ആലപ്പുഴ: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് 1,285 പേർക്ക് രേഖ കൈമാറി. ആലപ്പുഴ റവന്യൂ ഡിവിഷനൽ ഓഫിസിൽ ലഭിച്ച അപേക്ഷകൾ അതിവേഗം തീർപ്പാക്കാൻ എസ്.ഡി.വി. സെന്റിനറി ഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ മുല്ലയ്ക്കൽ സ്വദേശിനി പൊന്നമ്മക്ക് ഭൂമിയുടെ തരംമാറ്റിയ രേഖ കൈമാറി ജില്ലകലക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ സമീർ കിഷൻ അധ്യക്ഷത വഹിച്ചു.
അമ്പലപ്പഴ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെ 25 സെന്റിൽ താഴെയുള്ള സൗജന്യ തരം മാറ്റത്തിന് അർഹതയുളള അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്. ആകെ 3,657 അപേക്ഷകളാണ് പരിഗണിച്ചത്.
അമ്പലപ്പുഴ-311, കുട്ടനാട്-280, ചേർത്തല-694 എന്നിങ്ങനെയാണ് തീർപ്പാക്കിയത്. പ്രത്യേകമായി സജ്ജീകരിച്ച 12 കൗണ്ടറുകളിലായാണ് രേഖകൾ വിതരണം ചെയ്തത്. എ.ഡി.എം. വിനോദ് രാജ്, സീനിയർ സൂപ്രണ്ട് ഷാജി ബേബി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ആലപ്പുഴ: മുല്ലക്കൽ സ്വദേശി 73കാരി പൊന്നമ്മക്ക് ഇനി സ്വന്തം സ്ഥലത്ത് വീടുവെക്കാം. എസ്.ഡി.വി. സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ കർഷക തൊഴിലാളിയായ പൊന്നമ്മ ജില്ല കലക്ടറിൽനിന്ന് നേരിട്ട് ഭൂമി തരംമാറ്റ രേഖ ഏറ്റുവാങ്ങി.
നാലുവർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ആലപ്പുഴ റവന്യൂ ഡിവിഷനൽ ഓഫിസിനു കീഴിലെ ഭൂമി തരംമാറ്റ അദാലത്തിൽ പരിഹാരമായത്. തിരുമല വാർഡിൽ ഗിരീഷ് ഭവനത്തിൽ താമസിക്കുന്ന ഇവർ കാർഷികേതര ആവശ്യങ്ങൾക്കായി ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനാണ് അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.