അഞ്ച്​ മണിക്കൂറിൽ എട്ടര ലക്ഷം കളക്ഷൻ; ഹൈടെന്‍ഷന്‍ ലൈനിന് കാഷ്യറുടെ പേര്​ നൽകി കെ.എസ്​.ഇ.ബി

ആലപ്പുഴ: അഞ്ച് മണിക്കൂറില്‍ എട്ടര ലക്ഷം രൂപ കളക്ഷെടുത്ത കാഷ്യറുടെ പേര് ഹൈടെന്‍ഷന്‍ ലൈനിന് നല്‍കി കെ.എസ്​.ഇ.ബി. ആലപ്പുഴ (Alapuzha). സൗത്ത് ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ കാഷ്യർ ആലപ്പുഴ ലജ്‌നത്ത് വാര്‍ഡ് ഫിറോസ് മന്‍സിലില്‍ എസ്.കെ. ഫിറോസ് ഖാന്‍റെ പേരാണ് കെ.എസ്​.ഇ.ബി വൈദ്യുതി ലൈനിന് നല്‍കിയത്. കേരളത്തില്‍ ആദ്യമായാണ് ഒരു ജീവനക്കാരന്‍റെ പേര് ഒരു വൈദ്യുതി ലൈനിന് നല്‍കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 18ന് ആണ് റെക്കോര്‍ഡ് കളക്ഷന്‍ എടുത്ത് ഫിറോസ് ഖാന്‍ കെ.എസ്​.ഇ.ബിയെ ഞെട്ടിച്ചത്. അഞ്ച് മണിക്കൂര്‍ കൊണ്ട് 437 ബില്ലുകളില്‍ നിന്ന് 8,51,080 രൂപയാണ് ഫിറോസ് പിരിച്ചെടുത്തത്. നോട്ടെണ്ണല്‍ യന്ത്രത്തിന്റെ സഹായം പോലുമില്ലാതെ അത്രയും സമയം ഓഫീസില്‍ ബില്ല് അടക്കാനെത്തിയവരുടെ സംശയങ്ങള്‍ പരിഹരിച്ചും പരാതികള്‍ കേട്ടും കൃത്യമായി ജോലി ചെയ്താണ് ഫിറോസ് ഈ നേട്ടം കൈവരിച്ചത്.

ഫിറോസിന്റെ ഈ മികവ് ഉന്നത അധികാരികളെ അറിയിച്ച സൗത്ത് സെക്ഷന്‍ അധികൃതര്‍, അവരുടെ അനുമതിയോടെയാണ് ഫിറോസ് ഖാന്റെ വീടിന് സമീപമുള്ള സക്കറിയ ബസാര്‍ ട്രാന്‍സ്‌ഫോമറിന്റെ വിതരണ ലൈനിന് ഫിറോസ് ഖാന്‍ എ.ബി എന്ന് പേരിട്ടത്.

'ഒരു ഏരിയല്‍ ബഞ്ച്ഡ് ലൈനിന് (AB Line) എന്റെ പേര് നല്‍കിയതില്‍ സന്തോഷം, വര്‍ഷങ്ങളോളം ഫിറോസ് ഖാന്‍ ലൈന്‍ എ.ബി ഇങ്ങനെ നില്‍ക്കുമല്ലോ' ഫിറോസ് ഖാന്‍ പറഞ്ഞു. സെലീന കുട്ടശേരിയാണ് ഫിറോസ് ഖാന്റെ ഭാര്യ. മകന്‍ എഫ്. കെ ഫര്‍ദീന്‍ ഖാന്‍

Tags:    
News Summary - KSEB gives cashiers names for high tension line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.