ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ഓരോ ദിവസവും കിടത്തിച്ചികിത്സ സൗകര്യം കുറയുന്നു. പുതിയ ഒ.പി ബ്ലോക്ക് സമുച്ചയം തുറക്കുന്നതും കാത്തിരിക്കുകയാണ് രോഗികളും ഡോക്ടർമാരും. കിഫ്ബി സഹായത്തോടെ 117 കോടി മുടക്കി പണിയുന്ന ഏഴുനില ഒ.പി ബ്ലോക്ക് നിർമാണം അവസാനഘട്ടത്തിലാണ്. കിടത്തിച്ചികിത്സക്ക് പുതിയകെട്ടിടം പണിയാൻ മാസ്റ്റർപ്ലാൻ സമർപ്പിച്ചിട്ടുണ്ടെങ്കിലും കാലതാമസം വരുമെന്നാണ് വിലയിരുത്തൽ.
നിലവിലെ പ്രതിസന്ധി മറികടക്കാൻ പുതിയ കെട്ടിടത്തിലേക്ക് രോഗികളെ മാറ്റാനുള്ള ആലോചനയും സജീവമാണ്. കാത്ത്ലാബും ഡയാലിസിസ് യൂനിറ്റും സ്ഥാപിക്കാൻ പുതിയ കെട്ടിടം പണിയാതെ നിലവിലെ വാർഡുകൾ ഏറ്റെടുത്തതാണ് മുഖ്യമായും പ്രശ്നമായത്.
കാത്ത് ലാബിന് മൂന്നുവാർഡും ഡയാലിസിസ് യൂനിറ്റിനായി രണ്ടുവാർഡും ഉൾപ്പെടെ അഞ്ച് വാർഡുകളാണ് നഷ്ടമായത്. ഇതോടെ മെഡിസിൻ വിഭാഗത്തിലും ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലും ചികിത്സതേടിയെത്തുന്ന രോഗികൾക്ക് കിടക്കാനുള്ള സൗകര്യം കുത്തനെ കുറഞ്ഞു. ഏത് രോഗത്തിന് ചികിത്സ തേടിയെത്തിയാലും ഒരേവാർഡിൽ കിടക്കേണ്ട അവസ്ഥയാണ്. ഇതുമൂലം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തീരാദുരിതമാണ്.
കിടക്കകളുടെ എണ്ണം കുറഞ്ഞതോടെ കിടത്തിച്ചികിത്സ വേണ്ടവരെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. വാർഡുകളുടെ സ്ഥലം ഏറ്റെടുത്ത് ഡയാലിസിസ് യൂനിറ്റ് പ്രവർത്തനം ആരംഭിച്ചെങ്കിലും കാത്ത് ലാബ് തുടങ്ങാനായിട്ടില്ല.
കെട്ടിടവും ജീവനക്കാരുമില്ലാത്തതിനാൽ ട്രോമകെയറിന്റെ സ്ഥിതിയും സമാനമാണ്. ഇതിനുള്ള ഉപകരണങ്ങൾ വാങ്ങിയിട്ട് വർഷങ്ങളായി. നിലവിലുള്ള കെട്ടിടത്തിൽ മാത്രമായി ജനറൽ ആശുപത്രിയുടെ വികസനം ഒതുങ്ങുകയാണ്. വികസനപദ്ധതികൾക്കായി പുതിയ കെട്ടിടം നിർമിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ തയാറാകാത്തതാണ് പ്രധാന പ്രശ്നം.
മെഡിക്കൽ കോളജ് വണ്ടാനത്തേക്ക് മാറ്റിയതോടെ നഗരത്തിലെ ചികിത്സ സംവിധാനത്തിലെ കുറവ് പരിഹരിക്കാൻ ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റിയായി ഉയർത്തുമെന്ന പ്രഖ്യാപനത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. പേരിൽ 400 കിടക്കയുണ്ടെങ്കിലും ഉപയോഗിക്കുന്നത് 120ൽ താഴെയാണ്. ബലക്ഷയം നേരിടുന്ന പഴയകെട്ടിടത്തിൽനിന്ന് ദിനംപ്രതി കിടത്തിച്ചികിത്സ അപ്രത്യക്ഷമാകുകയാണ്. മെഡിക്കൽ കോളജ് ആയിരുന്നപ്പോൾ ഉണ്ടായിരുന്ന 21 വാർഡിൽനിന്നും 10 വാർഡുകളാണ് അവശേഷിക്കുന്നത്. ഇതിൽ കെട്ടിടത്തിന്റെ ബലക്ഷയത്തിനൊപ്പം മേൽക്കൂര അടർന്നുവീണും പലവാർഡുകളിലും കിടത്തിച്ചികിത്സ ഇല്ലാതാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.