ആലപ്പുഴ: മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ കളംനിറഞ്ഞ് സ്ഥാനാർഥികൾ. കനത്തചൂടിലും വാടാതെ പ്രചാരണ പരിപാടികൾ. ആദ്യം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് എൽ.ഡി.എഫിലെ അഡ്വ. സി.എ. അരുൺകുമാർ രണ്ടാംഘട്ട പ്രചാരണത്തിലാണ്. വൈകിയെത്തിയ യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷും കളംനിറഞ്ഞു. ബി.ഡി.ജെ.എസ് സ്ഥാനാർഥി ബൈജു കലാശാലായും പ്രചാരണത്തിൽ സജീവമായി. കനത്തചൂടാണ് വില്ലൻ.
കുട്ടനാട് മുതൽ പശ്ചിമഘട്ടത്തിന്റെ താഴ്വാരംവരെ വ്യാപിച്ചുകിടക്കുന്ന ഏഴ് നിയമസഭ മണ്ഡലത്തിലും ഓടിയെത്തണമെന്നതാണ് സ്ഥാനാർഥികൾ നേരിടുന്ന പ്രധാനവെല്ലുവിളി. മറ്റ് ലോക്സഭ മണ്ഡലങ്ങൾ ജില്ലകളിലൊതുങ്ങുമ്പോൾ ആലപ്പുഴ, കോട്ടയം, കൊല്ലം എന്നിങ്ങനെ മൂന്ന് ജില്ലയിലായി പരന്നുകിടക്കുകയാണ് മാവേലിക്കര.
കോൺഗ്രസ് സ്ഥാനാർഥിയായി ഇക്കുറിയും ഞാൻ ജനവിധി തേടുകയാണ്. നിങ്ങൾക്ക് മുന്നിൽ എനിക്കോ എനിക്ക് മുന്നിൽ നിങ്ങൾക്കോ ഒരുമുഖവുരയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കഴിഞ്ഞകാലങ്ങളിൽ ഒരു ജനപ്രതിനിധി എന്നതിലുപരി ഒരുകുടുംബാംഗത്തെപ്പോലെ ഞാൻ നിങ്ങളെയും നിങ്ങളെന്നെയും സ്നേഹിച്ചു, സുഖദുഃഖങ്ങൾ പങ്കിട്ടെടുത്തു, ഒന്നിച്ചു മുന്നേറി.....യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് പ്രചാരണത്തിന് തുടക്കമിട്ട് ഫേസ്ബുക്കിൽ കുറിച്ചതാണിത്.
കോട്ടയം പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചശേഷമാണ് കൊടിക്കുന്നിൽ പത്താം അങ്കത്തിന്റെ പ്രചാരണം തുടങ്ങിയത്. പിറ്റേദിവസം വാളകത്തെ വസതിയിലെത്തി ആർ. ബാലകൃഷ്ണപിള്ളയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. പിന്നാലെ അണികൾക്ക് ആവേശം വിതറി കൊട്ടാരക്കരയിൽ റോഡ് ഷോയും നടത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കാൻ തുടങ്ങിയ മേഖല വാർ റൂം ഉദ്ഘാടനം ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് പുതിയ ട്രെയിൻ സർവിസ് ഉദ്ഘാടന തിരക്കിലായിരുന്നു.
കുട്ടനാട് അപ്പർകുട്ടനാട് മേഖയിലെ കർഷകപ്രശ്നങ്ങൾ തുറന്നുകാട്ടിയാണ് എൻ.ഡി.എയുടെ പ്രചാരണം. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ബൈജു കലാശാലയാണ് ഇക്കുറിപോരിനിറങ്ങുന്നത്.
ബി.ഡി.ജെ.എസ് സ്ഥാനാർഥിയായി ഏറ്റവുമൊടുവിലാണ് രംഗപ്രവേശനം. കുട്ടനാട്ടിൽ ആത്മഹത്യചെയ്ത കർഷകൻ കെ.ജി. പ്രസാദിന്റെ വീട്ടിൽനിന്നാണ് പ്രചാരണത്തിന് തുടക്കമിട്ടത്.
കുട്ടനാട്ടിലെ നെല്ല് സംഭരണവും പണംകിട്ടാൻ വൈകുന്നതടക്കമുള്ള കാര്യങ്ങളും ഉയർത്തിക്കാട്ടിയായിരുന്നു സംസാരം.
ചിലമേഖയിൽ കുടിവെള്ളപ്രശ്നവും തുറന്നുകാട്ടി. വിവിധയിടങ്ങളിൽ പര്യടനത്തിനൊപ്പം റോഡ്ഷോ നടത്തുന്നുണ്ട്. ചൊവ്വാഴ്ച കൊട്ടാരക്കരയിലായിരുന്നു റോഡ്ഷോ.
മാവേലിക്കരയുടെ മാറ്റത്തിന് വോട്ടുതേടി എൽ.ഡി.എഫ് കളത്തിലിറക്കിയിക്കുന്നത് സി.പി.ഐ സ്ഥാനാർഥിയും എ.ഐ.വൈ.എഫ് യുവനേതാവുമായ അഡ്വ. സി.എ. അരുണ്കുമാറിനെയാണ്.
രണ്ട് മുന്നണിക്ക് മുമ്പേ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നതിനാൽ അരുൺകുമാർ രണ്ടാംഘട്ടപ്രചാരണത്തിലാണ്.
ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലം എങ്ങനെയും പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൽ.ഡി.എഫ് പ്രചാരണം.
കന്നിയങ്കത്തിന്റെ പരിമിതികളൊന്നുമില്ലാതെ രാവിലെ തുടങ്ങുന്ന പര്യടനം രാത്രി ഏറെ വൈകിയാണ് അവസാനിക്കുന്നത്. മണ്ഡലത്തിലെ സൗഹൃദങ്ങൾ പുതുക്കിയും പ്രാദേശികനേതാക്കളെ ഒപ്പംചേർത്തും ഓടിനടന്നാണ് വോട്ട് ചോദിക്കുന്നത്. അരുൺകുമാറിന്റെ പര്യടനത്തിന് മുമ്പ് കടന്നുപോകുന്ന അൗൺസ്മെൻറ് വാഹനത്തിലൂടെ വിളിച്ചുപറയുന്നത് ഇടതുപക്ഷം അഭിമാനപുരസരം അവതരിപ്പിക്കുന്ന ചെന്താരകമെന്നാണ്. ചൊവ്വാഴ്ച പത്തനാപുരത്തെ മണ്ഡലത്തിലായിരുന്നു പര്യടനം. സ്നേഹതീരവും ആശാഭവനും സന്ദർശിച്ച് വോട്ടുതേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.