ആലപ്പുഴ: ജില്ലയിലെ അഭ്യസ്തവിദ്യർക്ക് തൊഴിൽ ലഭ്യമാക്കാൻ ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച ‘വിജ്ഞാന ആലപ്പുഴ’ പദ്ധതി ജനകീയമാക്കാനൊരുങ്ങി കുടുംബശ്രീ മിഷൻ. കേരള നോളജ് ഇക്കണോമി മിഷനും ജില്ല പഞ്ചായത്തും നടപ്പാക്കുന്ന പദ്ധതിയിൽ കുടുംബശ്രീയാണ് താഴെതട്ടിൽ പ്രധാന പങ്ക് വഹിക്കുന്നത്. മുൻമന്ത്രി ടി.എം. തോമസ് ഐസക് പത്തനംതിട്ട ജില്ലയിൽ സമാന പദ്ധതി വിജ്ഞാന പത്തനംതിട്ട എന്ന പേരിൽ വിജയകരമായി നടപ്പാക്കിയിരുന്നു. രണ്ടാംഘട്ടമായാണ് ആലപ്പുഴയിൽ നടപ്പാക്കുന്നത്.
നിലവിൽ കേരള നോളജ് ഇക്കണോമി മിഷനും കുടുംബശ്രീയും എല്ലാ പഞ്ചായത്തിലും കമ്യൂണിറ്റി അംബാസഡർമാരെ നിയമിച്ചിട്ടുണ്ട്. ഇവർ അതത് പഞ്ചായത്തുകളിൽ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ കണ്ടെത്തി ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യിക്കും. തൊഴിലില്ലാത്ത യുവജനങ്ങൾക്ക് വ്യക്തിത്വ വികസന ക്ലാസുകൾ, കരിയർ ഗൈഡൻസ്, ഇംഗ്ലീഷ് സ്കോർ ടെസ്റ്റ് (ഭാഷയിൽ പ്രാവീണ്യം), വർക്ക് റെഡിനെസ് പ്രോഗ്രാം (അഭിമുഖത്തിന് വേണ്ട തയാറെടുപ്പുകൾ), റോബോട്ടിക് അഭിമുഖം എന്നീ അഞ്ച് സേവനങ്ങൾ പോർട്ടൽ വഴി ലഭ്യമാക്കും.
ബ്ലോക്ക്തലത്തിൽ ജോബ് സ്റ്റേഷനുകൾ വഴി തൊഴിലന്വേഷകരെ കണ്ടെത്തി ആർക്കൊക്കെയാണ് ഉടൻ തൊഴിൽ വേണ്ടതെന്ന് കണ്ടെത്തി നൈപുണ്യ വികസന ക്ലാസുകൾ നൽകും. കുടുംബശ്രീയുടെ തൊഴിൽ മേളകളിൽ പങ്കെടുപ്പിക്കും. വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാൾപോലും തൊഴിലില്ലാതെ വീടകങ്ങളിൽ കഴിയരുതെന്ന സർക്കാർ ലക്ഷ്യമാണ് ഇതിലൂടെ പൂർത്തീകരിക്കുക. എല്ലാ പഞ്ചായത്തുകളിലുമുള്ള കുടുംബശ്രീ കമ്യൂണിറ്റി അംബാസഡർമാരെ ഉപയോഗിച്ചാണ് യഥാർഥ തെഴിൽരഹിതരെ കണ്ടെത്തുന്നത്. വിവരശേഖരണവും അപേക്ഷകരുടെ തരംതിരിക്കലുമെല്ലാം കുടുംബശ്രീ കമ്യൂണിറ്റി അംബാസഡർമാരാണ് ചെയ്യുന്നത്. പദ്ധതിയെക്കുറിച്ച് അറിയാത്തവരെ ബോധവത്കരിക്കുന്ന ദൗത്യവും കുടുംബശ്രീ ചെയ്യുന്നു.
‘തൊഴിൽതീരം’ പദ്ധതിയിലൂടെ തീരദേശ മത്സ്യബന്ധന തൊഴിലാളി വിഭാഗത്തിലുള്ളവർ, ലൈഫ് ഉപഭോക്തൃ കുടുംബങ്ങളിലെ തൊഴിലന്വേഷകർ, ഉന്നതി പദ്ധതിയിലൂടെ എസ്.ടി-എസ്.സി വിഭാഗത്തിലുള്ളവർ, സമഗ്ര പദ്ധതിയിലൂടെ ഭിന്നശേഷി വിഭാഗത്തിൽപെട്ടവർ, പ്രൈഡ് പദ്ധതിയിലൂടെ ട്രാൻസ്ജെൻഡർ എന്നിങ്ങനെ നാനാതുറകളിലുള്ളവരെ ചേർത്താണ് പദ്ധതി നടപ്പാക്കുക.
18 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് പദ്ധതിയിൽ പങ്കാളിയാകാം. രജിസ്ട്രേഷൻ ഫീസില്ല. ചെറിയ തുക അടച്ച് പോർട്ടലിലൂടെ നൈപുണ്യ വികസന കോഴ്സുകളിൽ ചേരാം. അസാപ്, സി.ഐ.എ, ഐ.സി.ടി അക്കാദമികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ തുടക്കമെന്ന നിലയിൽ ‘വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ’ പദ്ധതിയുടെ ഭാഗമായി തിരുവല്ല മാർത്തോമ കോളേജിൽ സംഘടിപ്പിച്ച മെഗാ തൊഴിൽ മേളയിൽ ആലപ്പുഴ ജില്ലയിൽനിന്നുള്ളവർക്കും പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ ആദ്യ തൊഴിൽ മേള മെഗാ തൊഴിൽ മേളയായി ജനുവരിയിൽ സംഘടിപ്പിക്കും. പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ജില്ല പഞ്ചായത്ത് 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ഡിവിഷനുകളിൽ സംഘടിപ്പിച്ച തൊഴിൽ മേളകളിൽ 3500 തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.