ള അധികാരം ഉപയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി ക്രിമിനൽ നടപടിക്രമം 133വകുപ്പ് പ്രകാരം തത്തംപള്ളി നാലമ്പലം റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി. മോഹൻദാസ്, സെക്രട്ടറി എൻ. ശശിധരൻ എന്നിവരാണ് പരാതി നൽകിയത്. ആലപ്പുഴ മുനിസിപ്പൽ സെക്രട്ടറി, ജില്ല ചീഫ് വെറ്ററിനറി ഓഫിസർ, ആലപ്പുഴ നോർത്ത് സി.ഐ എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി.
ആലപ്പുഴ നഗരപരിധിയിലെ തോണ്ടൻകുളങ്ങര ജങ്ഷൻ, സഹൃദയ ആശുപത്രി ജങ്ഷൻ, ശ്രീനാരായണ സ്റ്റാച്യു ജങ്ഷൻ എന്നിവിടങ്ങളിൽ ആറുമാസത്തിലേറെയായി തെരുവുനായ്ക്കളുടെ ശല്യംരൂക്ഷമാണ്.
പെറ്റുപെരുകിയ നായ്ക്കൾ മരണത്തിന് കാരണമാകുന്ന അപകടങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിനാൽ സ്ത്രീകളും കുട്ടികളും പ്രായംചെന്നവരും അടക്കമുള്ളവർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
രാത്രി 11 മുതൽ പുലർച്ച ആറുവരെ പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. സ്വതന്ത്രമായി സഞ്ചരിക്കാനുള്ള പൗരന്റെ സ്വാതന്ത്യം ഉറപ്പുവരുത്താനും ജീവഭയം ഉണ്ടാകുന്ന നായ്ക്കളുടെ ശല്യം ഒഴിവാക്കാൻ എതിർകക്ഷികൾക്ക് ബാധ്യതയുണ്ട്.
മൃഗസംരക്ഷണവും മൃഗസ്നേഹവും പറഞ്ഞ് മനുഷ്യജീവന് വിലകൽപിക്കാത്ത സാഹചര്യത്തിൽ തെരുവുനായ്ക്കളെ നശിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ, ക്രിമിനൽ ചട്ടപ്രകാരം നായ്ക്കളെ കൊല്ലുന്നത് എളുപ്പമല്ലെന്നാണ് അധികൃതരുടെ വിശദീകരണം. കൊല്ലുന്നതിന് മുമ്പ് പല കാര്യങ്ങളും ഉറപ്പിക്കണം.
നായ്ക്കൾ സ്ഥിരമായി ആക്രമണസ്വഭാവം കാണിക്കുന്നുണ്ടോയെന്ന പരിശോധനയാണ് ഇതിൽ പ്രധാനം. ഇത് ആര് നടത്തുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.