ആലപ്പുഴ: ജില്ലയിൽ ഭൂമി തരംമാറ്റലിനുള്ള ആയിരക്കണക്കിന് അപേക്ഷകൾ തീരുമാനമാകാതെ കെട്ടികിടക്കുന്നു. പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ ഡെപ്യൂട്ടി കലക്ടർമാർക്ക് ചുമതല നൽകി മാസങ്ങൾ പിന്നിട്ടിട്ടും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ജില്ലയിൽ ഭൂമി തരംമാറ്റത്തിന് അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കുന്നത് 29,000ത്തോളം പേരാണ്. അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല താലൂക്കുകളിൽ മാത്രം 12,000ത്തിലേറെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഡാറ്റാ ബാങ്കിലെ പിശകിന് കൃഷി ഓഫിസറും തരംമാറ്റലിന് വില്ലേജ് ഓഫിസറുമാണ് റിപ്പോർട്ട് നൽകേണ്ടത്. ആലപ്പുഴ, ചെങ്ങന്നൂർ റവന്യൂ ഡിവിഷണൽ ഓഫീസിന് കീഴിൽ കഴിഞ്ഞ വർഷം അദാലത്തുകൾ നടത്തി ഭൂമി തരംമാറ്റൽ പരാതികൾ തീർപ്പാക്കിയിരുന്നു. ഇത്തവണ ഈ മാസം 25നും നവംബർ 15നും ഇടയിൽ അദാലത്ത് നടത്തി തരംമാറ്റൽ ജോലികൾ പൂർത്തീകരിക്കാനാണ് ആലോചന. മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലും നൂറുകണക്കിന് അപേക്ഷകർ തീർപ്പ് കാത്തിരിക്കുന്നു.
ജീവനക്കാരുടെ കുറവാണ് അപക്ഷ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രധാന തടസ്സം. അപേക്ഷകൾക്ക് ആനുപാതികമായി ക്ലർക്കുമാരെ വില്ലേജ് ഓഫിസുകളിൽ പുനർവിന്യാസം ചെയ്യണം. അതിന് നടപടിയില്ല. 2022ലെ അപേക്ഷകളിലാണ് ഇപ്പോൾ തീർപ്പ് കൽപിക്കുന്നത്. ഓരോമാസവും 500 അപേക്ഷകളെങ്കിലും ലഭിക്കുന്നുമുണ്ട്. പ്രതിമാസം 250 അപേക്ഷകളിൽ പോലും തീർപ്പ് കൽപിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ആർ.ഡി.ഒ ഓഫിസുകളിൽ ഭൂമി തരംമാറ്റൽ ചുമതല ഉണ്ടായിരുന്നപ്പോൾ രണ്ട് ജൂനിയർ സൂപ്രണ്ടുമാരെയും അഞ്ച് ക്ലർക്കുമാരെയും അധികമായി നിയമിച്ചിരുന്നു. ഡെപ്യൂട്ടി കലക്ടർമാർക്ക് ചുമതല നൽകിയതോടെ ഈ ജീവനക്കാരെ സർക്കാർ പിൻവലിച്ചു.
തരംമാറ്റാനുള്ളത് 25 സെന്റിൽ താഴെയുള്ള ഭൂമിയാണെങ്കിൽ അതിനു ഫീസ് നൽകേണ്ടതില്ല. 25 സെന്റിൽ അധികമായാൽ ഭൂമിയുടെ ന്യായവിലയുടെ 10 ശതമാനം തുക സർക്കാരിനു നൽകണം. ഒരേക്കർവരെ ഈ തുകയാണ്. ഒരേക്കറിലും അധികമായാൽ ന്യായവിലയുടെ 20 ശതമാനം നൽകണം. കൂടാതെ, നിർമിക്കുന്ന കെട്ടിടത്തിന് ചതുരശ്രയടിക്ക് 100 രൂപവീതവും നൽകേണ്ടിവരും.
വീടുവെക്കാനും വ്യവസായ ആവശ്യങ്ങൾക്കുമായി കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തും വിധമാണ് മെല്ലെപ്പോക്കെന്നാണ് പരാതി. 2022 മുതൽ ഇതുവരെ ജില്ലയിൽ 44,600 അപേക്ഷകളാണ് റവന്യൂ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഇതിൽ 15,500 അപേക്ഷകളിൽ മാത്രമാണ് തീർപ്പുണ്ടാക്കിയത്.
ഏറ്റവും കൂടുതൽ അപേക്ഷ കെട്ടിക്കിടക്കുന്നത് ചേർത്തല, കാർത്തികപ്പള്ളി താലൂക്കുകളിലാണ്. രണ്ടിടത്തും 8000ത്തിലേറെ അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്. ചെങ്ങന്നൂർ താലൂക്കിൽ ലഭിച്ചത് 3,974 അപേക്ഷകളാണ്. ഇതിൽ 2000 ഓളം എണ്ണത്തിൽ തീർപ്പുണ്ടാക്കിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കുട്ടനാട്ടിൽ ലഭിച്ചത് 4,549 അപേക്ഷകൾ. തീർപ്പാക്കിയത് 1,200.
ആലപ്പുഴ സബ് കലക്ടറുടെ പരിധിയിലുള്ള മൂന്ന് താലൂക്കുകളിലെ 13,962 അപേക്ഷകളാണ് ഡെപ്യൂട്ടി കലക്ടർമാർക്ക് കൈമാറിയത്. കഴിഞ്ഞ ജൂൺ 30വരെ തീർപ്പാകാത്ത അപേക്ഷകളായിരുന്നു ഇത്. ഇവയിൽ തീർപ്പാക്കാനായത് 1,379 എണ്ണം മാത്രം. കുട്ടനാട്ടിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മുൻഗണന ക്രമത്തിൽ 1381അപേക്ഷകൾ തീർപ്പാക്കാനായി. ലഭിച്ച അപേക്ഷകളിൽ 468 അപേക്ഷകൾ ഒഴികെ മറ്റെല്ലാം ബന്ധപ്പെട്ട കൃഷി, വില്ലേജ് ഓഫിസർമാർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.