മാരാരിക്കുളം: കലവൂർ എക്സൽ ഗ്ലാസ് ഫാക്ടറി കെട്ടിടം പൊളിക്കുന്നതിന്റെ മറവിൽ വ്യാപകമായി മണൽ കടത്തുന്നുവെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ലോറികളും മണ്ണുമാന്തികളും തടഞ്ഞു. ഫാക്ടറിയിലെ കെട്ടിടങ്ങളും യന്ത്രസാമഗ്രികളും ലേലം പിടിച്ചവരുടെ നേതൃത്വത്തിൽ ടോറസ് ലോറികളിലായി വൻതോതിൽ മണൽ കടത്തുന്നതായാണ് പരാതിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത പറഞ്ഞു.
അതേസമയം, മണൽ കടത്തുന്നതായ പരാതിയിൽ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ തഹസിൽദാർ നിർദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മണൽ കടത്ത് തടഞ്ഞതിനെ തുടർന്ന് എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ ഉന്നത റവന്യൂ സംഘം പരിശോധന നടത്തി. എ.ഡി.എം സന്തോഷ് കുമാർ, തഹസിൽദാർ വി.സി. ജയ എന്നിവർ ഉൾപ്പെട്ട സംഘം ജനപ്രതിനിധികളുമായും ചർച്ച നടത്തി.
ഭൂനിരപ്പിൽനിന്ന് വളരെ ആഴത്തിൽ മണൽ കുഴിച്ചതായി ജനപ്രതിനിധികൾ പറഞ്ഞു. തുടർന്ന് വില്ലേജ് ഓഫിസറോട് അടിയന്തര റിപ്പോർട്ട് നൽകാനും കലക്ടറുടെ സാന്നിധ്യത്തിൽ കരാറുകാരനെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി യോഗം ചേരുവാനുമാണ് തീരുമാനം. ജിയോളജി വകുപ്പിന്റെ കൂടി റിപ്പോർട്ട് തേടിയശേഷം ഇവിടെനിന്ന് കൊണ്ടുപോയ മണലിന്റെ അളവും വിലയും നിശ്ചയിച്ച് ഇത് കരാറുകാരനിൽനിന്ന് ഈടാക്കണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി 50 സെന്റ് സ്ഥലത്തോളം സർക്കാർ ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മതിൽ പൊളിച്ചതോടെയാണ് കെട്ടിടം സ്ഥിതി ചെയ്തിരുന്ന സ്ഥലം ഉൾപ്പെടെ ഭൂമിനിരപ്പിലും വളരെ താഴ്ചയിൽ കുഴിച്ച് മണൽ കടത്തിയതായി ബോധ്യപ്പെട്ടതെന്നും പ്രസിഡന്റ് പറഞ്ഞു.
മണൽ കടത്തുന്നതായ സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് ലോറികൾ തടഞ്ഞിരുന്നു. എന്നാൽ, ലോറി പരിശോധിച്ച വില്ലേജ് ഓഫിസർ മണൽ കലർന്ന കെട്ടിടാവശിഷ്ടങ്ങളാണെന്ന് പറഞ്ഞതിനാൽ ബുധനാഴ്ച വിട്ടയക്കുകയായിരുന്നു.
വൈസ് പ്രസിഡന്റ് വി.സജി, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എൻ. എസ്. ശാരിമോൾ, പഞ്ചായത്ത് അംഗങ്ങളായ സി.എസ്. ജയചന്ദ്രൻ, രജിമോൾ ശിവദാസ്, എസ്. പ്രസന്ന എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.