അനധികൃത ഹൗസ് ബോട്ടുകൾക്ക് പൂട്ടിടാൻ തുറമുഖ വകുപ്പ്

ആലപ്പുഴ: പിടികൊടുക്കാതെ ആലപ്പുഴയില്‍ അനധികൃത ഹൗസ്ബോട്ടുകളുടെ സഞ്ചാരം. കോവിഡിന്‍റെ ഇളവ് മുതലെടുത്ത് രജിസ്ട്രേഷനും ലൈസൻസുമില്ലാതെ കായൽയാത്ര നടത്തുന്ന ഹൗസ്ബോട്ടുകൾ പിടിച്ചെടുക്കാൻ തുറമുഖ വകുപ്പിന്‍റെ കർശന നിർദേശം.

രജിസ്ട്രേഷൻ നടപടികളോട് സഹകരിക്കാത്ത ഉടമകളുടെ ബോട്ടുകൾ പൊലീസ് സഹായത്തോടെയാകും പിടിച്ചെടുക്കുക.

വിനോദസഞ്ചാരികൾ എത്തുന്ന ഡി.ടി.പി.സിയുടെ ആലപ്പുഴ പുന്നമട ഫിനിഷിങ് പോയന്‍റ്, പള്ളാത്തുരുത്തി എന്നിവിടങ്ങളിലെ കൗണ്ടറുകളിൽനിന്ന് അനധികൃത ഹൗസ്ബോട്ടുകൾക്കും ശിക്കാരവള്ളങ്ങൾക്കും ബോർഡിങ് പാസ് നൽകരുതെന്ന നിർദേശം നൽകിയിട്ടുണ്ട്.

അനധികൃത സർവിസ് നടത്തുന്ന ഹൗസ് ബോട്ടുകള്‍ ഹാജരാക്കണമെന്ന തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശത്തോട് സഹകരിക്കാൻ ഭൂരിഭാഗം ഉടമകളും തയാറായില്ല. ഈ സാഹചര്യത്തിലാണ് പിടിച്ചെടുക്കൽ നടപടി വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചത്. കെ.ഐ.വി രജിസ്ട്രേഷൻ, ഇൻഷുറൻസ്, പൊലൂഷൻ, സർവേ അടക്കമുള്ള സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത ഹൗസ്ബോട്ടുകൾ ഓടാൻ അനുവദിക്കില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ മാനദണ്ഡം പാലിക്കാതെ മാലിന്യം കായലിലേക്ക് ഒഴുക്കുന്നുണ്ട്. ഹൗസ് ബോട്ടുകൾക്കുള്ള രജിസ്ട്രേഷനും ലൈസൻസും ഓൺലൈൻ വഴിയാക്കിട്ടും ഉടമകളുടെ സഹകരണമില്ലെന്നാണ് തുറമുഖ വകുപ്പ് അധികൃതർ പറയുന്നത്.

കോവിഡ് മൂന്നാം തരംഗത്തിന്‍റെ ഇളവിൽ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് അടക്കമുള്ളവ ബാധകമല്ലാത്തതിനാൽ കുടുംബസമേതമുള്ള സഞ്ചാരികളാണ് ഏറെയും എത്തുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളിലായി 1200 ഹൗസ്ബോട്ടുകൾ സർവിസ് നടത്തുന്നതായാണ് അനൗദ്യോഗിക കണക്ക്. ഇവയിൽ ഭൂരിഭാഗവും രജിസ്ട്രേഷനും ലൈസൻസുമില്ലാതെയാണ് ഓടുന്നത്. പ്രളയവും കോവിഡുമെല്ലാം കവർന്നെടുത്ത സീസൺ തിരിച്ചുപിടിക്കാൻ ഹൗസ്ബോട്ടുകളും ശിക്കാരവള്ളങ്ങളും സഞ്ചാരികളെ ആകർഷിക്കാൻ പ്രത്യേക പാക്കേജുകളും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ആഭ്യന്തര ടൂറിസ്റ്റുകൾ കൂടുതലായും എത്തുന്ന മാർച്ച് മുതൽ ജൂൺ വരെ സീസൺ മുന്നിൽകണ്ട് മുഖംമിനുക്കിയാണ് ഹൗസ്ബോട്ടുകൾ കായലോരത്ത് നങ്കൂരമിട്ടത്.

വേമ്പനാട്ട് കായലിൽ ഹൗസ്ബോട്ടിന് തീപിടിച്ച് സഞ്ചാരികൾ അദ്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിന് പിന്നാലെ സുരക്ഷ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലൂം പരിശോധനകൾക്ക് കോവിഡ് പ്രധാന തടസ്സമായി.

Tags:    
News Summary - Ports Department to lock up illegal houseboats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.