ആലപ്പുഴ: മാസങ്ങൾ പിന്നിട്ട നെഹ്റുട്രോഫി വള്ളംകളിയുടെ ബോണസും സമ്മാനത്തുകയും ഉടൻ ലഭ്യമാക്കുമെന്ന് അധികൃതർ. ബുധനാഴ്ച വിതരണം ചെയ്യാനാകും. ടൂറിസം വകുപ്പിൽനിന്ന് പണം ട്രഷറിയിലേക്ക് കൈമാറിയതായാണ് വിവരം. തിങ്കളാഴ്ച ഡി.ടി.പി.സിയുടെ അക്കൗണ്ടിൽ എത്തും.
എന്നാൽ, ഇക്കാര്യത്തിൽ ബോട്ട് ക്ലബുകൾക്ക് ഉറപ്പുകളൊന്നും ലഭിച്ചട്ടില്ലെന്ന് ഉടമകൾ പറയുന്നു. തുക അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരള ബോട്ട് ക്ലബ് അസോസിയേഷന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി വേഗത്തിലായത്.
പുന്നമടക്കായലിൽ ആഗസ്റ്റ് 12നാണ് നെഹ്റുട്രോഫി വള്ളംകളി നടന്നത്. 19 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 72 വള്ളങ്ങളാണ് പങ്കെടുത്തത്. മത്സരത്തിൽ പങ്കെടുത്ത 65 ക്ലബുകൾക്കും കളിവള്ളങ്ങൾക്കും ബോണസും സമ്മാനതുകയും ഇനിയും നൽകിയിട്ടില്ല. ഇതോടെ ക്ലബുകൾ സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുകയാണ്. വള്ളങ്ങളുടെ അറ്റകുറ്റപ്പണിയും ടീം രൂപവത്കരിച്ച് വള്ളംകളിയിൽ പങ്കെടുക്കാൻ കടംവാങ്ങിയാണ് പലരും പണം കണ്ടെത്തിയത്.
തുഴച്ചിലുകാരെ കണ്ടെത്തി പരിശീലനത്തിനും മത്സരത്തിനുമായി ലക്ഷങ്ങളാണ് മുടക്കിയത്. ബോണസും സമ്മാനത്തുകയും നൽകണമെന്നാവശ്യപ്പെട്ട് നിരവധിതവണ സംഘാടകരെ സമീപിച്ചിട്ടും അനൂകൂല സാഹചര്യമുണ്ടാക്കാത്ത സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചത്. എന്നാൽ, തുകകിട്ടാനുള്ള സാഹചര്യം സൃഷ്ടിച്ചതോടെ സമരത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.