ആലപ്പുഴ: മാവേലിക്കരയിൽ എതിരാളികളുടെ കുതന്ത്രങ്ങളെ അതിജീവിച്ച് കൊടിക്കുന്നിൽ കൊടിനാട്ടിയത് സാമുദായിക വോട്ടുകളുടെ പിൻബലത്തിൽ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതുപോലെ തന്നെ മണ്ഡലത്തിൽ കണ്ടുമടുത്ത മുഖം മാറണമെന്ന ചിന്തയും വോട്ടർമാരിൽ പ്രകടമായിരുന്നു. ഇത് തിരിച്ചറിഞ്ഞായിരുന്നു യു.ഡി.എഫിന്റെ പ്രവർത്തനം.
നായർ-കൈസ്ത്രവ-ദലിത്, മുസ്ലിം വിഭാഗങ്ങളുടെ വോട്ടുകൾ പരമാവധി സമാഹരിച്ചാണ് നാലാംതവണയും വിജയക്കൊടി പാറിച്ചത്. പോളിങ് ശതമാനത്തിലെ കുറവിനൊപ്പം യു.ഡി.എഫിനും എൽ.ഡി.എഫിനും പരമ്പരാഗതമായി കിട്ടേണ്ട വോട്ടുകൾ നഷ്ടമായി. നായർ-കൈസ്ത്രവ വിഭാഗങ്ങളിലെ ഒരുവിഭാഗവും നിഷ്പക്ഷ വോട്ടർമാരും ബൂത്തിലെത്തിയിരുന്നില്ല. ഇതും ഭൂരിപക്ഷം കുറക്കുന്നതിന് കാരണമായി. ഇതിനൊപ്പം 9883 വോട്ട് നോട്ടയും നേടി.
മണ്ഡലത്തിൽ സ്വാധീനമുള്ള കെ.പി.എം.എസ് വിഭാഗത്തിൽനിന്ന് സ്ഥാനാർഥിയെ പരിഗണിക്കാതിരുന്നത് സി.പി.ഐ തന്ത്രങ്ങൾക്ക് തിരിച്ചടിയായെന്നും പറയപ്പെടുന്നു. ഇതാണ് എൽ.ഡി.എഫ് സ്ഥാനാർഥി അരുൺകുമാറിന്റെ വിജയത്തെ തടഞ്ഞത്. അരുൺകുമാറിനെ സ്ഥാനാർഥിയാക്കിയതിലൂടെ ഈസമുദായത്തെ തഴഞ്ഞുവെന്ന വികാരമാണ് ശക്തിപ്പെട്ടത്. വൻലീഡ് പ്രതീക്ഷിച്ച ഇടതുതട്ടകമായ മാവേലിക്കരയിൽപോലും കാര്യമായ മുന്നേറ്റം നടത്താനായില്ല.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥി എം.എസ്. അരുൺകുമാറിന് 24,717 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയിരുന്നു. ഇത്തവണ അത് 6166 വോട്ടായി കുറഞ്ഞു. കെ.പി.എം.എസ് ജനറൽ സെക്രട്ടറിയായ പ്രവർത്തിച്ച ബൈജു കലാശാല 15.98 ശതമാനം വോട്ടുനേടി. കഴിഞ്ഞതവണ ഇത് 14 ശതമാനമായിരുന്നു.
കുട്ടനാട് സി.പി.എം-സി.പി.ഐ തർക്കവും വിഭാഗീതയും പ്രശ്നമായി. നെല്ല് സംഭരണത്തിലെ പാളിച്ചയും കർഷകന് യഥാസമയം പണം നൽകാത്തതും തിരിച്ചടിയായി. 2019ൽ യു.ഡി.എഫിന് 2623 ഭൂരിപക്ഷമുണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 5516 വോട്ടാണ് കിട്ടിയത്. 871 വോട്ടിന്റെ നേരിയഭൂരിപക്ഷത്തിൽ കുട്ടനാട് യു.ഡി.എഫിനൊപ്പംനിന്നു.
കേരള കോൺഗ്രസ് എം ഇടതുമുന്നണിയിലേക്ക് എത്തിയതിന്റെ ഗുണവും എൽ.ഡി.എഫിന് കിട്ടിയില്ല. അവർക്ക് സ്വാധീനം ഏറെയുള്ള ചങ്ങനാശ്ശേരി മണ്ഡലത്തിൽപോലും അത് പ്രകടമായില്ല. യു.ഡി.എഫ് സ്വാധീനമേഖയിൽപോലും നേരിയഭൂരിപക്ഷത്തിൽ കടന്നുകൂടിയ കൊടിക്കുന്നിലിനെ കൈപിടിച്ചുയർത്തിയത് ചങ്ങനാശ്ശേരി മണ്ഡലമാണ്. ഇവിടെമാത്രം 16,450 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്. 2019ൽ ഇത് 23410 ആയിരുന്നു.
ചങ്ങനാശ്ശേരി, കുട്ടനാട്, ചെങ്ങന്നൂർ, പത്തനാപുരം അസംബ്ലി മണ്ഡലങ്ങളിൽ യു.ഡി.എഫും മാവേലിക്കര, കുന്നത്തൂർ, കൊട്ടാരക്കര മണ്ഡലങ്ങളിൽ എൽ.ഡി.എഫും വിജയിച്ചു. മറ്റ് നിയമസഭ മണ്ഡലങ്ങളിൽ ആയിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് കിട്ടിയത്.
1989ല്‍ 27ാം വയസ്സിലായിരുന്നു കൊടിക്കുന്നിലിന്റെ കന്നിയങ്കം. അടൂരിൽനിന്ന് 1989, 1991,1996, 1999 വര്‍ഷങ്ങളിലും 2009, 2014, 2019 വര്‍ഷങ്ങളില്‍ മാവേലിക്കരയില്‍നിന്ന് ലോക്സഭയിലെത്തി. ഇതിനിടെ രണ്ട് ഹാട്രിക് വിജയവും സ്വന്തംപേരിൽ കുറിച്ചു. 2009ൽ ആദ്യലോക്സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ അഞ്ചും യു.ഡി.എഫിനൊപ്പമായിരുന്നു. അത്തവണ കൊടിക്കുന്നിൽ അരലക്ഷത്തോളം വോട്ടിന് വിജയിച്ചു. 2014ൽ നാല് നിയമസഭ മണ്ഡലങ്ങൾ എൽ.ഡി.എഫിനൊപ്പമായിരുന്നു.
അന്ന് 32,737 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. 2019ൽ ഏഴിൽ ആറ് നിയമസഭ മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമായിട്ടും 61,138 ഭൂരിപക്ഷത്തിൽ കൊടിക്കുന്നിൽ മികച്ചവിജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.