ആലപ്പുഴ: കിഴക്കൻവെള്ളത്തിന്റെ കുത്തൊഴുക്കിൽ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ജലനിരപ്പ് ഉയരുന്നു. സമീപ ജില്ലകളായ പത്തനംതിട്ടയിലും കോട്ടയത്തും കനത്തമഴ തുടരുന്നതിനാൽ പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുമെന്ന ഭീതിയുണ്ട്. നിലവിൽ ഒരിടത്തും തോടുകളിലെയും ആറുകളിലെയും ജലനിരപ്പ് അപകടനിലയിലേക്ക് എത്തിയിട്ടില്ല. അതിനിടെ, വരുംദിവസങ്ങളിൽ അതിതീവ്രമഴയുണ്ടാകുമെന്ന കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പിൽ ഉൾപ്പെട്ടിരുന്ന ജില്ലയിൽ റെഡ് അലർട്ട് പിൻവലിച്ചു. പുതുക്കിയ മഴ മുന്നറിയിപ്പിൽ ഓറഞ്ച് അലർട്ട് തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കാണ് സാധ്യത.
അടിയന്തരസാഹചര്യം നേരിടാൻ ജില്ലതലത്തിലും താലൂക്ക് കേന്ദ്രങ്ങളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ജില്ലയിൽ തിങ്കളാഴ്ച 56.48 മി. മീറ്റർ മഴയാണ് ലഭിച്ചത്. കുട്ടനാട്ടിലെ ചമ്പക്കുളം, കൈനകരി, അപ്പർകുട്ടനാട്ടിലെ എടത്വ, തലവടി അടക്കമുളള പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ വെള്ളംനിറഞ്ഞിട്ടുണ്ട്. കൈനകരി പഞ്ചായത്ത് അഞ്ചാംവാർഡ് ചാലേച്ചിറയിൽ വീടുകളിൽ വെള്ളംകയറുന്ന സാഹചര്യമാണുള്ളത്. സമീപത്തെ പാടശേഖരങ്ങളിലെ വെള്ളമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. ആറാട്ടുപുഴ, ചേർത്തല, ഒറ്റമശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ കടലാക്രമണ ഭീതിയുമുണ്ട്. കടൽ പ്രക്ഷുബ്ധമായതോടെ തീരദേശവാസികൾ ഭീതിയിലാണ്. തോട്ടപ്പള്ളി മുതൽ പുറക്കാട് വരെയും വളഞ്ഞവഴി, പുന്നപ്ര പ്രദേശങ്ങളിലും തീരദേശവാസികൾ ഭീതിയോടെയാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.