ആലപ്പുഴ: ധനമന്ത്രി ഡോ. തോമസ് െഎസക് അവതരിപ്പിച്ച ബജറ്റിൽ കൂടുതൽ പദ്ധതി ഇടംപിടിച്ചതോടെ ജില്ലയിൽ ടൂറിസംമേഖലക്കും കയർ മേഖലക്കും പ്രതീക്ഷ.വെള്ളപ്പൊക്കം, കോവിഡ് എന്നിവയടക്കമുള്ള നിരവധി പ്രതിസന്ധിയിൽ നട്ടംതിരിയുന്ന വ്യാപാരികൾക്ക് ആശ്വാസമേകുന്ന പദ്ധതികൾ ബജറ്റിൽ ഉണ്ടാകാതിരുന്നത് വ്യാപാരി സമൂഹത്തെ നിരാശരാക്കി.
കോവിഡുകാലത്ത് വൻ തിരിച്ചടി നേരിട്ട ടൂറിസം മേഖലക്ക് ഗുണകരമാകുന്ന ബജറ്റ് നിർദേശം ആലപ്പുഴക്ക് ആശ്വാസമാണ്. തൊഴിലാളി ക്ഷേമത്തിന് വിനോദസഞ്ചാര തൊഴിലാളി ക്ഷേമബോർഡ് പ്രഖ്യാപനമാണ് ഇതിൽ പ്രധാനം. നിലവിലെ ടൂറിസം ഡെസ്റ്റിനേഷനുകളുടെ പശ്ചാത്തല വികസനത്തിന് വകയിരുത്തിയ 117 കോടി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾക്ക് ഗുണകരമാകും.
കയർ മേഖലയുടെ വികസനത്തിന് 112 കോടി ഉൾപ്പെടുത്തിയതാണ് മറ്റൊന്ന്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പുതിയ കയർ ഉൽപന്നങ്ങൾ നിർമിക്കാനുള്ള ഫാക്ടറികൾ സ്ഥാപിക്കുന്ന പദ്ധതികളാണ് ബജറ്റിൽ വിഭാവന ചെയ്യുന്നത്. പള്ളിപ്പുറം ഗ്രോത്ത് സെൻററിെൻറ 10 ഏക്കറിൽ കയർ ക്ലസ്റ്ററും കണിച്ചുകുളങ്ങരയിൽ രാസപദാർഥങ്ങളില്ലാതെ നിർമിക്കുന്ന കയർ ബെൻറർലെസ് ബോർഡ് ഉൽപാദിപ്പിക്കുന്ന ഫാക്ടറിയും പ്രഖ്യാപിച്ചുണ്ട്.
112 കോടിയിൽ 41 കോടി യന്ത്രവത്കരണത്തിനും 31കോടി പ്രൈസ് ഫ്ലച്ചുവേഷൻ ഫണ്ടിനുമാണ് നീക്കിവെച്ചത്.സംസ്ഥാനത്ത് മത്സ്യമേഖലക്ക് വകയിരുത്തിയ 1500 കോടിയിൽ തീരദേശത്തിനും ഹാർബറുകൾക്ക് 209 കോടിയും കടൽഭിത്തിക്ക് 109 കോടിയും (ചേർത്തല-ചെല്ലാനം) ഉൾപ്പെടും. കടലിൽനിന്ന് 50 മീറ്റർ പരിധിയിൽ താമസിക്കുന്ന 2500 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതിക്ക് 250 കോടിയും വകയിരുത്തി. നെല്ലിെൻറ സംഭരണവില 28 രൂപയായി ഉയർത്തുമെന്നതാണ് മറ്റൊരു ബജറ്റ് പ്രഖ്യാപനം.
