അരൂർ: തീൻമേശയിലെ ചെമ്മീൻ വിഭവങ്ങൾ നൽകുന്ന രുചി ഒരു വിഭാഗത്തിന് സന്തോഷം നൽകുമ്പോൾ വലയിൽ വീണ ചെമ്മീൻപോലെ പിടയുകയാണ് പീലിങ് തൊഴിലാളികൾ. ചെമ്മീൻ കിള്ളുന്ന സ്ത്രീ തൊഴിലാളികളെ വ്യവസായം ഇതുവരെ പരിഗണിച്ചിട്ടില്ല.
പതിറ്റാണ്ടുകളായി സർക്കാറിന്‍റെ അവഗണനയും നിശ്ശബ്ദമായി സഹിക്കുകയാണ് രോഗികളായി തീർന്ന ആദ്യകാല സ്ത്രീ തൊഴിലാളികൾ.
അരൂർ എം.എൽ.എ ദലീമ ജോജോ കഴിഞ്ഞദിവസം നിയമസഭയിൽ പീലിങ് തൊഴിലാളികൾക്കുവേണ്ടി സബ്മിഷൻ ഉന്നയിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾക്കു ലഭിക്കുന്ന ക്ഷേമ ആനുകൂല്യങ്ങളെല്ലാം പീലിങ് തൊഴിലാളികൾക്കും ലഭിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
2005ൽ രൂപംകൊണ്ട ചേംബർ ഓഫ് കേരള സീ ഫുഡ് ഇൻഡസ്ട്രി എന്ന ചെറുകിട വ്യവസായികളുടെ സംഘടന ആദ്യമായി തൊഴിലാളികളുടെ ക്ഷേമകാര്യങ്ങൾക്കായി സർക്കാറിനു മുന്നിൽ ചില ആവശ്യങ്ങൾവെച്ചു. പീലിങ് തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. തൊഴിലാളികളെ ജോലിക്ക് യഥേഷ്ടം കിട്ടാതാകുകയും പുതിയ തലമുറ ചെമ്മീൻ ജോലികളോട് വിമുഖത കാട്ടി തുടങ്ങുകയും ചെയ്തതോടെയാണ് മുതലാളിമാർതന്നെ തൊഴിലാളികൾക്കുവേണ്ടി രംഗത്തിറങ്ങിയത്.
കയർ, കശുവണ്ടി അടക്കം മറ്റ് വ്യവസായ-തൊഴിൽ മേഖലകളിൽ തൊഴിലാളികൾക്ക് കൃത്യമായ കണക്കും ക്ഷേമ ആനുകൂല്യങ്ങളും നിലവിലുണ്ട്.
എന്നാൽ, വർഷംതോറും കോടികളുടെ വിദേശനാണ്യം രാജ്യത്തിന് നേടിക്കൊടുക്കുന്ന വ്യവസായശാലകളിലെ ലക്ഷക്കണക്കിന് തൊഴിലാളികളെയാണ് സർക്കാർ കണ്ടില്ലെന്നു നടിച്ചത്. സമുദ്രോൽപന്ന കയറ്റുമതി മേഖലയിൽ ഇപ്പോൾ അന്തർസംസ്ഥാന തൊഴിലാളികൾ കടന്നുകയറുകയാണ്.
യൂറോപ്യൻ യൂനിയന്‍റെ കർശന നിലപാടോടെ തൊഴിലിടങ്ങൾ പഴയ കാലങ്ങളിലെ പോലെ അനാരോഗ്യകരമല്ല. അരൂർ മേഖലയിലെ പരമ്പരാഗത തൊഴിലായ കൃഷിയും കയറും മറ്റും അന്യമായപ്പോൾ പ്രധാന തൊഴിലായി ജനങ്ങൾക്ക് താങ്ങായത് ചെമ്മീൻ വ്യവസായമായിരുന്നു.
പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഒന്നും തന്നെ ഈ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ തയാറായില്ല. പീലിങ് തൊഴിലാളികൾക്ക് നൽകുന്ന ചെമ്മീന്റെ അളവും മിനിമം വേതനവും സംബന്ധിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്.
