മാരാരിക്കുളം: ഓമനപ്പുഴ ഓടാപ്പൊഴിയിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ സംസ്കാരം മാതാവ് മേരി ഷൈൻ എത്തിയതിനുശേഷം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ് ഞായറാഴ്ച രാത്രി എത്തിയേക്കും. വെള്ളിയാഴ്ച വൈകീട്ടാണ് പൊഴിയിൽ വീണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15ാം വാർഡ് ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയെൻറ മക്കളായ അഭിജിത് (11), അനഘ (10) എന്നിവർ മരിച്ചത്.
മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. കുവൈത്തിൽ നഴ്സായ മേരി ഷൈൻ ഏതാനും നാൾ മുമ്പ് പുതിയ സ്ഥാപനത്തിലേക്ക് ജോലി മാറിയിരുന്നു.
പഴയസ്ഥാപനം പാസ്പോർട്ട് ഉൾപ്പെടെ വിട്ടുനൽകാത്തതാണ് യാത്ര വൈകാൻ കാരണം. ഇവരുടെ വീട് സന്ദർശിച്ച കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ കുവൈത്തിലെ കോൺഗ്രസ് പ്രവർത്തകരുമായി ഫോണിൽ ബന്ധപ്പെട്ട് എംബസി മുഖാന്തരം ഇടപെട്ട് ഇവരെ നാട്ടിലേക്ക് അയക്കുന്നതിന് നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ശനിയാഴ്ച വൈകീട്ട് ആർ.ടി.പി.സി.ആർ പരിശോധന നടത്തി ഞായറാഴ്ച ഫലം ലഭിച്ചശേഷം വിമാന ടിക്കറ്റ് ലഭ്യമാകുമെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം.
കോൺഗ്രസ് ബൂത്ത് പ്രസിഡൻറായ നെപ്പോളിയെൻറ വീട്ടിലേക്ക് നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എത്തി. കുട്ടികളുടെ സ്കൂളിലെ അധ്യാപകരും സഹപാഠികളുമെല്ലാം വീട്ടിലെത്തി അനുശോചനം അറിയിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രാവിലെയെത്തി. ഉച്ചക്ക്ശേഷമാണ് കെ. സുധാകരൻ എത്തിയത്. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് പി.ടി. തോമസ്, ഡി.സി.സി പ്രസിഡൻറ് ബാബു പ്രസാദ്, കെ.പി.സി.സി സെക്രട്ടറി എസ്. ശരത്, എ.എ. ഷുക്കൂർ, അഡ്വ. എം. ലിജു, ബി. ബൈജു, കെ.വി. മേഘനാഥൻ, അഡ്വ. പി.ജെ. മാത്യു, എൻ. ചിദംബരൻ, പി. തമ്പി, സി.എ. ലിയോൺ, പി. ശശികുമാർ, ബി. സേതുനാഥ്, സി.സി. ബിനു എന്നിവർ നേതാക്കളോടൊപ്പം ഉണ്ടായിരുന്നു.
പൊഴിനാക്കിൽ അപകടം പതിയിരിക്കുന്നു
മാരാരിക്കുളം: പൊഴി കടലുമായി ചേരുന്ന ഭാഗമായ പൊഴിനാക്കിൽ അപകടം പതിയിരിക്കുന്നതായി തീരവാസികൾ പറഞ്ഞു. മണ്ണുമാന്തി ഉപയോഗിച്ചാണ് സാധാരണ ഇവിടെ പൊഴി മുറിക്കാറ്. കിഴക്കൻ വെള്ളം നിറയുമ്പോഴാണ് പൊഴി മുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കുന്നത്. പിന്നീട് തിരയടിച്ച് പൊഴി അടയുകയുമാണ് ചെയ്യാറ്. ഇത്തരത്തിൽ പൊഴി അടയുമ്പോൾ അറ്റത്തെ മണൽ തിട്ടക്ക് ഉറപ്പുണ്ടാവില്ല. ഇവിടേക്ക് നടന്നാൽ കാൽ മണലിൽ പൂണ്ടുപോകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾപോലും ചിലപ്പോൾ ഇവിടെ കാൽ പൂണ്ടുപോകുകയും കിടന്ന് നീന്തിയാണ് രക്ഷപ്പെടുകയും ചെയ്യാറ്. കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട കുട്ടികളും ഇത്തരത്തിൽ വീണതാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.