ആലപ്പുഴ: ഓണാഘോഷം അതിരുകടക്കാതിരിക്കാൻ മുൻകരുതലുമായി പൊലീസ്. സാമൂഹികവിരുദ്ധ പ്രവർത്തനം, അപകടങ്ങൾ എന്നിവ ഉണ്ടാകാതിരിക്കാൻ പ്രത്യേക പട്രോളിങ് സംഘത്തെ നിയോഗിച്ച് പരിശോധന കർശനമാക്കും. പൊലീസ് ജീപ്പിലും ബൈക്കുകളിലും ഫൂട്ട് പട്രോളിങ്ങിനും പൊലീസ് സംഘത്തെ നിയോഗിച്ചു. അപകടകരമായ വിധത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. ലൈസൻസ് സസ്പെൻഡ് ചെയ്യും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ ട്രാഫിക് പൊലീസിനെ പ്രധാന ജങ്ഷനുകളിൽ നിയോഗിക്കും.
ക്ലബുകളടക്കം നടത്തുന്ന ഓണാഘോഷ പരിപാടി പ്രത്യേകം നിരീക്ഷിക്കും. രാത്രി 10നുശേഷം മൈക്ക്സെറ്റ് പ്രവർത്തിപ്പിക്കാൻ പാടില്ല. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വരുന്നതിനാൽ ബാങ്കുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ മറ്റ് ധനകര്യസ്ഥാപനങ്ങള്‍, ബിവറേജ് ഔട്ട്ലറ്റുകള് എന്നിവ കേന്ദ്രീകരിച്ച് മോഷണം നടക്കാൻ സാധ്യതയുണ്ട്. ഇത്തരം സ്ഥാനപങ്ങളിൽ സുരക്ഷ വർധിപ്പിച്ച് സി.സി ടി.വി കാമറകളുടെ കാര്യക്ഷമത പരിശോധിക്കും.
അവധി ആഘോഷിക്കാൻ തുടർച്ചായി വീട് പൂട്ടിപ്പോകുന്നവർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം. എമർജൻസി നമ്പർ 112 സേവനം ഉപയോഗിക്കണം. തിരക്കേറിയ സ്ഥലങ്ങളിൽ പോക്കറ്റടി, ആഭരണ മോഷണം, സ്തീകളെ ശല്യപ്പെടുത്തല്‍ എന്നിവ തടയാൻ പിങ്ക് പട്രോളിങ്, വനിത ഹെൽപ് ലൈൻ, ഷാഡോ പൊലീസ് എന്നിവരുടെ സേവനം വിനിയോഗിക്കും. മയക്കുമരുന്ന്, വ്യാജമദ്യം, വാറ്റ്, അനധികൃത മദ്യശേഖരണവും വിതരണവും തടയും. ബിവറേജിൽനിന്ന് അളവിൽ കൂടുതൽ മദ്യം വാങ്ങുന്നവരെ പിടികൂടും.
റെയിൽവേ സ്റ്റേഷനുകളിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് പ്രത്യേക പരിശോധന നടത്തുന്നുണ്ട്. സ്ഫോടക വസ്തുക്കളും ലഹരി പദാർഥങ്ങളും കണ്ടെത്താൻ ആലപ്പുഴ K9 ഡോഗ് സ്ക്വാഡാണ് റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.