ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ അണ്ടർവാട്ടർ ടണൽ എക്സ്പോ നടത്തിയ സംഘാടകർക്ക് നഗരസഭ ആരോഗ്യവിഭാഗം രണ്ടുലക്ഷം രൂപ പിഴചുമത്തി നോട്ടിസ് നൽകി. കക്കൂസ് മാലിന്യം കുഴിച്ചുമൂടൽ, മാലിന്യം അലക്ഷ്യമായി കൂട്ടിയിടൽ, ചില്ലുൾപ്പെടെ അപകടകരമായ മാലിന്യങ്ങൾ നീക്കാതിരിക്കൽ, കടൽ വെള്ളമുൾപ്പെടെ മലിനമാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പിഴയടക്കാൻ നോട്ടിസ് നൽകിയതെന്ന് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ പറഞ്ഞു.
അതേസമയം, നടപടി കർശനമാക്കിയതോടെ എക്സ്പോ നടത്തിപ്പുകാർ വ്യാഴാഴ്ച 20ലധികം തൊഴിലാളികളെ ഉപയോഗിച്ച് ബീച്ചിൽ ശുചീകരണം നടത്തി. ബുധനാഴ്ച രാത്രി ശുചീകരണത്തിന് ആളുകൾ എത്തിയെങ്കിലും ഹെൽത്ത് ഇൻസ്പെക്ടറും പൊലീസുകാരും ചേർന്ന് പേടിപ്പിച്ച് വിട്ടെന്നും നഗരസഭ ഒരുപാട് ബുദ്ധിമുട്ടിച്ചതിനാൽ ശുചീകരണത്തിന് ആളെ കിട്ടാത്ത സാഹചര്യമുണ്ടായതായുമാണ് എക്സ്പോ അധികൃതരുടെ വിശദീകരണം.
ഒന്നരമാസം നീണ്ട പ്രദർശനത്തിനുശേഷം മാലിന്യങ്ങൾ ബീച്ചിൽനിന്ന് മാറ്റിയിട്ടില്ലെന്ന് കണ്ടെത്തി നഗരസഭ ആരോഗ്യവിഭാഗം ബുധനാഴ്ച രാത്രി സംഘാടകരുടെ ലോറിയും ക്രെയിനും ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞിരുന്നു.
തുടർന്ന് സൗത്ത് പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ പിടിച്ചെടുത്തു. ബീച്ച് പൂർവസ്ഥിതിയിലാക്കാതെ വാഹനങ്ങൾ തിരികെ നൽകില്ലെന്നാണ് നഗരസഭ നിലപാട്. പ്രദർശന വസ്തുക്കളുമായി തിരികെപ്പോകാനൊരുങ്ങുമ്പോഴാണ് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ.എസ്. കവിതയുടെ നേതൃത്വത്തിൽ ലോറി തടഞ്ഞത്.
എക്സ്പോ കഴിഞ്ഞതോടെ ഒരു കിലോമീറ്ററോളം നീളത്തിലാണ് ബീച്ചിൽ മാലിന്യം നിറഞ്ഞത്. വിനോദസഞ്ചാരികളുൾപ്പെടെ നൂറുകണക്കിനാളുകൾ വിശ്രമിക്കാനെത്തുന്ന ഇവിടെ വൃത്തികേടാക്കിയതിൽ പ്രദേശവാസികൾക്കും അമർഷമുണ്ട്. ഇതോടെയാണ് നഗരസഭ നടപടി ശക്തമാക്കിയത്.
എക്സ്പോ നടത്തിപ്പുകാരും നഗരസഭയും തമ്മിൽ വിനോദനികുതിയുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ടായിരുന്നു. വിനോദനികുതി ഇനത്തിൽ നഗരസഭക്ക് 10 ലക്ഷം രൂപ നൽകണം. നാലുലക്ഷം രൂപയാണ് ഇതുവരെ നൽകിയത്. വിഷയം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് മാലിന്യപ്രശ്നം ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.