ദിവസങ്ങൾ ബാക്കിനിൽക്കെ ക്രിസ്മസിനെ വരവേൽക്കാൻ വീടുകളിലും കടകളിലും നക്ഷത്രവിളക്കുകളും അലങ്കാരദീപങ്ങളും മിഴിതുറന്നു. നക്ഷത്രത്തിനൊപ്പം പുല്‍ക്കൂടും ക്രിസ്മസ് ട്രീയും വീടുകളിൽ ഇടംപിടിക്കുന്നതിന്റെ തിരക്ക് വിപണിയിലുമുണ്ട്. പേരുകളിലെ പുതുമ തന്നെയാണ് ഇത്തവണത്തെ ട്രെൻഡ്. കുളിരുള്ള രാവുകളിൽ ഇനി മുതൽ തിരുപ്പിറവിയുടെ സന്ദേശവും കരോൾ സംഘങ്ങളുടെ പാട്ടുമേളവും അലയടിക്കും. ആഘോഷത്തിന് പൊലിമകൂട്ടി തെരുവോരത്ത് ക്രിസ്മസ് പാപ്പാ മുഖംമൂടികളും തൊപ്പികളും കളംപിടിച്ചിട്ടുണ്ട്. ആ വർണകാഴ്ചയിലേക്ക് മാധ്യമത്തിന്റെ സഞ്ചാരം...
ആലപ്പുഴ: സിനിമയുടെ പേരിലാണ് ഇക്കുറി നക്ഷത്രത്തിളക്കം. മമ്മൂട്ടി ചിത്രമായ കാതൽ ദി കോർ, കണ്ണൂർ സ്ക്വാഡ് എന്നിവക്കാണ് ആവശ്യക്കാർ ഏറെ. കാതലിന് 500-600 രൂപയാണ് വില. ഒറ്റ ഫ്രെയിമില്‍ നാലെണ്ണമുള്ള എല്‍.ഇ.ഡി സ്റ്റാറാണ് കണ്ണൂര്‍ സ്ക്വാഡ്. ഷെയിൻ നിഗം നായകനായ ആർ.ഡി.എക്സ് നക്ഷത്രവും വിപണിയിലുണ്ട്. വിവിധ ഡിസൈനുകളിൽ എൽ.ഇ.ഡി ലൈറ്റുകൾ ഒന്നിച്ചെത്തുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. സൗബിന് ഷാഹിര്‍ പ്രധാനകഥാപാത്രമായ രോമാഞ്ചം, രജനികാന്ത് നായകനായുള്ള ജയിലർ, വിജയ് ചിത്രമായ ലിയോ അടക്കമുള്ള സിനിമ പേരുകളിൽ പുതുമതീർത്താണ് വിൽപന.
വാട്ടര്‍ പ്രൂഫ് ക്രിസ്റ്റല്‍ സ്റ്റാര്‍ സെറ്റും രംഗത്തുണ്ട്. വ്യത്യസ്തങ്ങളായ എൽ.ഇ.ഡി ലൈറ്റുകളാണ് തരംഗമാകുന്നത്. ഇവക്കൊപ്പം പുതുമനിറഞ്ഞ നക്ഷത്രങ്ങളും വിപണി കീഴടക്കുന്നു. വിവിധ നിറങ്ങളിലെ നിയോൺ, പേപ്പർ സ്റ്റാറുകൾ അതിവേഗമാണ് വിറ്റഴിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് കച്ചവടം കൂടിയിട്ടുണ്ടെന്ന് ആലപ്പി ന്യൂ ബസാർ സിതാര ഫാൻസി ഉടമ സത്താർ പറയുന്നു. വർണവിസ്മയം തീർത്ത് ചൈനയിൽനിന്ന് എത്തുന്ന ‘ഡി.ടി.എസ്’ മുഴുവനായും വിറ്റുതീർന്നു. 320 രൂപ വിലവരുന്ന ഡി.ടി.എസ് നക്ഷത്രം കിട്ടാനില്ല. ഇതിന് പിന്നാലെ പറവയും ചക്രവുമാണ് കൂടുതൽ പോകുന്നത്. 620-650 രൂപവരെയുള്ള മൾട്ടി കളർ അലങ്കാരദീപങ്ങൾ പുതുമനിറഞ്ഞതാണ്. ബട്ടർപേപ്പറിൽ വിവിധ നിറത്തിൽ എത്തുന്ന നക്ഷത്രങ്ങളിൽ വെള്ളക്കാണ് കൂടുതൽ ഡിമാന്റ്. ആറ് വലുതും ആറ് ചെറുതും ഒത്തുചേരുന്ന എൽ.ഇ.ഡി നക്ഷത്രത്തിനും വിൽപനയുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.