മണ്ണഞ്ചേരി: അന്തർ സംസ്ഥാന തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകനെ പൊലീസ് മർദിച്ച സംഭവം വിശദമായി അന്വേഷിക്കുമെന്ന് ശിശുക്ഷേമ സമിതിയും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഉന്നതാധികാരികൾക്ക് കത്തയച്ചതായി സ്കൂൾ അധികൃതരും പറഞ്ഞു.
വെള്ളിയാഴ്ചയാണ് കുട്ടിക്ക് സ്റ്റേഷനിൽവെച്ച് മർദനമേറ്റതായി പരാതി ഉണ്ടായത്. കൈക്ക് സാരമായി പരിക്കേറ്റ വിദ്യാർഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം വിദ്യാർഥി ഓടിച്ച ഇലക്ട്രിക് സ്കൂട്ടർ ഇടിച്ച് പെൺകുട്ടിക്ക് പരിക്കേറ്റതുമായി ബന്ധപ്പെട്ട പരാതിയിലാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് വിവരം. എന്നാൽ, പരാതി നേരത്തേ ഒത്തുതീർപ്പായതാണെന്ന് വീട്ടുകാർ പറയുന്നു. സ്കൂട്ടർ തിരികെ ആവശ്യപ്പെട്ട് വിദ്യാർഥി സ്വയം സ്റ്റേഷനിൽ എത്തിയതാണെന്നും തുടർന്ന് മാതാവിനെ വിളിച്ചുവരുത്തി കൂടെ വിട്ടയക്കുകയാണ് ഉണ്ടായതെന്നുമാണ് സി.ഐ ജെ. നിസാമുദ്ദീൻ പറയുന്നത്.
മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് മർദനത്തിന് ഇരയായത്. സ്കൂൾ പി.ടി.എ പ്രസിഡന്റ് സി.എച്ച്. റഷീദും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും കുട്ടിയുടെ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.