ആലപ്പുഴ: കുട്ടനാട്ടിൽ സി.പി.എമ്മിലെ കുഴപ്പങ്ങൾക്ക് അറുതിയാകുന്നില്ല. ചമ്പക്കുളത്തും കൈനകരിയിലും നേതൃത്വത്തെ വെല്ലുവിളിച്ച് ലോക്കൽതല നേതാക്കളും പ്രവർത്തകരും രംഗത്തെത്തി. രാമങ്കരിയിൽ പഞ്ചായത്ത് പ്രസിഡന്റടക്കം ഒരു വിഭാഗം രണ്ടുമാസം മുമ്പ് പാർട്ടി വിട്ടതിനു പിന്നാലെയാണ് ചമ്പക്കുളത്തും കൈനകരിയിലും വിമത ശബ്ദമുയരുന്നത്.
തകഴിയിലും കുഴപ്പങ്ങൾ തലപൊക്കുന്നുണ്ട്. കൂട്ടത്തോടെ പാർട്ടി വിടുമെന്ന ഭീഷണിയാണ് ഇവർ ഉയർത്തുന്നത്. ഇതിനായി സി.പി.ഐ നേതൃത്വവുമായി ചർച്ചകളും തുടങ്ങിയിട്ടുണ്ട്. ചമ്പക്കുളത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് വിമതർ രംഗത്തെത്തിയിരിക്കുന്നത്.
ഇവിടെ കഴിഞ്ഞ സമ്മേളന കാലത്ത് വിഭാഗീയത കാരണം നിർത്തിവെച്ച ലോക്കൽ സമ്മേളനം ഇനിയും ചേരാൻ കഴിഞ്ഞിട്ടില്ല. ഇതിലുള്ള പ്രതിഷേധവും ഉന്നയിച്ചാണ് വലിയൊരു വിഭാഗം പ്രവർത്തകർ പാർട്ടി വിടുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നത്.
കൈനകരിയിൽ സെക്രട്ടറിയടക്കം ആറ് എൽ.സി അംഗങ്ങളും ഒമ്പത് ബ്രാഞ്ച് സെക്രട്ടറിമാരും 50 അംഗങ്ങളുമാണ് പാർട്ടി വിടുമെന്ന ഭീഷണി മുഴക്കുന്നത്. എല്ലാ നീക്കങ്ങളും രഹസ്യമായി സൂക്ഷിക്കണമെന്ന് സി.പി.ഐ നേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്. നവകേരള യാത്ര നടത്തുന്ന സമയമായതിനാൽ മുന്നണിബന്ധം ഉലക്കുന്ന ഒരു പ്രവൃത്തിയും ഉണ്ടാകരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യാത്ര കഴിഞ്ഞശേഷം കാര്യങ്ങളിൽ തീരുമാനമാക്കാമെന്നാണ് നേതൃത്വം ഉറപ്പുനൽകിയിരിക്കുന്നത്.
അഴിമതിയാണ് ഔദ്യോഗിക പക്ഷത്തിനെതിരെ വിമതർ ഉന്നയിക്കുന്ന പ്രധാന ആരോപണം. സ്നേഹവീട് നിർമാണവുമായി ബന്ധപ്പെട്ട് 12 ലക്ഷം രൂപ പിരിക്കാനാണ് പാർട്ടി യോഗങ്ങളിൽ തീരുമാനിച്ചത്. 26 ലക്ഷത്തോളം പിരിച്ചതായി വിമതർ പറയുന്നു. വീടുപണിയിലെ അഴിമതി, കണക്കിലെ കള്ളത്തരങ്ങൾ, പണം വകമാറ്റി ചെലവഴിക്കൽ അടക്കം ആരോപണങ്ങൾ ഒട്ടേറെയാണ്. സ്വഭാവദൂഷ്യമുള്ളവരെ പാർട്ടി സംരക്ഷിക്കുന്നെന്നും കൈനകരിയിൽ ആരോപണം ഉയർന്നിട്ടുണ്ട്.
ചമ്പക്കുളത്ത് ഒരു നേതാവ് പൊടുന്നനെ വീട് നിർമാണം തുടങ്ങിയത് അഴിമതിക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലല്ലാതിരുന്ന നേതാവ് വീടുപണി തുടങ്ങിയതാണ് ആരോപണത്തിന് കാരണമാകുന്നത്. വീട് നിർമാണത്തിനുള്ള പണത്തിന്റെ ഉറവിടം ചോദിച്ചിട്ട് വെളിപ്പെടുത്താനും കൂട്ടാക്കുന്നില്ലത്രേ.
വനിത പഞ്ചായത്ത് പ്രസിഡന്റിനെ ഭരിക്കാൻ അനുവദിക്കാതെ ലോക്കൽ സെക്രട്ടറി എല്ലാ കാര്യങ്ങളിലും നിയന്ത്രണത്തിലാക്കുന്നു എന്ന ആരോപണവുമുയരുന്നു. കഴിഞ്ഞ സമ്മേളന കാലത്തെ വിഭാഗീയതയുടെ കനലുകൾ കെടാതിരിക്കുന്നതാണ് അടിസ്ഥാന പ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.