ആലപ്പുഴ: പള്ളാത്തുരുത്തി വലിയപാലത്തിന് സമീപത്തെ സെൻറ് തോമസ് പള്ളിക്ക് മുന്നിൽ പടക്കംപൊട്ടുന്ന ശബ്ദം കേട്ട് ഹൗസ്ബോട്ടിൽ കയറാനെത്തിയവരും കാത്തുനിന്ന വിനോദസഞ്ചാരികളും തിരിഞ്ഞുനോക്കി. പുഞ്ചിരിച്ചും കൈകൂപ്പിയും കാറിൽനിന്നിറങ്ങിയ മാവേലിക്കര യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെയാണ് അവർ കണ്ടത്.
അപ്പോൾ സമയം ഞായറാഴ്ച രാവിലെ 9.25. കുട്ടനാട് മണ്ഡലത്തിലെ കൈനകരി പഞ്ചായത്തിലെ പര്യടനത്തിനായി കായലോരത്ത് ബോട്ടുമായി കാത്തുനിൽക്കുന്ന പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ അടുത്തേക്കായിരുന്നു ആ വരവ്. അവസാനലാപിൽ ജലമാർഗം ബോട്ടിലൂടെ കുട്ടനാടിന്റെ ഉൾപ്രദേശങ്ങളായ 11 കേന്ദ്രങ്ങളിൽ വോട്ടുതേടിയുള്ള പര്യടനത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു.
ഹാരാർപ്പണം നടത്തിയുള്ള പ്രവർത്തകരുടെ സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊടിക്കുന്നിലിന്റെ പ്രസംഗം. കുട്ടനാട്ടിലെ കാർഷികമേഖയിലെ പ്രതിസന്ധിക്ക് കാരണക്കാരായ ഒന്നും രണ്ടും പിണറായി സർക്കാറിനെ വിമർശിച്ചായിരുന്നു തുടക്കം. നെല്ലുസംഭരണത്തിലെ പാളിച്ചയും സി.പി.ഐ മന്ത്രിമാരുടെ കെടുകാര്യസ്ഥതയും തുറന്നുകാട്ടി. കുട്ടനാട്ടിലെ കൃഷിക്കാരുടെ നമ്പർവൺ ശത്രു സി.പി.ഐ മന്ത്രിമാരാണ്.
അവരാണ് കർഷകരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ടതെന്നും പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരംഭം ചക്കുളത്തുകാവ് ദേവിക്ഷേത്രത്തിൽനിന്നും സമാപനം പള്ളാത്തുരുത്തി പള്ളിയുടെ നടയിലാണെന്നും ആ പതിവ് ഇത്തവണയും തെറ്റിച്ചില്ലെന്ന് പറഞ്ഞാണ് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പോയത്.
പമ്പയാറ്റിലെ ഓളങ്ങളെ കീറിമുറിച്ചുള്ള യാത്രയിൽ മുഴങ്ങിയ പാട്ട് ഇതായിരുന്നു. വിജയവീഥി വീണ്ടുമൊരുക്കാം, കൊടിക്കുന്നിൽ സുരേഷിനെ തെരഞ്ഞെടുക്കാം... മാവേലിക്കരയാകെ മാറ്റിയെടുത്ത ദീർഘവീക്ഷണത്തിന് വോട്ടുകൊടുക്കാം... വികസനനായകന് വോട്ടുകൊടുക്കാം... പാട്ടിന്റെ താളം മുറുകിയെങ്കിലും കണ്ണെത്താദൂരത്ത് വയലേലകളും ആറ്റിറമ്പത്തെ വീടുകളും മാത്രമാണുണ്ടായിരുന്നത്.
കൂറേദൂരം വോട്ടർമാരെ ആരെയും കാണാനില്ലായിരുന്നു. ബോട്ടുകടന്നുപോകുന്ന ചില ഇടങ്ങളിൽ തുണി അലക്കുകയും പാത്രം കഴുകയും ചെയ്യുന്ന സ്ത്രീകളും പണിക്കെത്തിയ തൊഴിലാളികളും അനൗൺസ്മെന്റ് കേട്ട് പുറത്തിറങ്ങിയ കുട്ടികളും എത്തിയതോടെ സ്ഥാനാർഥിക്ക് ആവേശമായി.
കൈകൂപ്പിയും വീശിയും അഭിവാദ്യമർപ്പിച്ചു. ചെട്ടിശ്ശേരി, പുഞ്ചിരി ജെട്ടിയിൽ ബോട്ടുകാത്തുനിൽക്കുന്ന സ്ത്രീകളടക്കമുള്ളവർ ശബ്ദകോലാഹലം കേട്ട് തിരിഞ്ഞുനോക്കി. ചിലർ കൈവീശി ആഭിമുഖ്യം പുലർത്തിയപ്പോൾ ഇതൊന്നും അറിയാത്ത മട്ടിലായിരുന്നു ചിലരുടെ നിൽപ്.
