ആലപ്പുഴ: രുചിയേറുന്ന ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളാണ് ആലപ്പുഴയിലെ ‘ജാക്ക് വേൾഡ്’ കുടുംബശ്രീ വനിതകൂട്ടായ്മ പരിചയപെടുത്തുന്നത്. ആലപ്പുഴ ആറാട്ടുവഴി പത്മകാർപറ്റ് ഹൗസ് ജ്യോതിയുടെ നേതൃത്വത്തിൽ കളപ്പുര ഗസ്റ്റ് ഹൗസിന് സമീപത്തെ വീട്ടിൽനിന്നാണ് ചക്കയുടെ ചന്തമുള്ള ഈവിജയഗാഥയുടെ പിറവി.
ചക്കഹൽവ, ചക്കക്കുരു, ചക്കവരട്ടി, ചക്ക സ്ക്വാഷ്, ചക്കക്കുരു ചെമ്മീൻ റോസ്റ്റ്, ചക്കക്കുരു ചമ്മന്തിപൊടി, ചക്കക്കുരു ചെമ്മീൻ അച്ചാർ, ഇടിചക്ക അച്ചാർ, ചക്ക ഉണക്കിയത്, ചക്കപൊടി, ചക്ക അവലോസുപൊടി, കുക്കീസ് തുടങ്ങിയ 60ലധികം ഇനങ്ങളാണുള്ളത്.
ചക്കക്കുരു ചെമ്മീൻ അച്ചാറിനും ചെമ്മീൻ ചമ്മന്തിയും ചക്ക ഹൽവക്കുമാണ് ഡിമാന്റ് ഏറെ. ചക്ക ഹൽവക്ക് കിലോ 300 രൂപയും ചെമ്മീൻ അച്ചാറിന് 700ഗ്രാമിന് 220 രൂപയും ചെമ്മീൻ ചമ്മന്തി 200ഗ്രാമിന് 160 രൂപയുമാണ് വില.ചക്ക സ്ക്വാഷ്-200രൂപ, ചക്കകുരു ചമ്മന്തി പൊടി-130 രൂപ, ഇടിച്ചക്ക അച്ചാർ-120രൂപ, ചക്ക-കിലോ 120 രൂപ, ചക്ക ഉണക്കിയത്-250ഗ്രാം 250രൂപ, ചക്കപ്പൊടി-250, ചക്ക അവലോസ് പൊടി-190രൂപ എന്നിങ്ങനെയാണ് മറ്റ് ഉൽപന്നങ്ങളുടെ വില.
10 വർഷം മുമ്പ് ചക്ക സ്ക്വാഷും ചമ്മന്തിയുമായിട്ടായിരുന്നു തുടക്കം. കൂടുതൽ ആവശ്യക്കാർ എത്തിയതോടെ വ്യത്യസ്ത ഉൽപന്നങ്ങൾ നിറഞ്ഞു. കായംകുളം കെ.വി.കെയിലായിരുന്നു പരിശീലനം. വീട്ടിലെത്തി വാങ്ങിക്കുന്നവരാണ് ഏറെയും. ലേബൽ കണ്ടറിഞ്ഞ് ഗൾഫ് അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് എത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. ചക്കയുടെ വിവിധ ഉൽപന്നങ്ങൾ തേടിയെത്തുന്നവർക്ക് കൊറിയറായും അയച്ചുകൊടുക്കാറുണ്ട്. കേടാകാതെയിരിക്കാൻ രാസപദാർഥങ്ങൾ ചേർക്കാത്തതിനാൽ കടകളിലൂടെയുള്ള വിൽപനയില്ല. പ്രതിമാസം അഞ്ചുലക്ഷത്തോളം രൂപ വരുമാനം കിട്ടുന്നുണ്ട്.
കുടുംബശ്രീ വഴി കൂടുതൽ അവസരങ്ങൾ ലഭിച്ചതോടെയാണ് ആവശ്യക്കാരുടെ എണ്ണം വർധിച്ചത്. ഡൽഹി, വാരാണസി, തിരുവനന്തപുരം അടക്കമുള്ള വിവിധ പ്രദർശനത്തിലും ഇടംപിടിച്ചായിരുന്നു മുന്നേറ്റം. തിരുവനന്തപുരത്ത് നടന്ന സരസ് മേളയിൽ 300 സ്റ്റാളുകളിൽ ഏറ്റവും മികച്ച സ്റ്റാളിനും വിൽപനക്കുമുള്ള അവാർഡ് കിട്ടി. സീസൺ അല്ലെങ്കിലും ചക്ക സുലഭമായി കിട്ടുന്നതാണ് നേട്ടം. നാടൻ ചക്കയും വിയറ്റ്നാം ഏർലിയും ഉപയോഗിച്ചാണ് ഉൽപന്നങ്ങൾ തയാറാക്കുന്നത്.
വിവിധ ജില്ലകളിലെ എന്റെ കേരളം പ്രദർശനത്തിൽ കണ്ണികളായതോടെ കേരളത്തിനകത്തും പുറത്തുംനിന്നും നിരവധിപേരാണ് വാങ്ങാനെത്തുന്നത്. ഉൽപന്നങ്ങളുടെ ഗുണമേന്മയാണ് ഇതിൽ പ്രധാനം. ചക്കയുടെ വിനാഗിരിയാണ് അച്ചാറുകൾക്ക് ഉപയോഗിക്കുന്നത്.
ആലപ്പുഴ ബീച്ചിൽ നടന്ന എന്റെ കേരളം പ്രദർശനത്തിൽ ചക്കപായസം, ചക്കഅട, ചക്ക ഉണ്ണിയപ്പം, ചക്ക കട്ലറ്റ് അടക്കമുള്ള വ ലൈവ് ആയിട്ടാണ് ചെയ്തത്.ജ്യോതിയുടെ ഭർത്താവ് ലിഖിതരാജും മക്കളായ അരവിന്ദ്, അനുപം, അഭിഷേക്, (വിദ്യാർഥികൾ) എന്നിവരും സംരംഭത്തിന് പിന്തുണയുമായി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.