ആലപ്പുഴ: അതൊരു കാലമായിരുന്നു. ആലപ്പുഴ നഗരത്തിലെ കനാലുകളിലൂടെ ചരക്കുകളും പേറി കെട്ടുവള്ളങ്ങൾ നിരനിരയായി നീങ്ങിയിരുന്ന കാലം. ആലപ്പുഴ തിരുവിതാംകൂറിലെ പ്രധാന വ്യാപാര കേന്ദ്രമായിരുന്ന കാലം. അക്കാലത്തെ ഓർമപ്പെടുത്തുന്ന നിരവധി പണ്ടകശാലകളും കെട്ടിടങ്ങളുമെല്ലാം നിലനിൽക്കുന്ന നഗരത്തിൽ ഓർമകളെ ഉണർത്തുന്ന ആരാധനാലയമാണ് ജൈനക്ഷേത്രം.
ഗുജറാത്തി സ്ട്രീറ്റിൽ മുപ്പാലത്തിന്റെ വടക്കുകിഴക്ക് ഭാഗത്താണ് ഈ ക്ഷേത്രം. ഗുജറാത്തിൽനിന്ന് ഇവിടേക്ക് വ്യാപാരവുമായി വന്ന കുടുംബങ്ങളുടെ ആരാധന കേന്ദ്രം ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ടഇടവുമാണ്. ഗുജറാത്തി ജൈനരുടെ ചരിത്രം പറയുന്ന ദക്ഷിണേന്ത്യയിലെ ചുരുക്കം ജൈന ക്ഷേത്രങ്ങളിൽ ഒന്നാണിത്. ആലപ്പുഴ നഗരത്തിന്റെ ശിൽപി ദിവാൻ രാജാകേശവദാസാണ് ഗുജറാത്തി വ്യാപാരികൾക്ക് ഇവിടെ പാർക്കാൻ ഇടമൊരുക്കിയത്. അക്കാലത്ത് അവർ ആരാധനക്കായി സ്ഥാപിച്ചതാണ് ജൈന ക്ഷേത്രം.
ക്ഷേത്രവും സ്ഥാപിതമായതോടെ നൂറ്റമ്പതോളം ഗുജറാത്തി കുടുംബങ്ങൾ ഇവിടെ വാസമുറപ്പിച്ചിരുന്നു. അന്നത്തെ വ്യാപാരത്തിന്റെ നിറംകെട്ടു തുടങ്ങിയതോടെ ഗുജറാത്തി കുടുംബങ്ങളുടെ എണ്ണവും കുറഞ്ഞ് തുടങ്ങി. ഇപ്പോൾ 20 ഓളം കുടുംബങ്ങൾ മാത്രമാണുള്ളത്. ആരാധകർ കുറഞ്ഞെങ്കിലും പുതുമോടിയുടെ തിളക്കത്തോടെ നിൽക്കുകയാണ് ജൈന ശ്വേതാംബർ ക്ഷേത്രം.
ക്ഷേത്രത്തിൽ രണ്ട് മന്ദിരങ്ങളുണ്ട്, അതിൽ ഒന്നാണ് നൂറുകണക്കിന് വർഷം പഴക്കമുള്ള പ്രാചീന ക്ഷേത്രം, മറ്റൊന്നാണ് 30 വർഷം മുമ്പ് നിർമിച്ച പുതിയ മന്ദിരം. സമകാലിക ജൈന ആചാരങ്ങൾക്കും ആരാധനകൾക്കുമായി വിപുലീകരിച്ച് പണികഴിപ്പിച്ചതാണ് പുതിയ മന്ദിരം. നവീനതയും പൈതൃക ആവിഷ്കാരവും സംയോജിപ്പിച്ച നിർമാണ ശൈലിയാണ് പുതിയ മന്ദിരത്തിന്റെ പ്രത്യേകത. ഈ ക്ഷേത്രത്തിലെ പ്രാർഥനാ സമയങ്ങൾ രാവിലെ ആറു മുതൽ ഉച്ചക്ക് 12.30 വരെയും വൈകീട്ട് അഞ്ചു മുതൽ രാത്രി എട്ടുവരെയുമാണ്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വാസുപൂജ്യയുടേതാണ്. ധർമനാഥൻ, ശ്രേയനസനാഥൻ, പർശ്വനാഥൻ എന്നീ തീർഥാങ്കരരുടെ പ്രതിഷ്ഠകളും ഉണ്ട്.
വെള്ള കൊട്ടാരമാണ് ക്ഷേത്രം. വെളുത്ത മാർബിളും വൈറ്റ്സിമന്റും ഉപയോഗിച്ചണ് നിർമിച്ചിരിക്കുന്നത്. പ്രധാനമായും രാജസ്ഥാനിൽ നിന്നുള്ള കല്ലുകളും ഉപയോഗിച്ചിട്ടുണ്ട്. രാജസ്ഥാൻ പാറകൾ, ക്ഷേത്രത്തിന്റെ ആകർഷകത്വം വർധിപ്പിക്കുന്നു. ക്ഷേത്രത്തിന്റെ മുകൾനിലയിൽ പ്രത്യേക മകുടം ഉണ്ട്.
ഗുജറാത്തി വ്യാപാരികൾക്കായി രാജാകേശവദാസ് സ്ഥാപിച്ചതാണ് ഈ ക്ഷേത്രംഇത് മറ്റ് ജൈനക്ഷേത്രങ്ങളിൽ സാധാരണയായി കാണുന്നതല്ല. ക്ഷേത്രത്തിന്റെ മതിലുകൾക്കും ശിലകൾക്കും വിവിധ ജൈന ചിഹ്നങ്ങൾ, ദേവതകൾ, മോട്ടിഫുകൾ എന്നിവയും ഉൾപ്പെടുന്ന ശിൽപങ്ങൾ ഉണ്ട്. ഇരുമ്പ് ഉപയോഗിക്കാതെ നിർമിച്ച ഏക ജൈന ക്ഷേത്രവുമാണിത്. ആലപ്പുഴയിലെ ഗുജറാത്തി വ്യാപാരത്തിന്റെ പ്രതീകമായി മഹാവീർ കയർ കമ്പനി ഇപ്പോഴും നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.