കുപ്പപ്പുറം ബോട്ടുജെട്ടി പരിസരത്തെ കായലോര ഹോട്ടലിന് മുന്നിലെത്തിയപ്പോൾ ഒന്നിലേറെ ഹൗസ് ബോട്ടുകളിലെ വിനോദസഞ്ചാരികൾ ഭക്ഷണം കഴിക്കാൻ ഓരംചേർന്ന് നിൽപുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപെടുന്ന വലിയസംഘം കൊടിക്കുന്നിലിന് നേരെ കൈവീശി.
മുക്കാൽ മണിക്കൂർ പിന്നിട്ട യാത്രയുടെ ആദ്യ സ്വീകരണം കൈനകരി നടുത്തുരുത്ത് ഭാഗത്തായിരുന്നു. മറ്റൊരു ബോട്ടിൽ കാത്തുനിന്ന പ്രവർത്തകർ ആവേശത്തോടെയാണ് വരവേറ്റത്. ബോട്ട് കരക്കടുപ്പിച്ചപ്പോൾ കാതടിപ്പിക്കുന്ന പടക്കംപൊട്ടി. വനിതകളടക്കമുള്ളവർ ഹാരാർപ്പണം അർപ്പിച്ചു.
മൂന്നുമിറ്റിൽ ഒതുങ്ങുന്ന ചെറിയ പ്രസംഗം. അവിടെനിന്ന് രണ്ട് ബോട്ടിലായിരുന്നു യാത്ര. അനൗൺസ്മെന്റ് വാഹനമായി ഒരു ബോട്ട് മുന്നിൽ നിലയുറപ്പിച്ചു. പ്രചാരണഗാനം മുഴക്കിയാണ് അത് കടന്നുപോയത്. രണ്ടാമത്തെ സ്വീകരണകേന്ദ്രമായ പാണ്ടിച്ചേരി ജെട്ടിൽ കാത്തിരുന്ന സ്ത്രീകളടക്കമുള്ളവരോട് വോട്ട് അഭ്യർഥിച്ചു.
ചട്ടയും മുണ്ടും ഉടുത്ത പ്രായമായ അമ്മച്ചിയുടെ അടുത്തേക്ക് എത്തിയ സ്ഥാനാർഥി എനിക്ക് വോട്ടുചെയ്യണം. വീട്ടിൽ വോട്ടിലൂടെ ആദ്യം കുത്തിയത് കൈപ്പത്തിക്കാണെന്ന മറുപടി കേട്ട് കൊടിക്കുന്നിലിന് ചിരിയടക്കാനായില്ല. കൈനരിയിൽനിന്ന് തനിക്ക് ആദ്യ വോട്ട് കിട്ടിയതിന്റെ സന്തോഷം ഉറക്കെ വിളിച്ചു പറഞ്ഞാണ് പങ്കിട്ടത്. കുട്ടമംഗലം മിൽക്ക് സൊസൈറ്റിക്ക് മുന്നിൽ കുട്ടനാട് വികസനസമിതിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
സമീപത്തെ വീടുകളിൽ കയറി വോട്ടുചോദിച്ച് രണ്ട് മിനിറ്റ് പ്രസംഗം. അടുത്തസ്ഥലത്തേക്ക് പോകുന്നതിനിടെ ബോട്ടുനിർത്തി പനക്കൽ ക്ഷേത്രത്തിലേക്കുള്ള ആൾതടി വഴിപാട് ചടങ്ങ് നടക്കുന്ന കുട്ടമംഗലം പുത്തൻപറമ്പിൽ സതി ആർ. പണിക്കരുടെ വീട്ടിലെത്തി വോട്ടുചോദിക്കാനും മറന്നില്ല.
കോലോത്ത് ജെട്ടി, ജി.പി.എം, കെ.ആർ. പാലം, വെള്ളാമത്ര, ബേക്കറി, ചേന്നങ്കരി സൊസൈറ്റി എന്നിവിടങ്ങളിലും സ്വീകരണമുണ്ടായിരുന്നു. വൈകീട്ട് മൂന്നിന് കൈനകരി പഞ്ചായത്ത് കടവിലായിരുന്നു സമാപനം. ചോറും മീൻകറിയുംകൂട്ടിയുള്ള ഉച്ചഭക്ഷണവും കഴിഞ്ഞ് ചെങ്ങന്നൂർ പര്യടന കേന്ദ്രത്തിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.