ആലപ്പുഴ: കളിചിരികളുമായി അക്ഷരമുറ്റത്തേക്ക് ചുവടുവെച്ച കുരുന്നുകൾക്ക് സുരക്ഷ ഒരുക്കേണ്ട ജില്ലയിലെ അംഗൻവാടി കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത് ‘ഫിറ്റ്നസ്’ ഇല്ലാതെ. പ്രവേശനോത്സവം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് ഈ ദുരവസ്ഥ. ഈമാസം 15നകം ഫിറ്റ്നസ് നടപടി പൂർത്തിയാക്കണമെന്ന് കലക്ടർ നിർദേശം നൽകി. കാലവർഷം ശക്തിപ്രാപിച്ചാൽ പലയിടത്തും അപകടസാധ്യത നിലനിൽക്കുന്നു.
ജില്ലയിൽ 2150 അംഗൻവാടികളാണുള്ളത്. ഇതിൽ പലതും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, 2023-24 സാമ്പത്തികവർഷം കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന ‘ഫിറ്റ്നസ് സർട്ടിഫിക്കറ്റ്’ ഒരുഅംഗൻവാടികൾക്കുപോലും ലഭിച്ചിട്ടില്ല. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളിൽ അംഗൻവാടികൾ പ്രവർത്തിക്കാൻ പാടില്ലെന്ന സാമൂഹിക നീതി വകുപ്പിന്റെ നിർദേശം കാറ്റിൽപറത്തിയാണ് പ്രവേശനോത്സവം നടത്തിയത്.
തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീയർമാരും ഓവർസിയർമാരുമാണ് കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്. എന്നാൽ, ജില്ലയിലെ പല പഞ്ചായത്തുകളിലും എ.ഇമാരുടെയും ഓവർസിയർമാരുടെയും ഒഴിവുകൾ നികത്താത്തതിനാൽ ഈവർഷം പരിശോധന നടത്തിയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കഴിഞ്ഞവർഷവും സമാനരീതിയിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. തുടർന്ന് മാസ് കാമ്പയിൻ നടത്തിയാണ് അപകടാവസ്ഥയിലുള്ള നൂറിൽതാഴെ അംഗൻവാടികൾ കണ്ടെത്തിയത്. ബലക്ഷയം നേരിട്ട ഇതിൽ പലതും പൊളിച്ചുമാറ്റി. മറ്റുള്ളവ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയും സമീപത്തെ മറ്റ് അംഗൻവാടികളിലേക്ക് ചേർത്തുമാണ് പ്രശ്നം പരിഹരിച്ചത്. പൊളിച്ചുപണിത പലകെട്ടിടങ്ങളും ഈവർഷം മാർച്ചിലാണ് പൂർത്തിയായത്.
മഴക്കാലം ശക്തിപ്രാപിക്കുന്നതിനാൽ ഈമാസം 15വരെ ഫിറ്റ്നസ് നേടാൻ സമയം നൽകിയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലേക്ക് മാറ്റാനുള്ള അവസരമാണിത്. സമയപരിധി കഴിഞ്ഞാൽ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ, സൂപ്പർവൈസർമാർ എന്നിവർ നേരിട്ടെത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തും.
കുട്ടികളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതും അപകടാവസ്ഥയിലുള്ള അംഗൻവാടികൾക്ക് ഫിറ്റ്നസ് ലഭിക്കില്ല. ശുദ്ധജലം, വൈദ്യുതി, മേൽക്കൂര, ജനലുകൾ, ശുചിമുറി അടക്കമുള്ള അടിസ്ഥാനസൗകര്യമാണ് ഇതിൽ പ്രധാനം. വൈദ്യുതി ലൈൻ, സ്വിച്ച് ബോർഡുകൾ എന്നിവ കുട്ടികൾക്ക് തൊടാൻ കഴിയുന്ന തരത്തിൽ ആകരുത്.
കുട്ടികളുടെ മേൽവീഴാനും തട്ടിമറിയാനും സാധ്യതയുള്ള വസ്തുക്കൾ പരിസരത്ത് ഉണ്ടാകരുത്.
ശുദ്ധജലം സൂക്ഷിക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ എന്നിവ വൃത്തിയായി സൂക്ഷിക്കണം. അപകടസാധ്യതയുള്ള മരങ്ങൾ മുറിച്ചു മാറ്റണം. ഭിത്തി വിണ്ടുകീറിയതും ആസ്ബസ്റ്റോസ് ഷീറ്റ് ഇട്ടതുമായ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.