ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് അന്വേഷിക്കുന്ന കെ.പി.സി.സി സമിതി മുമ്പാകെ പരാതികളും വീഴ്ചകളും ചൂണ്ടിക്കാട്ടി സ്ഥാനാർഥികളും നേതാക്കളും. വി.സി. കബീർ ചെയർമാനായ സമിതി മുമ്പാകെ ഷാനിമോൾ ഉസ്മാൻ (അരൂർ), എസ്. ശരത് (ചേർത്തല), കെ.എസ് മനോജ് (ആലപ്പുഴ), അരിത ബാബു (കായംകുളം) എന്നീ കോൺഗ്രസ് സ്ഥാനാർഥികൾക്ക് പുറമേ കുട്ടനാട്ടിൽ മത്സരിച്ച കേരള കോൺഗ്രസ് -ജോസഫ് വിഭാഗം ജില്ല പ്രസിഡൻറ് ജേക്കബ് എബ്രഹാമും ഹാജരായി. എൽ.ഡി.എഫ് അനുകൂല രാഷ്ട്രീയ തരംഗത്തേക്കാൾ പ്രാദേശികമായ പോരായ്മകളും വോട്ടു ചോർച്ചയും ജില്ലയിൽ ഉണ്ടായതായി നേതാക്കൾ ചൂണ്ടിക്കാട്ടി.
സ്ഥാനാർഥികൾ ബൂത്ത് തിരിച്ചുള്ള കണക്കുകൾ സമർപ്പിച്ചാണ് വിവരങ്ങൾ കൈമാറിയത്. പരമ്പരാഗതമായി ലഭിച്ചിരുന്ന തീരദേശ വോട്ടുകളും ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകളും ലഭിക്കാതെ പോയതാണ് പല മണ്ഡലങ്ങളിലും തിരിച്ചടിയായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിെൻറ പോരായ്മകൾ വിലയിരുത്തി പരിഹാരം കാണാതിരുന്നതും പാർട്ടിയുടെ സമരങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിൽ വേണ്ടത്ര സ്വാധീനിക്കാൻ കഴിയാതെ പോയതും നേതാക്കൾ ചൂണ്ടിക്കാട്ടി.
ആലപ്പുഴ, അരൂർ മണ്ഡലങ്ങളിൽ ലത്തീൻ സമുദായവോട്ടിൽ ചോർച്ചയുണ്ടായി. ജില്ലയിൽ മുസ്ലിം ന്യൂനപക്ഷ വോട്ടിലും എൽ.ഡി.എഫിലേക്ക് ചോർച്ചയുണ്ടായി. ആലപ്പുഴ, കായംകുളം, അമ്പലമ്പുഴ, അരൂർ മണ്ഡലങ്ങളിൽ ഇത് പ്രകടമായി. കുട്ടനാട്ടില്‍ ഇടത് സ്ഥാനാര്‍ഥിക്കെതിരെ തുടക്കത്തില്‍ പൊതുജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന മതിപ്പില്ലായ്മ മുതലെടുക്കാനായില്ലെന്നും ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നെങ്കില്‍ വിജയസാധ്യതയേറെയാണെന്നും അഭിപ്രായം ഉയര്‍ന്നു. ചെങ്ങന്നൂരില്‍ യു.ഡി.എഫ് നേരിട്ടത് ചരിത്രത്തിലെ തന്നെ വന്‍ തിരിച്ചടിയാണ്. കോണ്‍ഗ്രസ് അനുഭാവികളുടെ വോട്ടുകള്‍ പോലും ഇടതുസ്ഥാനാര്‍ഥിക്ക് പോകാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.