കടൽക്ഷോഭ ദുരിതത്തിന് പരിഹാരമാകുമെന്ന്
പ്രതീക്ഷ
ആറാട്ടുപുഴ: കടൽക്ഷോഭത്തിന്റെ കൊടിയ ദുരിതങ്ങൾ പേറുന്ന പെരുമ്പള്ളി, വലിയഴീക്കൽ ഭാഗങ്ങളിൽ തീരസംരക്ഷണം ഉടൻ സാധ്യമാകുമെന്ന് പ്രതീക്ഷ.
അടുത്തിടെയുണ്ടായ കടൽക്ഷോഭത്തിൽ വലിയഴീക്കൽ -തൃക്കുന്നപ്പുഴ തീരദേശ റോഡ് മണ്ണിനടിയിലാവുകയും ദിവസങ്ങളോളം ഗതാഗതം മുടങ്ങുകയും ചെയ്തിരുന്നു. ചെറുതായി കടലിളകിയാൽപോലും ഗതാഗതം മുടങ്ങുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ഇവിടെ കടൽഭിത്തി പേരിനുപോലും നിലവിലില്ല. റോഡിൽ അടിഞ്ഞ മണൽ നീക്കാനുള്ള പൊതുമരാമത്തിന്റെ നീക്കം നാട്ടുകാർ തടഞ്ഞിരുന്നു. തീരസംരക്ഷണത്തിന് നടപടിയാകാതെ മണ്ണ് നീക്കം അനുവദിക്കില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. നടപടിയെടുക്കാമെന്ന അധികാരികളുടെ ഉറപ്പിലാണ് സമരം അവസാനിച്ചത്.
പ്രതിഷേധങ്ങളെ തുടർന്നാണ് തീരം സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി കൈക്കൊണ്ടത്. പെരുമ്പള്ളി, വലിയഴീക്കൽ ഭാഗങ്ങളിലെ തീരസംരക്ഷണത്തിന് ജിയോ ബാഗ് സ്ഥാപിക്കാൻ 78.85 ലക്ഷം രൂപയുടെ പദ്ധതിക്ക് ടെൻഡർ നടപടികൾ ആരംഭിച്ചതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. പ്രദേശത്തിന്റെ നിലവിലെ അവസ്ഥ പരിഗണിച്ച് വിളിച്ച ഷോർട്ട് ടെൻഡർ 17ന് തുറക്കും. നടപടികൾ പൂർത്തിയായാലുടൻ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ചെന്നിത്തല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.