ആലപ്പുഴ: ദേശീയപാത വികസനത്തിനിടെ ഉയരുന്ന ജനകീയ ആവശ്യങ്ങൾ നിരാകരിച്ച് ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ). പ്രധാന ടൗണുകളെ വിഭജിച്ച് ‘കോട്ട’കൾ നിർമിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ‘കോട്ട’കൾക്ക് പകരം മേൽപാലങ്ങൾ, അടിപ്പാതകൾ എന്നിവ വേണമെന്ന ആവശ്യങ്ങളാണ് നിരാകരിക്കപ്പെടുന്നത്.
ടെൻഡർ നടപടികൾ പൂർത്തിയായതിനാൽ ഇനി മാറ്റം വരുത്താനാവില്ലെന്നാണ് എൻ.എച്ച്.എ.ഐ അധികൃതർ പറയുന്നത്. നിർമാണം തുടങ്ങിയപ്പോൾ മാത്രമാണ് ജനങ്ങൾ അതിന്റെ ദൂഷ്യവശങ്ങൾ മനസ്സിലാക്കിയത്. അതോടെയാണ് മാറ്റം ആവശ്യപ്പെട്ട് ജനങ്ങൾ സംഘടിച്ച് സമരങ്ങളും പ്രതിഷേധവും തുടങ്ങിയത്. അതൊന്നും വകവക്കാതെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് എൻ.എച്ച്.എ.ഐ.
തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, കരുനാഗപ്പള്ളി ടൗണുകളെ നെടുകെ രണ്ടായി വിഭജിക്കും വിധമാണ് പാത നിർമാണം.ആലപ്പുഴ ജില്ലയിലെ കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, മലപ്പുറം ജില്ലയിലെ തലപ്പാറ, ചേളാരി, വെണ്ണിയൂർ, കൂക്കിപ്പറമ്പ് എന്നിവിടങ്ങളിലും ടൗണുകൾ വിഭജിക്കും. നാടിന്റെ പൊതുവികസനത്തിനു കൂടി ഉതകുന്നതാകണം റോഡ് എന്ന തത്ത്വം പാലിക്കാതെ നിർമാണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്.
ടൗണുകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വശങ്ങൾ കെട്ടി മണ്ണിട്ട് കോട്ടകൾപോലെ ഉയർത്തി അതിനു മുകളിലൂടെ റോഡ് നിർമിക്കുന്നതാണ് എൻ.എച്ച്.എ.ഐയുടെ നിലവിലെ പദ്ധതി രേഖ. ഇതനുസരിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണം തുടങ്ങിയതോടെയാണ് ജനങ്ങൾ ഇക്കാര്യമറിയുന്നത്.
ടൗണുകൾ വിഭജിക്കപ്പെടുന്നത് വ്യാപര മേഖലയെയും ജനങ്ങളുടെ സുഗമമായ സഞ്ചാരത്തെയും ദോഷകരമായി ബാധിക്കും. നീർത്തടങ്ങൾ അടയാനും മഴക്കാലത്തെ വെള്ളമൊഴുക്ക് തടസ്സപ്പെടാനും കാരണമാകും. ഭാവി വികസനം, പാർക്കിങ് സൗകര്യം എന്നിവക്കും തടസ്സമാകും. എന്നെല്ലാം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധമുയർത്തുന്നത്. മേൽപാലം വേണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. അതിനായി കൊട്ടിയത്ത് അനിശ്ചിതകാല നിരാഹാര സത്യഗ്രഹംവരെ നടക്കുന്നു.
കായംകുളത്തും സമരം ശക്തമാണ്. കോട്ടകൾ കെട്ടിയുയർത്തുന്നിടങ്ങളിൽ മറുവശം കടക്കാൻ നിർമിക്കുന്ന തുരങ്കങ്ങൾ വളരെ ഇടുങ്ങിയതാണെന്നും അവ രണ്ട് വലിയ വാഹനങ്ങൾ കടന്നുപോകുംവിധം വിസ്തൃതമാക്കണമെന്നും ആവശ്യമുയരുന്നു. ഇത്തരം ആവശ്യങ്ങളാന്നും പരിഗണിക്കാതെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് എൻ.എച്ച്.എ.ഐ.മേൽപാലങ്ങൾ നിർമിക്കുമ്പോൾ ചെലവ് ഗണ്യമായി വർധിക്കുമെന്നതാണ് തടസ്സമായി എൻ.എച്ച്.എ.ഐ പറയുന്നത്.
ആലപ്പുഴ: ഇന്ത്യൻ റോഡ് കോൺഗ്രസ് നിർദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് കേരളത്തിൽ ദേശീയപാത വികസനത്തിന് പദ്ധതിരേഖ തയാറാക്കിയതെന്ന് എൻ.എച്ച്.എ.ഐ അധികൃതർ. വാഹന ബാഹുല്യം റോഡിന്റെ വീതി, എത്രവരി പാത എന്നിവയെല്ലാം കണക്കാക്കി ദേശീയതലത്തിൽ തയാറാക്കിയതാണ് ഇന്ത്യൻ റോഡ് കോൺഗ്രസ് മാനദണ്ഡം. അതനുസരിച്ചാണ് കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കളിയിക്കാവിള വരെയുള്ള ദേശീയപാത 66ന്റെ നിർമാണം നടക്കുന്നത്.
ടെൻഡർ നൽകിക്കഴിഞ്ഞാൽ അതിൽ 30 ശതമാനത്തിലേറെ അധിക ചെലവ് വരുംവിധം മാറ്റംവരുത്താനാവില്ല. കോട്ടക്ക് പകരം പാലം നിർമിക്കുമ്പോൾ ഓരോന്നിനും നൂറുകോടിയിലേറെ രൂപയുടെ അധിക ചെലവ് വരും. കേരളത്തിലെ ജനസാന്ദ്രത അനുസരിച്ച് ആവശ്യമായ ഭേദഗതികൾ നിർദേശിക്കേണ്ടിയിരുന്നത് ഓരോയിടത്തും അന്തിമ പദ്ധതി രേഖ തയാറാകും മുമ്പായിരുന്നു.
സംസ്ഥാനത്ത് 24 റീച്ചുകളായാണ് ദേശീയപാത നിർമാണം നടക്കുന്നത്. ഇവിടങ്ങളിൽ ഓരോയിടത്തും കരട് റിപ്പോർട്ട് പ്രസിദ്ധീകരിച്ച് 10 മാസത്തോളം കഴിഞ്ഞാണ് അന്തിമ റിപ്പോർട്ട് തയാറാക്കിയത്. ഇതിനിടയിൽ ഭേദഗതികൾ നിർദേശിക്കാൻ അവസരമുണ്ടായിരുന്നു. അത് ചെയ്യേണ്ടിയിരുന്നത് സംസ്ഥാന സർക്കാറാണ്.
സംസ്ഥാന സർക്കാർ അതു സംബന്ധിച്ച് ജനപ്രതിനിധികളുടെ അഭിപ്രായം തേടുകയോ, ഭേദഗതികൾ നിർദേശിക്കുകയോ ചെയ്യാതിരുന്നതിനാലാണ് ഇപ്പോൾ പലയിടത്തും ജനജീവിതം വഴിമുട്ടുംവിധം ‘കോട്ട’കളുടെ നിർമാണത്തിന് ഇടയാക്കിയതെന്ന് വിമർശനം ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.