ആലപ്പുഴ: കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന 'ജനകീയ ഹോട്ടൽ' പ്രതിസന്ധിയിൽ. 20 രൂപയുടെ ഊണ് മുടങ്ങുമോയെന്ന് ആശങ്കയുണ്ട്. പാചകവാതകത്തിന്റെയും അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെയും ഉയർന്ന വിലയും ജി.എസ്.ടിയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
കുടുംബശ്രീ പ്രവർത്തകരാണ് ജനകീയ ഹോട്ടലുകൾ നടത്തുന്നത്. ഓരോ ജനകീയ ഹോട്ടലിനും വിൽപനക്ക് അനുസരിച്ച് നാല് മുതൽ 10 വരെ ജീവനക്കാരാണുള്ളത്.
20 രൂപക്ക് ഊണ് നൽകാൻ ജീവനക്കാർ കൈയിൽനിന്ന് പണംമുടക്കേണ്ട സ്ഥിതിയാണ്. പ്ലാസ്റ്റിക് നിരോധനത്തിൽ പാർസൽ നൽകാൻ അധികച്ചെലവ് ഏറെയാണ്. ജില്ലയിൽ 87ലധികം ജനകീയ ഹോട്ടലാണുള്ളത്. ഒരു ഊണിന് പത്തു രൂപയാണ് സബ്സിഡി ലഭിക്കുന്നത്. ഊണിന്റെ വിലയായ 20 രൂപയുംകൂടി ചേർത്താൽ 30 രൂപ കിട്ടും. രണ്ടുമാസത്തിലേറെയായി മുടങ്ങിയ സബ്സിഡി ഒരുകോടി 75 ലക്ഷം രൂപ വിതരണം നടത്തിയെങ്കിലും പിടിച്ചുനിൽക്കാൻ പെടാപ്പാടുപെടുകയാണ് നടത്തിപ്പുകാർ.
ചോറും രണ്ട് കറിയും മീൻചാറും തോരനും മെഴുക്കുപുരട്ടിയും അടങ്ങുന്ന ഊണ് 30 രൂപക്കുള്ളിൽ തയാറാക്കാൻ കഴിയില്ലെന്ന് കുടുംബശ്രീ പ്രവർത്തകർ പറയുന്നു.
സബ്സിഡി പലപ്പോഴും സമയത്ത് ലഭിക്കാത്തതും പ്രശ്നമാണ്. തദ്ദേശ സ്ഥാപനങ്ങളാണ് ഹോട്ടൽ പ്രവർത്തിക്കാനാവശ്യമായ സ്ഥലസൗകര്യവും വെള്ളവും ഉൾപ്പെടെ ഒരുക്കുന്നത്. ഊണിന്റെ വിൽപന കണക്കാക്കി കുടുംബശ്രീ ജില്ല മിഷനിൽനിന്നാണ് തുക അനുവദിക്കുന്നത്. ഊണിന് കൂടുതൽ വിൽപനയുള്ള ഹോട്ടലുകൾ ലാഭം കിട്ടുന്ന പണം അക്കൗണ്ടുകളിലാക്കി നടത്തിപ്പിന് ആവശ്യമായ തുക കണ്ടെത്തും. എന്നാൽ, ഇടത്തരം കച്ചവടക്കാരാണ് വലയുന്നത്. ലാഭത്തിൽനിന്ന് ചെലവിനെടുത്താൽ പിന്നെ വരുമാനമുണ്ടാകില്ല. ഈസാഹചര്യത്തിൽ ഊണിന് വിലകൂട്ടാനുള്ള നിർദേശം കുടുംബശ്രീ ജില്ല മിഷൻ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.