ആലപ്പുഴ: ‘കുറഞ്ഞ ചെലവിൽ സുരക്ഷിതമായ വിനോദയാത്ര’ എന്ന കെ.എസ്.ആർ.ടി.സിയുടെ ടൂർ പാക്കേജ് ആഘോഷമാക്കി സഞ്ചാരികൾ. ഇതോടെ ജില്ലയിലെ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ വരുമാനം ഒരുകോടി കടന്നു. ഏഴ് ഡിപ്പോകളിൽനിന്ന് 1,11,54,404 രൂപയാണ് ലഭിച്ചത്. മാവേലിക്കര ഡിപ്പോയാണ് വരുമാനത്തിൽ മുന്നിൽ - 36,54,382 രൂപ. 15 സ്ഥലങ്ങളിലേക്ക് നടത്തിയ ട്രിപ്പിൽ ഗവി യാത്രയാണ് ഹിറ്റ്. 25,56,430 രൂപ ഇതിലൂടെ ലഭിച്ചു. മലക്കപ്പാറയാണ് ട്രിപ്പുകളുടെ എണ്ണത്തിൽ മുന്നിൽ.
ഗവി യാത്രയാണ് മാവേലിക്കര ഡിപ്പോക്ക് 36,54, 382 വരുമാനം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത്. 11 ട്രിപ്പുകളിൽനിന്ന് 5,55,000 രൂപ കിട്ടി. ഹരിപ്പാട് ആകെ വരുമാനം - 17,53,502 രൂപയാണ്. ഗവി ഏഴ് ട്രിപ്- 4,33,700 രൂപ. ചെങ്ങന്നൂർ ആകെ വരുമാനം -14,68,480. ഗവി ആറ് ട്രിപ്- 2,98,430. കായംകുളം ആകെ വരുമാനം 11,13,080. ഗവി ഏഴ് ട്രിപ് -3,66,050. ചേർത്തല ആകെ വരുമാനം - 8,42,470. ഗവി മൂന്ന് ട്രിപ് -1,75,750. എടത്വ ആകെ വരുമാനം- 7,59,080. ഗവി ആറ് ട്രിപ് - 3,11,000 രൂപ. ആലപ്പുഴ ആകെ വരുമാനം - 15,63,410. ഗവി എട്ട് ട്രിപ്- 4,16,500. ഗവി ട്രിപ്പുകളുടെ ആകെ എണ്ണം 50 ആയി. യാത്രികർ 1593 ഉം.
വിനോദസഞ്ചാരം, വനംവകുപ്പുകളുമായി ചേർന്നാണ് ബജറ്റ് ടൂർ പാക്കേജുകൾ. ഗവി, മലക്കപ്പാറ, അരിപ്പ, വാഗമൺ, മൂന്നാർ, വണ്ടർല, മാമലക്കണ്ടം ജംഗിൾ സഫാരി, മൺറോതുരുത്ത്, കൊച്ചി സാഗരറാണി, ആഡംബര കപ്പൽയാത്ര, കുമരകം ബോട്ടിങ്, ഇടുക്കി, റോസ്മല, ആലപ്പുഴ പാക്കേജ്, തീർഥയാത്രകൾ എന്നിങ്ങനെയാണ് ജില്ലയിൽനിന്ന് നടത്തിയ ട്രിപ്. പുരവഞ്ചി-ബോട്ടുയാത്ര കൂടി ഉൾപ്പെടുത്തി ‘കെ.എസ്.ആർ.ടി.സി ക്രൂയിസ് ലൈൻ’ പേരിൽ പുതിയ ടൂർ പാക്കേജും തുടങ്ങുന്നുണ്ട്. 2021ൽ കേരളപ്പിറവി ദിനത്തിലാണ് കെ.എസ്.ആർ.ടി.സി ആദ്യത്തെ ബജറ്റ് ടൂർ ആരംഭിച്ചത്. ഗവി യാത്രകൾ ആരംഭിച്ചത് കഴിഞ്ഞ ഡിസംബറിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.