കായംകുളം ഇരുമുന്നണികളെയും മാറിമാറി തുണച്ചിട്ടുണ്ടെങ്കിലും ഇടതിനോടാണ് കൂടുതൽ ആഭിമുഖ്യം. മുൻ എം.പിയും നിലവിലെ എം.പിയും കളത്തിൽ ഇറങ്ങിയപ്പോൾ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് മത്സര ചിത്രമാണ് തെളിയുന്നത്. എൻ.ഡി.എയുടെ സാന്നിധ്യവും വോട്ടിങ് പാറ്റേണിൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടികാട്ടപെടുന്നു. കായംകുളം നഗരസഭയും ദേവികുളങ്ങര, കണ്ടല്ലൂർ, പത്തിയൂർ, കൃഷ്ണപുരം, ഭരണിക്കാവ്, ചെട്ടികുളങ്ങര പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്.
2011 വരെ നഗരസഭ കൂടാതെ ദേവികുളങ്ങര, കണ്ടല്ലൂർ, പത്തിയൂർ, കൃഷ്ണപുരം, മുതുകുളം പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു മണ്ഡലം. പിന്നീട് മുതുകുളം ഹരിപ്പാട് മണ്ഡലത്തിലേക്ക് മാറ്റിയപ്പോഴാണ് മാവേലിക്കരയുടെ ഭാഗമായിരുന്ന ഭരണിക്കാവ്, ചെട്ടികുളങ്ങര പഞ്ചായത്തുകൾ കായംകുളത്തേക്ക് കൂട്ടിചേർത്തത്. നിലവിൽ കൃഷ്ണപുരവും കണ്ടല്ലൂരും ഒഴികയുള്ള മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. ഇരുപക്ഷത്തെയും നേതാക്കൾ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും പലരും മന്ത്രിമാരാകുകയും ചെയ്തിട്ടും വികസന കാര്യത്തിൽ കാര്യമായ മുന്നേറ്റം മണ്ഡലത്തിൽ ഉണ്ടായിട്ടില്ലെന്നാണ് പൊതു വിമർശം.
നിലവിൽ ദേശീയപാത വികസനത്തിലെ അശാസ്ത്രീയതയാണ് പ്രധാന ചർച്ചാ വിഷയം. നഗരത്തെ രണ്ടാക്കുന്ന തരത്തിൽ കോട്ട കെട്ടി തിരിക്കുന്ന രീതിയിലുള്ള വികസനം ജനം ആശങ്കയോടെയാണ് കാണുന്നത്. പ്രധാന സംസ്ഥാന പാത കടന്നുപോകുന്ന കോളജ് ജങ്ഷൻ അടക്കപ്പെടുമെന്നതും ജനകീയ രോഷം ഉയർത്തുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഇവിടെ ചെറിയ അടിപ്പാതക്കുള്ള നിർദ്ദേശം പോലുമുണ്ടായത്.
ബസ് സർവീസ് ഇല്ലാതാക്കുന്ന തരത്തിലുള്ള അടിപ്പാത നിർദേശം ജനം അംഗീകരിക്കുന്നില്ല. പരിഹാരമായി തൂണുകളിലെ ഉയരപ്പാത സ്ഥാപിക്കണമെന്നാണ് ആവശ്യം. ഇതിനായി എം.പിയടക്കമുള്ള ജനപ്രതിനിധികൾ ഇടപ്പെട്ടില്ലെന്ന വിമർശനവും ശക്തമാണ്. ഇതോടൊപ്പം സി.പി.എമ്മിലെ വിഭാഗീയത മറനീക്കിയതും ഇടത് മുന്നേറ്റത്തിന് തടസമാകുന്നു. കരീലക്കുളങ്ങരയിൽ 2001 െല നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ഐ.എൻ.ടി.യു.സി നേതാവായിരുന്ന സത്യൻ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി ഗുഡാലോചന നടന്നുവെന്ന ബിബിന്റെ വെളിപ്പെടുത്തലും സംഭവത്തിലെ പുനരന്വേഷണ ആവശ്യം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിഷയമാകുന്നതും ഇടതുപക്ഷത്തെ ബാധിക്കുമെന്ന് ചൂണ്ടികാട്ടുന്നു. കൂടാതെ കണ്ടല്ലൂരിലെ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയം, ദേവികുളങ്ങരയിൽ നേതാക്കളുടെ അശ്ലീലത, കൃഷ്ണപുരത്തെ വിഭാഗീയത എന്നിവയും സി.പി.എമ്മിലെ പുകഞ്ഞുകത്തുന്ന പ്രശ്നങ്ങളാണ്.
