ആലപ്പുഴ: ജില്ലയിൽ പനിബാധ ശമനമില്ലാതെ തുടരുന്നു. പ്രതിദിനം രോഗബാധിതരാവുന്നത് ശരാശരി 650 ഓളം പേരാണ്. ഡെങ്കിപ്പനിബാധിതരുടെ എണ്ണവും കുതിച്ച് ഉയരുന്നു. ജൂലൈമാസത്തിൽ ചൊവ്വാഴ്ചവരെ 148 പേർക്ക് ഡെങ്കി സ്ഥിരീകരിക്കപ്പെട്ടു. വയറിളക്ക രോഗബാധിതരും ഏറുന്നു. പ്രതിദിനം നൂറിലേറെ പേരാണ് വയറിളക്ക രോഗബാധയുമായി ചികിത്സ തേടുന്നത്.
ജൂലൈയിൽൽ ഇതുവരെ പനിബാധിതരുടെ എണ്ണം 11,000 കടന്നു. രണ്ടാഴ്ചക്കുള്ളിൽ പനിബാധിതരായി സർക്കാർ ആശുപത്രികളിൽ ചികിത്സ തേടേണ്ടിവന്നവരാണ് ഇത്രത്തോളം പേർ. ചെറിയ ഡിസ്പെൻസറികളിലും ഹോമിയോ, ആയൂർവേദ ആശുപത്രികളിലും ചികിത്സ തേടിയവരുടെ എണ്ണം കൂടി കണക്കാക്കിയാൽ മൊത്തം പനിബാധിതർ 15,000 കടക്കുമെന്നാണ് കരുതുന്നത്. എച്ച്1 എൻ1 കേസുകളും കുറയുന്നില്ല.
ഈമാസം തുടക്കത്തിൽ ഡെങ്കിപ്പനിബാധിതർ നാമമാത്രമായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ വൻ വർധനവാണ് ഉണ്ടായത്. ഏഴു ദിവസത്തിനുള്ളിൽ ഡെങ്കിബാധിച്ചവർ 87 പേരാണ്. പത്തിയൂർ, ചെറിയനാട്, കഞ്ഞിക്കുഴി, മുല്ലാത്ത്, ഭരണിക്കാവ്, വെൺമണി, ചേർത്തല സൗത്ത്, കണ്ടല്ലൂർ, ചെട്ടിക്കാട്, മംഗലം, കടക്കരപ്പള്ളി, മണ്ണഞ്ചേരി, ക്രിഷ്ണപുരം, അമ്പലപ്പുഴ നോർത്ത്, ചെട്ടികുളങ്ങര, തുറവൂർ, മാരാരിക്കുളം നോർത്ത്, മുതുകുളം എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനിബാധയുള്ളത്. അതേസമയം എലിപ്പനിബാധ ജില്ലയിൽ നാമമാത്രമാണ്. ജൂലൈമാസത്തിൽ ഇതുവരെ 2130 പേർക്കാണ് വയറിളക്ക രോഗബാധ ഉണ്ടായത്.
കൊതുകുകളുടെ പ്രജനനം തടയുന്നില്ല
കൊതുകുകളുടെ പ്രജനനം തടയാൻ ജില്ലയിൽ ഒരിടത്തും കാര്യമായ നടപടികളില്ല. തദ്ദേശ സ്ഥാപനങ്ങളാണ് നടപടിയെടുക്കേണ്ടത്. കെട്ടികിടക്കുന്നവെള്ളം ഒഴുക്കിവിടുന്നതിനും പലയിടത്തും നടപടിയില്ല. ബില്ലുകൾ മാറാത്തതിനാൽ കരാറുകാർ വർക്കുകൾ ഒന്നും ഏറ്റെടുക്കാത്തത് തദ്ദേശ സ്ഥാപനങ്ങളെ കുഴക്കുകയാണ്.
ഫോഗിംഗ്, ക്ലോറിനേഷൻ തുടങ്ങിയവ കാര്യക്ഷമമായി നടത്തുന്നില്ല. തദ്ദേശ സ്ഥാപന അധികൃതരുടെ അവകാശവാദം എല്ലാം കൃത്യമായി നടക്കുന്നുവെന്നാണ്. എന്നിട്ടും രോഗബാധ പെരുകുന്നത് എന്ത് കൊണ്ട് എന്നതിന് അവർക്കുത്തരമില്ല. മഴക്കാലം തുടങ്ങിയസമയത്ത് കിണറുകളിൽ ക്ലോറിനേഷൻ നടത്തിയിരുന്നു. പിന്നീട് ഇതുവരെ അത്തരം നടപടികളുണ്ടായിട്ടില്ല.
വയറിളക്കത്തിന് കാരണം ശുചിത്വമില്ലാത്ത ഭക്ഷണം
ശുചിത്വമില്ലാത്ത ഭക്ഷണമാണ് വയറിളക്ക രോഗം പെരുകാൻ ഇടയാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ആലപ്പുഴ നഗരത്തിൽ കുടിവെള്ളത്തിനായി കിണറിനെ ആശ്രയിക്കുന്നവരില്ല. നഗരത്തിൽ മൊത്തം ആയിരത്തിൽ താഴെ മാത്രമാണ് കിണറുകളുള്ളത്. കിണർ ഉള്ളവരും കുടിവെള്ളത്തിനായി ആർ.ഒ വാട്ടറാണ് ഉപയോഗിക്കുന്നത്. ജില്ലയിൽ മറ്റിടങ്ങളിലും കുടിവെള്ളത്തിനായി കിണർ ജലത്തെ ആശ്രയിക്കുന്നവർ കുറവാണ്. എന്നിട്ടും വയറിളക്കരോഗങ്ങൾ പെരുകുന്നത് ഭക്ഷണ സാധനങ്ങളിലൂടെയാണെന്നാണ് കരുതുന്നത്. ട്രോളിങ് നിരോധനമായതോടെ സംസ്ഥാനത്തിന് പുറത്ത് നിന്ന് ധാരാളം മത്സ്യം എത്തുന്നുണ്ട്. വിവിധ രാസവസ്തുക്കളുപയോഗിച്ച മത്സ്യങ്ങളുടെ ഉപയോഗവും വയറിളക്കത്തിന് കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.