കുട്ടനാട് പാക്കേജിന് മൊത്തം അടങ്കൽ 2400 കോടി രൂപയാണ്. കായലിെൻറ ശുചീകരണത്തിനുള്ള ജനകീയ കാമ്പയിന് 10 കോടി രൂപ.യന്ത്രസഹായത്തോടെ കായൽ ചതുപ്പുകളിലെ ചളി കട്ടകുത്തി അത് ഉപയോഗപ്പെടുത്തി പുറംബണ്ടുകൾക്ക് വീതികൂട്ടി സംരക്ഷിക്കാനുള്ള കിഫ്ബി വഴിയുള്ള പദ്ധതിക്ക് 160 കോടി വകയിരുത്തി. 420 കി.മീറ്ററോളം നീളം വരുന്ന തോടുകളുടെയും കനാലുകളുടെയും പുനരുദ്ധാരണത്തിന് തൊഴിലുറപ്പുപദ്ധതി ഉപയോഗപ്പെടുത്തും.
എ.സി കനാലിെൻറ രണ്ടും മൂന്നും റീച്ചുകളുടെ പ്രവർത്തനം ഏറ്റെടുക്കും. കുട്ടനാട് പദ്ധതികൾക്കുവേണ്ടി ജലസേചനവകുപ്പിന് 39 കോടിയും കൃഷി വകുപ്പിെൻറ വിവിധ പദ്ധതികളിലായി 20 കോടിയുമുണ്ട്. കുട്ടനാട് പാക്കേജിെൻറ ഭാഗമായി പ്രധാനപ്പെട്ട മറ്റ് പദ്ധതികളിൽ 291 കോടിയും വകയിരുത്തിയിട്ടുണ്ട്. കുട്ടനാട് കുടിവെള്ളപദ്ധതിയും ആലപ്പുഴ-ചങ്ങനാശ്ശേരി റോഡും പുളിങ്കുന്ന് ആശുപത്രിയും ഇതിൽ ഉൾപ്പെടും. ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലവേറ്റഡ് ഹൈവേ നിർമാണത്തിനും തുക നീക്കിവെച്ചിട്ടുണ്ട്. നെല്ലിന് താങ്ങുവില 28 രൂപയാക്കിയിട്ടുണ്ട്.
ജില്ലക്ക് കിട്ടുന്നത്
•നെല്ലിെൻറ സംഭരണവില 28 രൂപയായി ഉയർത്തും
•കായൽ ശുചീകരണത്തിനുള്ള ജനകീയ കാമ്പയിന് 10 കോടി
•എ.സി കനാലിെൻറ രണ്ടും മൂന്നും റീച്ചുകളുടെ പ്രവർത്തനവും തുടങ്ങും
•താറാവുകൃഷിക്കാർക്ക് പകർച്ചവ്യാധി ഇൻഷുറൻസ്
•ലോകബാങ്ക് സഹായത്തോടെ അമ്പലപ്പുഴ-കാപ്പിത്തോട് ശുചീകരണപദ്ധതി
•ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലവേറ്റഡ് ഹൈവേ നിർമാണം
•സംസ്ഥാന ജലഗതാഗത വകുപ്പിന് 28 കോടി
•കെ.പി.എ.സിയുടെ നാടക ചരിത്രപ്രദർശന സ്ഥിരംവേദിക്ക് ഒരുകോടി
•കെ.എസ്.ടി.പി പദ്ധതി പൂർത്തീകരണത്തിന് 15 കോടി
•കയർ മേഖലയിൽ യന്ത്രവത്കരണത്തിനടക്കം 112 കോടി
•ചേർത്തല-ചെല്ലാനം തീരപ്രദേശത്തെ കടൽഭിത്തി പൂർത്തീകരണത്തിന് കിഫ്ബിയിൽനിന്ന് 100 കോടി
•ചാമ്പ്യൻസ് ബോട്ട് ലീഗ് പുനരാരംഭിക്കുന്നതിന് 20 കോടി
•കൊച്ചി ബിനാലെയുടെ ആലപ്പുഴ ആഗോള ചിത്രപ്രദർശനത്തിന് രണ്ടുകോടി
•ചേർത്തല താലൂക്ക് ആശുപത്രി നവീകരിക്കാൻ കിഫ്ബി ഫണ്ട്
•ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം നിർമാണം തുടങ്ങും
•സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പദ്ധതിയിൽ ആലപ്പുഴയും
•കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വാണിജ്യാടിസ്ഥാനത്തിൽ പുനരുദ്ധാരണം
•ആലപ്പുഴയിൽ പുതിയ ചരക്കുസേവന നികുതി കോംപ്ലക്സ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.