ഇതിനെയെല്ലാം മറികടക്കാൻ സംഘടന ചട്ടകൂടിന്റെ അവസാന അടവുകളുമായി നേതൃത്വം വിശ്രമമില്ലാത്ത പ്രവർത്തനങ്ങളിലാണ്. യു.ഡി.എഫും സമാന പ്രതിസന്ധി നേരിടുന്നുവെന്നതാണ് ഇടതുപക്ഷത്തിന് ആശ്വാസമാകുന്നത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തെ ചൊല്ലിയുള്ള അടിക്ക് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ താൽകാലിക വിരാമമായെങ്കിലും അകത്തളങ്ങളിൽ പുകഞ്ഞുകത്തുകയാണ്. എ-ഐ പക്ഷത്തുണ്ടായിരുന്ന മണ്ഡലങ്ങൾ കെ.സി പക്ഷം പിടിച്ചത് പലയിടത്തും പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. സമാന്തര കമ്മിറ്റികൾ നിലവിൽ വന്നു. കോൺഗ്രസ് ഓഫിസിൽ സംഘർഷം അരങ്ങേറി. മണ്ഡലം പ്രസിഡന്റിന്റെ ചുമതലയേൽക്കൽ ചടങ്ങിലേക്ക് എ ഗ്രൂപ്പ് നടത്തിയ പ്രതിഷേധ മാർച്ചും ചർച്ചയായിരുന്നു. ഈ വിഷയങ്ങൾ കത്തി നിൽക്കവെയാണ് മണ്ഡലത്തിലേക്കുള്ള കെ.സി. വേണുഗോപാലിന്റെ രംഗപ്രവേശം. എല്ലാത്തിനും പരിഹാരമുണ്ടാക്കാമെന്ന ദേശീയ നേതാവിന്റെ ഉറപ്പിലാണ് പുറമെ വിഷയങ്ങൾ കെട്ടടങ്ങിയിരിക്കുന്നത്. എന്നാൽ ഇതെല്ലാം വോട്ടെടുപ്പിൽ ബാധിക്കുമോയെന്ന ആശങ്ക നേതാക്കൾക്കുമുണ്ട്.
ആസൂത്രണ മികവുകളുമായി മുന്നണികൾ
കഴിഞ്ഞ തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ നേടിയ മികവ് നിലനിർത്തുന്ന തരത്തിലുള്ള പ്രവർത്തന ആസൂത്രണങ്ങളാണ് ഇടതുപക്ഷം നടത്തുന്നത്. തദ്ദേശത്തിൽ നഷ്ടമായ വോട്ടുകളടക്കം തിരികെ എത്തിച്ച് മുന്നേറ്റം സൃഷ്ടിക്കാനാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
തദ്ദേശ തെരഞ്ഞെടുപ്പിൽ മൂവായിരത്തോളം വോട്ടാണ് യു.ഡി.എഫിലെ വിമതർ മാത്രം നേടിയത്. ഇതിന്റെ ആവർത്തനമാണ് നിയമസഭ തെരഞ്ഞെടുപ്പിലുമുണ്ടായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ നടത്തിയ മുേന്നറ്റവും യു.ഡി.എഫിനെയാണ് കാര്യമായി ബാധിച്ചത്. ഇത് മറികടക്കണമെങ്കിൽ യു.ഡി.എഫിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.
ഈഴവ–മുസ്ലിം–നായർ വിഭാഗത്തിന് മണ്ഡലത്തിൽ സ്വാധീനമുണ്ട്. ഇരുമുന്നണികളും തമ്മിൽ വോട്ടിങ് മാർജിനിൽ വലിയ വിത്യാസമില്ല. രാഷ്ട്രീയത്തിനൊപ്പം ജാതിസമവാക്യങ്ങൾക്കും പ്രാധാന്യമുണ്ട്. മുൻകാലങ്ങളിൽ നിന്നും വിത്യസ്ഥമായി പ്രധാന മുന്നണി സ്ഥാനാർഥികൾ മൂന്ന് സമുദായങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നത് മത്സര ഫലത്തെ ബാധിക്കുന്ന ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.