ആലപ്പുഴ: ചേർത്തല, വയലാർ പ്രദേശങ്ങളിലെ വീടുകളിൽ പാചകത്തിനായി പ്രകൃതിവാതകം (പി.എൻ.ജി) എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് നടപടി പൂർത്തിയാകുന്നു. ഒരുമാസത്തിനകം കൊടുത്തുതുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എ.ജി ആൻഡ് പി അധികൃതർ പറഞ്ഞു.
ചേർത്തല നഗരസഭയിൽ 4000, വയലാർ പഞ്ചായത്തിൽ 2500 എന്നിങ്ങനെ കുടുംബങ്ങളാണ് ഇതുവരെ അപേക്ഷിച്ചത്. ഇവിടങ്ങളിലേക്ക് പൈപ്പിട്ട് മീറ്റർ സ്ഥാപിച്ചുകഴിഞ്ഞു. സ്റ്റൗവിന്റെ നോസിൽ ഉൾപ്പെടെ മാറ്റുന്ന ചെറിയ ജോലികളേ അവശേഷിക്കുന്നുള്ളൂ. എൽ.പി.ജിക്ക് ഉപയോഗിക്കുന്ന സ്റ്റൗ ഇതിന് ഉപയോഗിക്കാൻ പറ്റില്ല. ആളുകൾക്ക് രണ്ടു സ്റ്റൗ ഉപയോഗിക്കുകയോ പൂർണമായി പി.എൻ.ജിയിലേക്ക് മാറുകയോ ചെയ്യാം. തങ്കിക്കവലയിൽ ദേശീയപാതയുടെ സമീപത്ത് എൽ.സി.എൻ.ജി സ്റ്റേഷൻ (ദ്രവീകൃത പ്രകൃതിവാതകം വാതകമാക്കി മാറ്റുന്നയിടം) പൂർത്തിയായി. ഇവിടെനിന്ന് ട്രക്കുകളിൽ സി.എൻ.ജി കൊടുത്തുതുടങ്ങിയിട്ടുണ്ട്. മറ്റു വാഹനങ്ങൾക്കുള്ളത് 10 ദിവസത്തിനകം കൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കമ്പനി പ്രതിനിധികൾ വീടുകളിലെത്തിയാണ് സ്റ്റൗ മാറ്റുന്നത്. ദിവസേന 10-20 വീടുകളിൽ കണക്ഷൻ നൽകാനാകും. നേരത്തേ കളമശ്ശേരിയിൽനിന്നാണ് ഗ്യാസ് എത്തിച്ചിരുന്നത്.
ഇനി തങ്കിക്കവലയിൽനിന്ന് വിതരണം ചെയ്യാനാകും. തിരുവനന്തപുരത്തെ എൽ.സി.എൻ.ജി സ്റ്റേഷനും പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വീടുകളിൽ സി.എൻ.ജി എത്തിക്കുന്ന ചുമതല സിങ്കപ്പൂർ ആസ്ഥാനമായ എ.ജി ആൻഡ് പി എന്ന കമ്പനിക്കാണ്. എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ഇന്ത്യൻ ഓയിൽ കോർപറേഷനും അദാനി ഗ്രൂപ്പും ചേർന്നുള്ള കമ്പനിയാണ് (ഐ.ഒ.എ.ജി.പി.എൽ) ഇത് ചെയ്യുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ ചുമതല ഷോല ഗാസ്കോ ലിമിറ്റഡ് എന്ന കമ്പനിക്കാണ്. പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പി.എൻ.ജി.ആർ.ബി)യാണ് മത്സരാധിഷ്ഠിത ലേലത്തിലൂടെ അവകാശം കമ്പനികൾക്ക് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.