ആലപ്പുഴ: കനത്ത മഴയിൽ ദുരിതം പെയ്തിറങ്ങി. ജില്ലയിൽ 50 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 4892 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കിഴക്കൻവെള്ളത്തിന്റെ കുത്തൊഴുക്കിൽ കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നു. മഴക്കെടുതിയിൽ ഇതുവരെ നാലു ജീവനുകളാണ് കവർന്നത്.
പള്ളിപ്പുറത്ത് വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥനും കായംകുളം പത്തിയൂരിൽ വയോധികയും മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. പള്ളിപ്പുറം പഞ്ചായത്ത് ഒന്നാംവാർഡ് ഇടത്തട്ടിൽ അശോകൻ (65), കായംകുളം പത്തിയൂർ തോട്ടമുറിയിൽ മങ്ങാട്ടുശ്ശേരിൽ ആനന്ദവല്ലിയമ്മ (58) എന്നിവരാണ് മരിച്ചത്.
50 ക്യാമ്പുകളിലെ 1713 കുടുംബങ്ങളിലെ 4892 പേരെയാണ് മാറ്റിപാർപ്പിച്ചത്. 1967 പുരുഷന്മാരും 2243 സ്ത്രീകളും 682 കുട്ടികളും ഉൾപെടും. ഏറ്റവും കൂടുതൽ നാശം അമ്പലപ്പുഴ താലൂക്കിലാണ്. ഇവിടെ മാത്രം വ്യാഴാഴ്ച 30 ക്യാമ്പുകളാണ് തുറന്നത്. 1459 കുടുംബങ്ങളിലെ 1692 പുരുഷന്മാരും 1893 സ്തീകളും 565 കുട്ടികളും താമസിക്കുന്നുണ്ട്. കാർത്തികപ്പള്ളി-ആറ് ചേർത്തല-നാല്, കുട്ടനാട്-മൂന്ന്, മാവേലിക്കര-അഞ്ച്, ചെങ്ങന്നൂർ-രണ്ട് ക്യാമ്പുകളുമാണ് തുറന്നിട്ടുള്ളത്. മഴ കനത്താൽ കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമാണുള്ളത്.
മഴക്കെടുതിയിൽ ഇതുവരെ 149 വീടുകളാണ് തകർന്നത്. ഇതിൽ ആറെണ്ണം പൂർണമായും 143 എണ്ണം ഭാഗികമായും തകർന്നു. ചേർത്തല-22, അമ്പലപ്പുഴ-76, കുട്ടനാട്-11, കാർത്തികപ്പള്ളി-അഞ്ച്, മാവേലിക്കര-30, ചെങ്ങന്നൂർ അഞ്ച് എന്നിങ്ങനെയാണ് വീടുകൾ തകർന്നത്.കുട്ടനാട്ടിലെ ഗ്രാമീണറോഡുകളിലും പാടശേഖരങ്ങളിലും വെള്ളംകയറി പലയിടത്തും പ്രളയസമാന സാഹചര്യമാണുള്ളത്.
കൈനകരി പഞ്ചായത്ത് പൂർണമായും വെള്ളത്താൽ ചുറ്റപ്പെട്ടു. ആയിരത്തോളം വീടുകളിലാണ് വെള്ളംകയറിയത്. പ്രദേശത്തേക്ക് എത്തിപ്പെടാൻപോലും കഴിയാത്ത സാഹചര്യമുണ്ട്.
കൈനകരി പഞ്ചായത്തിലെ നാലുപാടങ്ങിൽ വെള്ളംനിറഞ്ഞ് കവിഞ്ഞ് ബണ്ടിലും സമീപത്തും താമസിക്കുന്ന കുടുംബങ്ങൾ വലയുകയാണ്. രണ്ടാംകൃഷി കഴിഞ്ഞ് വെള്ളംനിറച്ചിട്ട പുത്തൻയുരം, തോമാതുരം, ഇരുമ്പനം, കാടുകൈയാർ പാടങ്ങളാണ് നിറഞ്ഞുകവിഞ്ഞത്. പ്രദേശത്ത് കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ തുറന്നിട്ടില്ലെന്നും പരാതിയുണ്ട്.
ആലപ്പുഴ: ജില്ലയിൽ വ്യാഴാഴ്ച ലഭിച്ചത് 98.96 മി. മീറ്റർ ശരാശരി മഴയാണ്. ഏറ്റവും അധികം മഴലഭിച്ചത് മങ്കൊമ്പിലാണ്. ഇവിടെ മാത്രം 192.8 മി.മീറ്റർ മഴയാണ് ലഭിച്ചത്. ചേർത്തല-72.4, മാവേലിക്കര-101, കായംകുളം-68.6, കാർത്തികപ്പള്ളി-60 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ മഴ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.