മീന്‍ വില കുതിച്ച് കയറുന്നു; മത്സ്യ ലഭ്യത കുറഞ്ഞത് തിരിച്ചടിയാകുന്നു

ആലപ്പുഴ: പച്ചക്കറിക്ക് പിന്നാലെ മീൻ വിലയും കുതിച്ച് കയറുകയാണ്. സംസ്ഥാനത്ത് മീനുകളുടെ ലഭ്യത കുറഞ്ഞതും മറ്റ് സംസ്ഥാനങ്ങളില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുമാണ് വില കുതിച്ച് ഉയരുന്നതെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്. ചില്ലറ വില്‍പന മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ ദിവസം 280രൂപയായിരുന്ന അയലക്ക് ശനിയാഴ്ച 320 രൂപയായി. വലിയയിനം വറ്റക്ക് 450ല്‍ നിന്നും 480 ആയി. ചെറിയ മത്തിക്ക് 160 രൂപയായിരുന്നത് 200 രൂപവരെ ഉയര്‍ന്നു. ഇടത്തരം മത്തിക്ക് മൊത്തവില്‍പന മാര്‍ക്കറ്റുകളില്‍ 220 രൂപയായിരുന്നു വില. കേരക്കും ചൂരക്കും കഴിഞ്ഞ ദിവസങ്ങളെക്കാള്‍ 50 രൂപയോളം വില ഉയര്‍ന്നു. ചൂരക്ക് 280 ഉം കേരക്ക് 380 രൂപയുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍, കൊഴുവക്ക് കഴിഞ്ഞ ദിവസങ്ങളിലെക്കാള്‍ ചെറിയ വിലക്കുറവ് ഉണ്ടായിരുന്നു.

കിലൊ 260 രൂപയായിരുന്ന കൊഴുവക്ക് ശനിയാഴ്ച 220 രൂപയായിരുന്നു. സംസ്ഥാന തീരത്ത് മത്സ്യലഭ്യതയുടെ കുറവ് മാസങ്ങളായി നേരിടുകയാണ്. അര്‍ത്തുങ്കല്‍, ചള്ളി, അഴീക്കല്‍ ഹാര്‍ബറുകളില്‍നിന്നും മത്സ്യബന്ധനത്തിന് തൊഴിലാളികള്‍ പോകുന്നില്ല. ചെറിയ പൊന്തുവള്ളങ്ങളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നുണ്ടെങ്കിലും പൊടിമീന്‍ മാത്രമാണ് കിട്ടാറുള്ളത്. അധ്വാനത്തിനുള്ള വരുമാനം കിട്ടാത്തതിനാല്‍ പൊന്തുവള്ളങ്ങളും കരക്ക് കയറ്റി വെച്ചിരിക്കുകയാണ്.

Tags:    
News Summary - Fish prices soar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.