ആലപ്പുഴ: ജില്ലയിൽ വ്യാഴാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആവശ്യമെങ്കിൽ ക്യാമ്പുകൾ തുറക്കാൻ കലക്ടർ അലക്സ് വർഗീസ് നിർദേശം നൽകി. കലക്ടറേറ്റിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. കുടിവെള്ളം, ടോയ്ലെറ്റ് സൗകര്യങ്ങൾ, ഭക്ഷ്യസാധനങ്ങൾ, ഗ്യാസ്, പാത്രങ്ങൾ എന്നിവ ഉറപ്പുവരുത്താൻ തഹസിൽദാർമാർക്ക് നിർദേശം നൽകി.
അപകടകരങ്ങളായ വൃക്ഷങ്ങളും ശാഖകളും വെട്ടിമാറ്റാൻ നിർദേശിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട വെള്ളക്കെട്ടുകൾ അടിയന്തിരമായി നീക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. ഇത് തഹസിൽദാർമാർ പരിശോധിച്ച് ഉറപ്പുവരുത്തണം. അന്ധകാരനഴി പൊഴി മുറിക്കുന്നതിന് അടിയന്തിരഘട്ടം ഉണ്ടായാൽ ജോലി തുടങ്ങുന്നതിന് തയാറായിരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
തോട്ടപ്പള്ളി ഷട്ടറുകൾ കൃത്യമായി റെഗുലേറ്റ് ചെയ്യാനും പൊഴിമുഖം കൃത്യമായി തുറക്കാനും നടപടി സ്വീകരിക്കാൻ മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. പാണ്ടി, പെരുമാങ്കര, ഇരുപത്തിയെട്ടിൽക്കടവ് പാലങ്ങളുടെ താഴെ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ എല്ലാ ആഴ്ചയും വൃത്തിയാക്കാൻ നടപടി സ്വീകരിക്കണം. ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്ക് പരിധിയിൽ കടലിലേക്ക് തുറക്കപ്പെടുന്ന ചെറിയ പൊഴികൾ അടിയന്തിരമായി തുറക്കും. കിടപ്പ് രോഗികൾ, മറ്റ് തീവ്ര പരിചരണം ആവശ്യമുള്ള രോഗികൾ എന്നിവർക്ക് ആവശ്യമായ വൈദ്യ സഹായം നൽകുന്നതിന് ജില്ലയിലെ എല്ലാസർക്കാർ ആശുപത്രികളിലും കുറഞ്ഞത് അഞ്ച് കിടക്ക വീതം സജ്ജമാക്കും.
ജലഗതാഗതവകുപ്പിന്റെ വാട്ടർ ആംബുലൻസിലേക്ക് ആവശ്യമായ മെഡിക്കൽ ടീമിനെയും നിയോഗിക്കും. ബസുകൾ, ബോട്ടുകൾ എന്നിവ ഇന്ധനം നിറച്ച് ജീവനക്കാരെ സഹിതം സജ്ജമാക്കും. ടിപ്പർ, ടോറസ്, കുടിവെള്ള വിതരണത്തിന് ആവശ്യമായ ടാങ്കർലോറികൾ, ജെ.സി.ബി, ഹിറ്റാച്ചി തുടങ്ങിയവ ലിസ്റ്റ് (താലൂക്ക് തിരിച്ച്) ഓൺ കോളിൽ ലഭിക്കത്തക്കവിധം സജ്ജമാക്കും. മാലിന്യങ്ങൾ നീക്കാൻ ശുചിത്വ മിഷൻ നടപടിയെടുക്കും.
ആലപ്പുഴ: കനത്തമഴയിൽ അടിയന്തിര സാഹചര്യം നേരിടാൻ ആലപ്പുഴ നഗരസഭ ദ്രുതകർമസേനയുടെയും പ്രത്യേക കണ്ട്രോള് റൂമിന്റെയും പ്രവര്‍ത്തനം ആരംഭിച്ചു. തീരദേശ വാര്‍ഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പൊഴി കൃത്യസമയത്ത് മുറിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കി. പൊലീസ്, ഫയര്‍ഫോഴ്സ് സേവനങ്ങളും കോള്‍സെന്ററുമായി ഏകോപിപ്പിച്ചിട്ടുണ്ട്. ഫോൺ: 9188955147, 9747473253.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.