മണ്ണെണ്ണ വിലവർധന: വലഞ്ഞ് മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തീർത്തും പ്രതിസന്ധിയിലാക്കി മണ്ണെണ്ണ വിലയിലെ കുതിച്ചുകയറ്റം. ലിറ്ററിന് 82 രൂപയായിരുന്നത് 102 രൂപയിലെത്തിയതോടെ തൊഴിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞമാസം ആദ്യം 50 രൂപയായിരുന്ന മണ്ണെണ്ണക്ക് ഇപ്പോഴത്തെ വില 102. ആകെ 50 രൂപയുടെ വർധന. റേഷൻ കടയിലൂടെ മാസത്തിൽ അരലിറ്റർ വീതം നൽകിവന്ന മണ്ണെണ്ണ ഇപ്പോൾ മൂന്നുമാസത്തിലൊരിക്കലാക്കി വിതരണം.

വറുതിയലമർന്ന തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ചാകര കാത്തിരിക്കുമ്പോഴാണ് വെല്ലുവിളിയായി മണ്ണെണ്ണ വിലവർധന. മീൻപിടിത്ത വള്ളങ്ങൾക്ക് പെർമിറ്റ് അനുസരിച്ച് മണ്ണെണ്ണ നൽകുന്നുണ്ട്. അത് നാല് ദിവസത്തേക്കുപോലും തികയില്ല.

തുടർന്നുള്ള ദിവസങ്ങളിലേക്ക് കരിഞ്ചന്തയിൽനിന്ന് കൂടിയ വിലയിൽ വാങ്ങണം. ഇത്രയും കൂടിയ വിലയിൽ വാങ്ങിയാലും കടലിളകിക്കിടക്കുന്നതിനാൽ പല വള്ളങ്ങളും കാലിവലയുമായി തിരികെ വരികയാണ്. മണ്ണെണ്ണ വില കൂടുന്നത് അനുസരിച്ച് മീനിന് ന്യായവില കിട്ടുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. പലപ്പോഴും ഒരു കിലോ കൊഴുവക്ക് 30 രൂപപോലും കിട്ടാത്ത സാഹചര്യമാണ്.

വിഷയത്തിൽ റേഷൻ വ്യാപാരികളും പ്രതിഷേധത്തിലാണ്. റേഷൻ കടകളിൽ ഇനി മണ്ണെണ്ണ സ്റ്റോക്കെടുക്കേണ്ടെന്ന കൂട്ടായ തീരുമാനത്തിലേക്ക് നീങ്ങുകയാണ് വ്യാപാരികൾ. ഒരു ലിറ്ററിന് 2.20 രൂപയെന്ന കമീഷൻ നിരക്ക് നാമമാത്രമാണെന്നതും മണ്ണെണ്ണ വില 88 രൂപയിൽനിന്ന് 102 ആയതോടെ വാങ്ങാൻ ആള് കുറഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് റേഷൻ വ്യാപാരികളുടെ നീക്കം.

റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില അടിക്കടി വർധിപ്പിക്കുകയും വിഹിതം വെട്ടിക്കുറക്കുകയും ചെയ്യുന്ന കേന്ദ്ര നടപടി ഇവർ ചോദ്യംചെയ്യുന്നു. റേഷൻ മണ്ണെണ്ണയുടെ വില കുറച്ചു മാസത്തിനിടെ 86 രൂപ വർധിപ്പിച്ചപ്പോഴും റേഷൻ വ്യാപാരികളുടെ കമീഷൻ തുകയിൽ ഒരു പൈസപോലും വർധിപ്പിച്ചില്ല.

മണ്ണെണ്ണ വിലവർധനക്ക് ആനുപാതികമായി കമീഷൻ തുക വർധിപ്പിക്കണമെന്നും മണ്ണെണ്ണ നേരിട്ട് കടകളിൽ എത്തിച്ചുനൽകണമെന്നും സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദും സെക്രട്ടറി എൻ. ഷിജീറും ആവശ്യപ്പെട്ടു.

Tags:    
News Summary - Kerosene price hike: Fishermen trapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.