ആലപ്പുഴ: കടപ്പുറത്ത് ഒരു വർഷം പിന്നിട്ട നാവികസേനയുടെ 'പടക്കപ്പൽ' നോക്കുകുത്തി. ആലപ്പുഴ പൈതൃക പദ്ധതി തുറമുഖ മ്യൂസിയത്തിന്റെ ഭാഗമായി ബീച്ചിൽ പ്രത്യേകം സജ്ജമാക്കിയ പ്ലാറ്റ്ഫോമിലാണ് കപ്പൽ സ്ഥാപിച്ചത്.
ജനങ്ങൾക്ക് അകത്തുകയറി കാണാനുള്ള സംവിധാനം ഇനിയും ഒരുക്കിയിട്ടില്ല. 25 മീറ്റർ നീളവും 60 ടൺ ഭാരവുമുള്ള ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക് ടി -81) പടക്കപ്പലിന്റെ 'പടയോട്ടം' അവസാനിപ്പിച്ചത് 2021 ഒക്ടോബർ 21നാണ്. തുടർന്നാണ് ആലപ്പുഴയിലേക്ക് എത്തിച്ചത്. കപ്പൽ സ്ഥാപിച്ച് നാലുമാസത്തിനകം അകത്തുകയറി കാണാൻ സംവിധാനമുണ്ടാക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം.
കപ്പലിന്റെ ചരിത്രവും തനിമയും ചോരാതെ അകവും പുറവും ഭംഗിയാക്കി സഞ്ചാരികൾക്ക് കാണുന്നതിന് അത്യാധുനിക വെളിച്ച സംവിധാനങ്ങളും സംരക്ഷണത്തിന് ചുറ്റും കൈവരി തീർക്കാനുമാണ് പരിപാലനച്ചുമതലയുള്ള മുസ്രിസ് പ്രോജക്ട് ലിമിറ്റഡ് കമ്പനി തീരുമാനിച്ചിരുന്നത്.
ഇതിന് രൂപവത്കരിച്ച കമ്മിറ്റിയുടെ നിർദേശപ്രകാരം വെളിച്ച സംവിധാനം, പെയിന്റിങ്, കൈവരി എന്നിവക്കായി 20,62,694 രൂപയുടെ അംഗീകാരവും നൽകിയിരുന്നു. ഇൻകെൽ സമർപ്പിച്ച എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏപ്രിൽ 10നാണ് കമ്പനി അനുവാദം നൽകിയത്.
എന്നാൽ, ഇതുവരെയായിട്ടും ഇക്കാര്യത്തിൽ തുടർനടപടിയുണ്ടായില്ല. ഇതിനൊപ്പം കപ്പലിലേക്ക് ആളുകൾക്ക് കയറുന്നതിന് പടിക്കെട്ടുകൾ, ചുറ്റും പുൽത്തകിടികൾ, ബാരിക്കേഡുകൾ, സുരക്ഷാ ഓഫിസ്, ശൗചാലയങ്ങൾ അടക്കമുള്ളവ നിർമിക്കാനും മേൽപാലം വഴി കപ്പലിലേക്ക് കയറാനുള്ള സൗകര്യം ഒരുക്കാനും പദ്ധതിയുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി മാറിയതോടെ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ആലപ്പുഴ ബീച്ചിൽ എത്തുന്നത്. എന്നാൽ, വിനോദസഞ്ചാരമേഖലക്ക് ഉണർവേകുന്ന തരത്തിലേക്ക് കപ്പലിനെ ഇനിയും മാറ്റാനായിട്ടില്ല. കഴിഞ്ഞവർഷം സെപ്റ്റംബറിൽ മുംബൈയിൽനിന്ന് കടൽമാർഗം കൊച്ചിയിലേക്കും അവിടെനിന്ന് ജലമാർഗം തണ്ണീർമുക്കത്തേക്കും എത്തിച്ച് പ്രത്യേക വാഹനത്തിൽ റോഡുമാർഗമാണ് ആലപ്പുഴ കടപ്പുറത്ത് എത്തിച്ചത്. ചരിത്രനിമിഷത്തിന് സാക്ഷികളാകാൻ വൻ ജനക്കൂട്ടമാണ് അന്ന് എത്തിയത്. വലിയപുള്ളറിൽനിന്ന് വേർപെടുത്തുന്നത് മുതൽ ക്രെയിനിൽ ഉയർത്തി കടപ്പുറത്ത് സ്ഥാപിക്കുന്നതുവരെയുള്ള ഓരോ നിമിഷവും ഒപ്പിയെടുത്തും സെൽഫിയെടുത്തും ആർപ്പുവിളിച്ചും പടക്കം പൊട്ടിച്ചുമാണ് അവർ വരവേറ്റത്.
നാവികസേനയുടെ അതിവേഗ ആക്രമണക്കപ്പലുകളുടെ കൂട്ടത്തിൽ രണ്ടാമത്തേതായിരുന്നു ഇൻഫാക് ടി-81. 1999 ജൂൺ അഞ്ചിന് അന്നത്തെ ഗോവ ഗവർണർ ലെഫ്റ്റനന്റ് ജനറൽ ജെ.എഫ്.ആർ. ജേക്കബ് കമീഷൻ ചെയ്ത കപ്പലിൽ രണ്ട് ഓഫിസർമാരും 18 സെയിലർമാരുമാണുണ്ടായിരുന്നത്. മണിക്കൂറിൽ 45 നോട്ടിക്കൽ മൈൽ ആയിരുന്നു വേഗം. ഹ്രസ്വദൂര ശേഷിയുള്ള തോക്കുകൾ ഘടിപ്പിച്ചിരുന്നു. കുറഞ്ഞ സമയത്തിൽ കടലിലിറക്കാൻ കഴിയുന്ന വിധമാണ് നിർമാണം.
ശത്രുനിരീക്ഷണം, തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവയായിരുന്നു ചുമതലകൾ. നുഴഞ്ഞുകയറുന്ന ചെറുയാനങ്ങളെ അതിവേഗം തടയുമെന്നതാണ് പ്രത്യേകത. ആഴം കുറഞ്ഞ സ്ഥലങ്ങളിൽ സഞ്ചരിക്കാൻ പ്രത്യേകം രൂപകൽപന ചെയ്തതാണ് ഈ കപ്പൽ. 2021 ജനുവരി 28ന് മുംബൈ നേവൽ ഡോക്ക്യാർഡിൽവെച്ചാണ് കപ്പൽ ഡി കമീഷൻ ചെയ്തത്. എൻജിൻ റൂം, ആഫ്റ്റ് (പിൻഭാഗം) ക്രൂ കമ്പാർട്ട്മെന്റ്, ക്യാപ്റ്റൻസ് കാബിൻ, ലിവിങ് ഏരിയ, ഫോർവേഡ് (മുൻഭാഗം), ക്രൂ കമ്പാർട്ട്മെന്റ് എന്നിവയാണ് പ്രധാന ഭാഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.