കായംകുളം: കാക്കിക്കുള്ളിലെ കർഷകർ ഒത്തുചേർന്നപ്പോൾ കാടുമൂടിയ സ്റ്റേഷൻ വളപ്പിൽ പച്ചക്കറികൾ വിളയുന്നു. കായംകുളം ട്രാഫിക് സ്റ്റേഷൻ പരിസരത്താണ് പൊലീസുകാർ സംഘകൃഷിയുടെ വിജയഗാഥ രചിച്ചത്. കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്യാമെന്നുള്ള പൊലീസുകാരുടെ താൽപര്യത്തിന് ഡിവൈ.എസ്.പി അലക്സ് ബേബി സമ്മതം മൂളിയതോടെ കാര്യങ്ങൾ വേഗത്തിലായി.
കൃഷിഭവനിൽനിന്ന് വിത്തുകൾ കൂടി എത്തിച്ചതോടെ വിശ്രമവേളകളിൽ കാടുവെട്ടിത്തെളിച്ച് മെണ്ണാരുക്കി ഭൂമി പാകപ്പെടുത്തി. തുടർന്ന് വെണ്ട, പയർ, ചീര, കോളിഫ്ലവർ, വഴുതന തുടങ്ങിയവയാണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷിചെയ്തത്. ജൈവവള പ്രയോഗവും മികച്ച പരിപാലനവും നൽകിയപ്പോൾ തൈകളെല്ലാം തഴച്ചുവളർന്നു. ആദ്യകൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചതിലൂടെ കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണിവർ. കൂടുതൽ ഭാഗം വൃത്തിയാക്കി പാവൽ, പടവലം തുടങ്ങിയവകൂടി കൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് എസ്.െഎ എം. രാജേന്ദ്രൻ പറഞ്ഞു.
സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, അനൂപ്, അരുൺ, അനിരുദ്ധൻ, ഹോം ഗാർഡുകളായ വിദ്യാധരൻ, രാജു തുടങ്ങിയവരാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.