ആലപ്പുഴ: വിനോദസഞ്ചാരികളെ ആകർഷിക്കാൻ വള്ളംകളിയുടെ നാടായ ആലപ്പുഴയിൽ ഹൗസ്ബോട്ട് മാതൃകയിൽ പുതിയ ഇരുമ്പുപാലം ശനിയാഴ്ച നാടിന് സമർപ്പിക്കും.അമൃത് പദ്ധതിയിൽപെടുത്തി 55 ലക്ഷവും ആലപ്പുഴ നഗരസഭ വാർഷിക പദ്ധതിയിൽ 11 ലക്ഷവും വിനിയോഗിച്ച് നഗരത്തിൽ ഏറെ തിരക്കുള്ള കല്ലുപാലം-ഇരുമ്പുപാലം റോഡിലാണ് പുതിയപാലം.
കാഴ്ചയിൽ മനംകവരുന്ന പുതിയ പാലത്തിന്റെ നിർമിതിക്ക് പിന്നിലും കാലപ്പഴക്കത്താൽ ജീർണിച്ച് തുരുമ്പെടുത്ത പഴയ ഇരുമ്പുപാലമാണ്. വാണിജ്യതോടിന്റെ തെക്കും വടക്കും കരകളിൽനിന്നും പാലത്തിലേക്ക് കയറുന്ന ഭാഗത്ത് രണ്ട് ഹൗസ് ബോട്ടുകളുടെ മാതൃകയിലാണ് മേൽക്കൂര. ഇതിനായി എ.സി.പി ഷീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.
പഴയ പാലത്തിന് 10 മീറ്റർ കിഴക്കായുള്ള പുതിയ പാലത്തിലൂടെ കനാൽക്കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം സെൽഫി പോയന്റുമുണ്ട്. രാത്രിക്കാഴ്ചകൾക്ക് മികവേകാൻ മിന്നിത്തിളങ്ങുന്ന ലൈറ്റുകളുമുണ്ട്. ആളുകൾക്ക് അൽപനേരം തങ്ങാനുള്ള സ്ഥലവും ക്രമീകരിച്ചിട്ടുണ്ട്.ഇവിടെനിന്ന് നഗരദൃശ്യങ്ങളും സൂര്യാസ്തമയവും കാണാനാകും. പാട്ടുകേട്ട് ആസ്വദിക്കാൻ കഴിയുന്നവിധത്തിൽ എഫ്.എം റേഡിയോ സംവിധാനം പിന്നാലെയെത്തുമെന്ന് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
നഗരസഭ എൻജിനീയറിങ് വിഭാഗം വാസ്തുശിൽപികളുടെ സഹകരണത്തോടെയാണ് ഇരുമ്പുപാലത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ വ്യത്യസ്ത ‘നടപ്പാലം’ തീർത്തത്.ശനിയാഴ്ച ഉച്ചക്ക് 2.30ന് എ.എം. ആരിഫ് എം.പി ഉദ്ഘാടനം നിർവഹിക്കും. എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിക്കും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.