ആലപ്പുഴ: ദേശീയപാതക്ക് സ്ഥലം നൽകിയപ്പോഴുണ്ടായ ആശയക്കുഴപ്പവും ഇതിന്റെ പേരിൽ സംഭവിച്ച നഷ്ടവും പരിഹരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി തുടങ്ങി. ക്ഷേത്ര ഭൂമിയുടെ രേഖകൾ ഉടൻ ശേഖരിക്കാൻ നിർദേശിച്ചുള്ള ഉത്തരവ് എല്ലാ ദേവസ്വം ഓഫിസുകളിലുമെത്തി.
കൃത്യമായ രേഖകളില്ലാത്തതിനാൽ പലയിടത്തും നഷ്ടപരിഹാരം കിട്ടിയിരുന്നില്ല. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്. ജില്ലയിൽത്തന്നെ 27 ക്ഷേത്രങ്ങളുടെ ഭൂമിയാണ് നൽകിയത്. ദേവസ്വത്തിനുവേണ്ടി പൊന്നുംവിലക്കെടുത്ത ഭൂമി, ദാനംകിട്ടിയത്, ഉപദേശകസമിതികൾ വാങ്ങി കൈമാറിയെങ്കിലും രേഖകളിൽ മാറ്റം വരുത്താത്തത്, വഴിക്കായി വിട്ടുകൊടുത്തതിനു പകരം കിട്ടിയത്, പരസ്പര കൈമാറ്റത്തിലൂടെ കിട്ടിയത് എന്നിവയുടെ ആധാരത്തിന്റെ പകർപ്പെടുക്കണം. ഇതും 1966-ലെ പോക്കുവരവ് ചട്ടത്തിലെ ഫോറം ഒന്നും സഹിതം വില്ലേജ് ഓഫിസിൽ ഹാജരാക്കി പോക്കുവരവുചെയ്ത് ദേവസ്വത്തിന്റെ പേരിൽ മുതൽക്കൂട്ടണമെന്നാണ് നിർദേശം.
ലാൻഡ്, സെറ്റിൽമെന്റ് രജിസ്റ്ററുകൾ ഒത്തുനോക്കി രണ്ടിലും പ്രതിപാദിക്കുന്ന ഭൂമി ദേവസ്വത്തിന്റെ കൈയിലുണ്ടോയെന്നുറപ്പാക്കണം. വിവരങ്ങൾ ഉൾപ്പെടുത്തിയ ആസ്തി രജിസ്റ്റർ തയാറാക്കി അതതു ദേവസ്വങ്ങളിൽ സൂക്ഷിക്കുകയും വേണം. ക്ഷേത്രം നിൽക്കുന്ന വില്ലേജിലെ ബി.ടി.ആർ (അടിസ്ഥാനനികുതി രസീത്), തണ്ടപ്പേർ, പുറമ്പോക്ക് രജിസ്റ്ററുകൾ എന്നിവ ഒത്തുനോക്കണം. ദേവസ്വംഭൂമി ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കണം. ഉദ്യോഗസ്ഥർ സ്ഥലംമാറുമ്പോൾ ചുമതലയേറ്റെടുക്കുന്നവരെ വിവരങ്ങൾ ധരിപ്പിക്കുകയുംവേണം.
ദേവസ്വത്തിനവകാശപ്പെട്ട ഭൂമി പല പേരുകളിലാണ് വില്ലേജുകളിൽ. ഇതെല്ലാം ദേവസ്വംപേരിലേക്കു മാറ്റുന്നതിന് അതത് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. അതിർത്തി വേർതിരിച്ച് മരാമത്തുവിഭാഗം മുഖേന വേലിയോ മതിലോ കെട്ടണമെന്നും ദേവസ്വം കമീഷണർ നിർദേശിച്ചു. സർക്കാർ വിട്ടുനൽകിയതെങ്കിൽ ഭൂമിക്ക് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നാണ് ദേശീയപാത സ്ഥലം ഏറ്റെടുപ്പിൽ കേന്ദ്ര നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.