അരൂർ ചെമ്മീൻ സംസ്കരണശാലകളുടെ കേന്ദ്രം
സംസ്ഥാനത്ത് ഏറ്റവുമധികം ചെമ്മീൻ സംസ്കരണശാലകൾ കേന്ദ്രീകരിച്ചിരിക്കുന്നത് അരൂരിലാണ്. 2010ൽ സമുദ്രോൽപന്ന കയറ്റുമതിയുടെ മികവിൽ അരൂർ മേഖലയെ മികവിന്റെ പട്ടണമായി കേന്ദ്രസർക്കാർ അംഗീകരിച്ചു. അരൂർ, എഴുപുന്ന കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകളെയാണ് മികവിന്റെ പട്ടണമായി അംഗീകരിച്ചത്. കോവിഡിന് മുമ്പ് 2018-19ൽ 13,92,559 ടൺ മത്സ്യവിഭവങ്ങളാണ് ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്തത്. 46,589.37 കോടി കയറ്റുമതിയിലൂടെ മാത്രം രാജ്യത്തിന് ലഭിച്ചു. കൊച്ചി തുറമുഖത്തുനിന്ന് മാത്രം 1,84,457 ടൺ കയറ്റുമതിയിലൂടെ 5861.55 കോടിയുടെ വരുമാനമുണ്ടായി. അമേരിക്ക, ചൈന, ജപ്പാൻ, ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കായിരുന്നു പ്രധാന കയറ്റുമതി. 1960ന്റെ പകുതി മുതൽ അരൂർ മേഖലയിൽനിന്ന് ചെമ്മീൻ അറബ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങി. ചെമ്മീൻ ഉണക്കി പരിപ്പാക്കിയാണ് ആദ്യകാലങ്ങളിൽ കയറ്റുമതി ചെയ്തിരുന്നത്. ചെമ്മീൻ കയറ്റുമതിയുടെ ചരിത്രത്തിൽ അരൂർ മേഖലക്ക് പ്രഥമ സ്ഥാനമാണുള്ളത്. ഇപ്പോൾ മത്സ്യവിഭവങ്ങൾ പാചകം ചെയ്തുപോലും കയറ്റുമതി ചെയ്യുന്ന വിധത്തിലേക്ക് കയറ്റുമതി മേഖല മാറി. വിദേശരാജ്യങ്ങളിൽ ഏറെ താൽപര്യമുള്ളത് ഇന്ത്യയിലെ ചെറിയ ചെമ്മീനുകളാണ്.
തെള്ളിച്ചെമ്മീൻ എന്നറിയപ്പെടുന്ന ഇവക്ക് വിദേശരാജ്യങ്ങളിൽ വലിയ ഡിമാൻഡാണ്. ചെറിയ ചെമ്മീനുകളുടെ കുടൽ വലിച്ചുകളയാൻ കൈവേഗവും വൈദഗ്ധ്യമുള്ള സ്ത്രീത്തൊഴിലാളികൾ അരൂർ മേഖലയിൽ ധാരാളം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ എഴുപത്, എൺപതുകൾ ചെമ്മീൻ കയറ്റുമതിയുടെ സുവർണകാലമായി അരൂരിനെ പരിഗണിച്ചിരുന്നു. കയറ്റുമതിശാലകൾ അക്കാലങ്ങളിൽ കൊച്ചിയിലായിരുന്നു അധികവും. എന്നാൽ, പിന്നീട് അരൂരിലെ വ്യവസായ കേന്ദ്രത്തിലെ വ്യവസായശാലകളിൽ അധികവും സമുദ്രോൽപന്ന കയറ്റുമതി ശാഖകളായി പരിണമിച്ചു. അരൂരിലെ സീ ഫുഡ് പാർക്ക്, സീലാബ്, പള്ളിപ്പുറത്ത് പ്രവർത്തനസജ്ജമാകുന്ന മെഗാഫുഡ് പാർക്ക് എന്നിവയെല്ലാം സമുദ്രോൽപന്ന കയറ്റുമതിയുടെ വളർച്ചയെയാണ് കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.