ആലപ്പുഴ: നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾക്കായി വകയിരുത്തിയ 1000 കോടിയിൽനിന്ന് ഒരു നിയോജക മണ്ഡലത്തിൽ ഏഴ് കോടി എന്ന നിരക്കിൽ ജില്ലയിലെ പദ്ധതികൾ തെരഞ്ഞെടുക്കുന്നതിന് കൃഷിമന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേർന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് മന്ത്രിതല യോഗം വിളിച്ചത്. ഓരോ നിയോജക മണ്ഡലത്തിൽനിന്ന് അതത് ജനപ്രതിനിധികൾ തെരഞ്ഞെടുക്കുന്ന ഏഴുകോടിയുടെ പദ്ധതിയാണ് അംഗീകരിക്കുകയെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.
18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണമെന്നത് നിബന്ധനയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതികൾക്ക് ഭൂമി ലഭ്യമാണോയെന്ന് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും കലക്ടറും ഉറപ്പാക്കണം. ഭൂമി ഏറ്റെടുക്കുന്നതിന് തീരെ ബുദ്ധിമുട്ടുള്ള പദ്ധതികൾ ഒഴിവാക്കാനും മന്ത്രി നിർദേശം നൽകി. എം.എൽ.എമാരായ ദലീമ ജോജോ, പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ്, എം.എസ്. അരുൺകുമാർ, കായംകുളം എം.എൽ.എയുടെ പ്രതിനിധി, കലക്ടർ അലക്സ് വർഗീസ്, സബ് കലക്ടർ സമീർ കിഷൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അരൂർ മണ്ഡലത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള പദ്ധതി ദലീമ ജോജോ എം.എൽ.എ മുന്നോട്ട് വെച്ചു. ആലപ്പുഴ മണ്ഡലത്തിൽ നെഹ്റുട്രോഫി സ്ഥിരം പവിലിയനും അമിനിറ്റി സെന്ററും നിർമിക്കുന്ന പദ്ധതി മുന്നോട്ട് പോയതായും എസ്റ്റിമേറ്റ് തയാറാക്കി വരുന്നതായും പി.പി. ചിത്തരജ്ഞൻ എം.എൽ.എ പറഞ്ഞു.
അമ്പലപ്പുഴ മണ്ഡലത്തിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഐ.പി ബ്ലോക്കിന്റെ ഭാഗമായ നിർമാണ പ്രവർത്തനമാണ് നടപ്പാക്കുകയെന്ന് എച്ച്. സലാം എം.എൽ.എ ചൂണ്ടിക്കാട്ടി. കുട്ടനാട് തേവർകാട്-വെള്ളാമത്ര റോഡ്, മുട്ടാർ റോഡ് ഉയർത്തൽ എന്നിവക്കാണ് തുക വിനിയോഗിക്കുകയെന്ന് തോമസ് കെ. തോമസ് എം.എൽ.എ പറഞ്ഞു.
ഹരിപ്പാട് മണ്ഡലത്തിൽ ഹരിതം ഹരിപ്പാട് രണ്ടാം ഘട്ടത്തിനാണ് തുക വിനിയോഗിക്കുക. മാവേലിക്കര മണ്ഡലത്തിൽ റോഡുകളുടെ നവീകരണമാണ് നടത്തുക. ചങ്ങംകുളങ്ങര-വാലുകുറ്റി റോഡ്, വെട്ടിയാർ-പള്ളിമുക്ക് റോഡ്, ഗുരുനാഥൻ കുളങ്ങര-കണ്ണനാകുഴി- പലയൂർ റോഡ് എന്നിവയാണ് ഉൾപ്പെടുത്തുകയെന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ പറഞ്ഞു.
കായംകുളത്ത് ജില്ല ഓട്ടിസം സെന്റർ, കുന്നത്താലും മൂട്-കൂട്ടും വാതിൽക്കടവ് റോഡ് എന്നിവയാണ് പരിഗണിക്കുക. ചെങ്ങന്നൂരിൽ മാന്നാർ ചെങ്ങന്നൂർ പൈതൃക ഗ്രാമ പദ്ധതിയാണ് നടപ്പാക്കുക.
നവകേരള സദസ്സ് അവസാനിക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും പരിഹരിക്കാതെ നിരുത്തരവാദപരമായ മറുപടി നൽകിയതിനെക്കുറിച്ച് ജനപ്രതിനിധികൾക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.
ഇക്കാര്യത്തിൽ അനാസ്ഥ കാട്ടുന്നത് സർക്കാറിനെ മനഃപൂർവം മോശമായി ചിത്രീകരിക്കാനുള്ള ശ്രമമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിൽ ലഭിച്ച പരാതികൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ യോഗം ഒരാഴ്ചക്കുള്ളിൽ വിളിക്കുമെന്നും യോഗത്തിൽ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.