കുട്ടനാട്: തലങ്ങും വിലങ്ങുമുള്ള പുഴകളും കായലും മാത്രമല്ല കുട്ടനാടിന്റെ കൈയൊപ്പുകൾ. പമ്പയും മണിമലയും മീനച്ചിലാറും കൈതപ്പുഴയും വേമ്പനാട്ട് കായലുമൊക്കെ കുട്ടനാടിനെ സമ്പന്നമാക്കുന്നുണ്ടെങ്കിലും മങ്കൊമ്പിന്റെ ഒളിമങ്ങാത്ത ചരിത്രമാണ് പുതുതലമുറക്കുൾപ്പെടെ ഇന്നും അറിവിന്റെയും അനുഭവത്തിന്റെയും പാഠം പകർന്നുനൽകുന്നത്. കാലത്തിന്റെ കുത്തൊഴിക്കിൽ ഒലിച്ചുപോയ പഴയ മങ്കൊമ്പിന്റെ പ്രതാപം പേരുവന്ന വഴി തിരയുന്നവർക്ക് പുതിയ അനുഭവമാവുകയാണ്.
ഗ്രാമീണ സൗന്ദര്യം വാനോളമുണ്ടായിരുന്ന കോട്ടഭാഗമാണ് ഇന്നത്തെ മങ്കൊമ്പ് എന്നറിയപ്പെടുന്ന സ്ഥലത്തിന്റെ ആദ്യപേര്. കുട്ടനാടിന്റെ സാമൂഹിക സാംസ്കാരിക ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ള സ്ഥലമായിരുന്നു മങ്കൊമ്പ് ദേശം. ചെമ്പകശ്ശേരി രാജാവ് ഭരിച്ചിരുന്ന കാലത്താണ് ഇവിടം കോട്ടഭാഗമെന്ന് അറിയപ്പെട്ടിരുന്നത്. കോട്ട നിലനിന്നിരുന്ന ഭാഗമായതിനാലും ചെമ്പകശ്ശേരി തെക്കുംകൂറ് രാജ്യത്തിന്റെ അതിർത്തി ഭാഗമായതിനാലുമാണ് ഇന്നത്തെ മങ്കൊമ്പിനെ കോട്ടഭാഗമെന്ന് വിളിക്കപ്പെട്ടിരുന്നുവെന്നാണ് ചരിത്രം.
കൂടാതെ കുട്ടനാട്ടിലെ ജൈന-ബുദ്ധ മതങ്ങളുടെ സ്വാധീനവും കോട്ടഭാഗമെന്ന പേര് വന്ന വഴിയിലേക്ക് വിരൽചൂണ്ടുന്നുണ്ട്. ജൈന ക്ഷേത്രങ്ങൾ പൊതുവേ കോട്ട എന്ന പേരിൽ അറിയപ്പെടുന്നതും പേരിന്റെ പൊരുളിന് ആക്കംകൂട്ടി. മങ്കൊമ്പിന് സമീപ പ്രദേശങ്ങൾ പള്ളി എന്നപേരിൽകൂടി അറിയപ്പെടാൻ കാരണം ബുദ്ധ സ്വാധീനമാണെന്നും പറയപ്പെടുന്നുണ്ട്. പിന്നീട് ഈ കോട്ടഭാഗത്തിന് മങ്കൊമ്പ് എന്ന പേര് ലഭിച്ചത് മങ്കൊമ്പ് ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്.
മങ്കൊമ്പ് ശ്രീ ഭഗവതി ക്ഷേത്രം നിലനിന്ന പ്രദേശമെന്ന നിലയിൽ ഇവിടം മങ്കൊമ്പായി മാറുകയായിരുന്നു. ക്ഷേത്രാചാര ചടങ്ങുകളും ഐതിഹ്യങ്ങളും പിന്നീട് കോട്ടഭാഗമെന്ന പേരിനെ ഇല്ലാതാക്കി. ചരിത്രത്താളുകൾ പിന്നിലേക്ക് മറിച്ചാൽ മങ്കൊമ്പ് ക്ഷേത്രവും ചിത്തിരതിരുനാൾ പ്രതിമ മണ്ഡപവും മങ്കൊമ്പ് ചന്തയും ഇവിടുത്തെ പ്രധാന പഴയ വിദ്യാലയവും കെട്ടിടങ്ങളുമെല്ലാം കോട്ടഭാഗത്തിന്റെ തിരുശേഷിപ്പുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.